ലോകം മറക്കാത്ത പാട്ടിന്റെ ദൃശ്യവിസ്മയം
Sunday, May 21, 2023 2:26 AM IST
ആൽപ്സ് പർവതശിഖരങ്ങളുടെ ഓരത്ത് സാൽസ്ബർഗ് എന്ന ഓസ്ട്രിയൻ പട്ടണം പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമാണ്. സംഗീത ചക്രവർത്തിയായിരുന്ന മൊസാർട്ടിന്റെ ജന്മനാട് എന്ന നിലയിലാണ് ജർമൻകാരും ഓസ്ട്രിയക്കാരും സാൽസ്ബർഗിനെ ഇഷ്ടപ്പെടുന്നതെങ്കിലും യൂറോപ്പിനു പുറത്തുനിന്നുള്ള സഞ്ചാരികളുടെ മനസിൽ ഇത് സൗണ്ട് ഓഫ് മ്യൂസിക് എന്ന വിഖ്യാത സിനിമ ചിത്രീകരിച്ച സ്ഥലമായാണ് ഇടം നേടിയത്.
1965 ൽ ലോകമെന്പാടുമുള്ള ചലച്ചിത്ര പ്രേമികൾക്ക് ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കി അഞ്ച് ഓസ്കർ അവാർഡുകളും ഒപ്പം ബോക്സ് ഓഫീസിൽ വൻ വിജയവും നേടി അഞ്ചു പതിറ്റാണ്ടു കഴിഞ്ഞിട്ടും പ്രേക്ഷകർ ആഘോഷിക്കുന്ന ക്ലാസിക്കാണ് സൗണ്ട് ഓഫ് മ്യൂസിക്. ഹോളിവുഡ് സിനിമയുടെ സുവർണകാലത്തിന്റെ ഉച്ചസ്ഥായിയെ അടയാളപ്പെടുത്തുന്ന പ്രമുഖ ചിത്രങ്ങളിലൊന്നാണിത്. ഗായികയും നടിയുമായ ജൂലി ആൻഡ്രൂസിനെ ലോകം ഓർക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ഒപ്പം ക്രിസ്റ്റഫർ പ്ലമ്മറും.
സൗണ്ട് ഓഫ് മ്യൂസിക്കിന്റെ പശ്ചാത്തലം രണ്ട് ലോകയുദ്ധങ്ങൾക്കിടയിലുള്ള യൂറോപ്പിന്റെ സാഹചര്യങ്ങളാണ്. അനാഥയായി കന്യാസ്ത്രീമഠത്തിൽ വളർന്ന ഒരു പെണ്കുട്ടിയുടെയും അവളുടെ നേതൃത്വത്തിൽ പിൽക്കാലത്ത് പ്രസിദ്ധമായിത്തീർന്ന ട്രാപ് ഫാമിലി സിംഗേഴ്സ് എന്ന സംഗീത കുടുംബത്തിന്റെയും കഥ.
അനാഥാലയത്തിൽനിന്ന് സന്യാസിനായാകാൻ ആഗ്രഹിച്ച് കന്യകാലയത്തിൽ ചേർന്ന മരിയ ഏറെ താമസിയാതെ വിഭാര്യനും പത്തുമക്കളുടെ പിതാവുമായ ക്യാപ്റ്റൻ ജോർജ് ഫോണ്ടോപ്പിന്റെ മക്കളുടെ പരിശീലകയായി നിയോഗിക്കപ്പെട്ടു. തന്റെ കുട്ടികൾക്ക് ഏറെ പ്രിയങ്കരിയായ മരിയയോട് ക്യാപ്റ്റൻ വിവാഹാഭ്യർഥന നടത്തുകയും മഠാധിപയുടെ അനുഗ്രഹത്തോടെ മരിയ ഫോണ് ട്രാപ് കുടുംബത്തിന്റെ അമ്മയും സംഗീത ട്രൂപ്പിന്റെ നായികയുമായി. ഫാ. ഫ്രിൻസ് വാസ്നർ എന്ന സംഗീത പരിശീലകൻ ഫോണ്ട്രാപ്പ് ക്വയറിനെ യൂറോപ്പിലെ അറിയപ്പെടുന്ന ഗായക സംഘമാക്കി വളർത്തി.
യൂറോപ്പ് രണ്ടാം ലോകയുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കാലത്ത് യൂറോപ്പിൽ പര്യടനത്തിലായിരുന്ന ഫോണ്ട്രാപ്പ് കുടുംബം ഓസ്ട്രിയ ഹിറ്റ്ലർ പിടിച്ചെടുത്ത സാഹചര്യത്തിൽ 1938ൽ അമേരിക്കയിലേക്ക് പോയി. അവിടെ സംഘം സംഗീതം ജീവിതമാർഗമാക്കി കഴിഞ്ഞു. ഇംഗ്ലണ്ടിൽ വെസ്റ്റ് എൻഡ് തിയറ്ററിലും ന്യൂയോർക്കിലെ ബ്രോഡ് വേയടക്കം പലയിടങ്ങളിലും സംഗീത സദസുകൾ അവതരിപ്പിച്ചു. യുദ്ധകാലം കഴിഞ്ഞപ്പോൾ ഓസ്ട്രിയയിൽ കെടുതികൾക്ക് ഇരയായവർക്ക് ട്രാപ് ഫാമിലി ഓസ്ട്രിയൻ റിലീഫ് എന്ന പേരിൽ സംഗീത സംഗീത പര്യടനം വഴി സഹായനിധി സംഭരിച്ച് ജീവകാരുണ്യ പ്രവർത്തനവും നടത്തി. രണ്ട് പതിറ്റാണ്ടിന്റെ സംഗീത സപര്യയുടെ അവസാനത്തിൽ വെർമണ്ടിൽ കോർയൂനം എന്ന പേരിൽ അറിയപ്പെടുന്ന എസ്റ്റേറ്റിൽ സ്ഥിരതാമസവുമാക്കി.
ഇതിനിടയിൽ സ്നേഹിതയുടെ നിർബന്ധത്തിന് വഴങ്ങി മരിയ ഫോണ്ട്രാപ്പ് ദ സ്റ്റോറി ഓഫ് ദ ട്രാപ്പ് ഫാമിലി സിംഗേഴ്സ് എന്ന പേരിൽ തന്റെ ഓർമക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു. ശ്രദ്ധേയമായ ഈ കഥയെ അധികരിച്ച് 1956ലും 58ലും രണ്ട് ജർമൻ ചലച്ചിത്രങ്ങൾ നിർമിക്കപ്പെട്ടു. 1959ൽ ഈ കുടുംബകഥ ബ്രോഡ്വെയിൽ സംഗീത നാടകമായി അവതരിപ്പിക്കപ്പെട്ടത് വൻവിജയമായിരുന്നു. 1443 തവണ അവതരിപ്പിക്കപ്പെട്ട നാടകം ഹോളിവുഡ് ഏറ്റെടുത്തു. അങ്ങനെയാണ് 1965ൽ സൗണ്ട് ഓഫ് മ്യൂസിക് അവതരിപ്പിക്കപ്പെട്ടത്.
റോബർട്ട് വൈസിന്റെ സംവിധാനത്തിൽ റിച്ചാഡ് റോഡ്ജേഴ്സ്, ഓസ്കർ ഹാമർസ്റ്റീൽ ദ്വയം ഒരുക്കിയ ഗാനങ്ങളുമായി ഇറങ്ങിയ ഈ ചിത്രം സെഞ്ച്വറി ഫോക്സാണ് വിതരണം ചെയ്തത്. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും ചിത്രം വൻവിജയം നേടി. മുൻപൊരു ഹോളിവുഡ് സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത സമ്മതി നേടി ചരിത്രം സൃഷ്ടിച്ചു.
മൂന്നു മണിക്കൂർ കഥയിൽ മുഖ്യഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് സാൽസ്ബർഗിലും പരിസര പ്രദേശങ്ങളിലുമാണ്. അതേസമയം യഥാർഥ ജീവിതകഥയിൽ ഹോളിവുഡ് സിനിമയുടെ പ്രത്യേകിച്ച് മ്യൂസിക്കൽ ഇനത്തിൽ വരുന്ന ചിത്രം എന്ന നിലയിൽ കഥാപാത്രങ്ങൾക്കും സന്ദർഭങ്ങൾക്കും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നതും മറന്നുകൂടാ. ഇതേപ്പറ്റി ട്രാപ് കുടുംബം തന്നെയും പരാതിപ്പെട്ടിട്ടുണ്ട്. ഫോണ്ട്രാപ് കുടുംബത്തിന്റെ കഥ 2015ൽ വീണ്ടും ദ ഫോണ്ട്രാപ് ഫാമിലി എ ലൈഫ് ഓഫ് മ്യൂസിക് എന്ന പേരിൽ ചലച്ചിത്രമാക്കുകയുണ്ടായി.
ജിജി ജോസഫ് കൂട്ടുമ്മേൽ