അതിമൃദുലമായ പട്ടുപോലുള്ള ഓർക്കസ്ട്രേഷൻ.., അതിനൊപ്പം ഗായകന്റെ ഗാംഭീര്യമുള്ള പരുഷമായ സ്വരം... ഇതു രണ്ടും ചേർന്നൊരുക്കുന്ന സുന്ദരമായ ഹാർമണി. 1955ൽ നാഷ്വില്ലിയിൽനിന്നു പുറപ്പെട്ട് ഏതാണ്ട് ലോകമെങ്ങുമെത്തിയ പ്രിയപ്പെട്ട പാട്ടുകൾ. കണ്ട്രി മ്യൂസിക് രംഗത്തെ ഇന്റർനാഷണൽ അംബാസഡറായി മാറിയ ഏറ്റവും വലിയ താരം. അതായിരുന്നു ജിം റീവ്സ്. അമേരിക്കയിലും യൂറോപ്പിലും ഹിറ്റ് ചാർട്ടുകളുടെ മുകൾത്തട്ടിൽ അയാളുടെ പാട്ടുകൾ മാറാതെ ഇടംപിടിച്ചിരുന്നു. നിർഭാഗ്യം ഒരു ഭ്രാന്തൻ ഇടിമിന്നലായെത്തി അയാളുടെ വിമാനം തകർത്തെറിയുംവരെ..
ജൂലൈ 31 വെള്ളി, 1964
അന്നായിരുന്നു ആ അവസാന ഫ്ളൈറ്റ്. ബിസിനസ് പാർട്ണറും മാനേജരും പിയാനിസ്റ്റുമായ ഡീൻ മാനുവലിനൊപ്പം അർക്കൻസാസിലെ ബാറ്റ്സ്വില്ലിയിൽനിന്ന് നാഷ്വിലല്ലിയിലേക്കു മടങ്ങുകയായിരുന്നു ജിം റീവ്സ്. ഒറ്റ എൻജിനുള്ള ബീച്ച്ക്രാഫ്റ്റ് ഡെബണയർ എന്ന ചെറുവിമാനം പറപ്പിച്ചിരുന്നത് റീവ്സ് തന്നെ.
ബ്രെന്റ്വുഡിനു മുകളിലൂടെ പറക്കുന്നതിനിടെ അതിഭയാനകമായൊരു ഇടിമിന്നൽപ്രളയമെത്തി, വിമാനത്തിൽ പതിച്ചു. റീവ്സിനു വിമാനത്തിന്റെ സ്ഥാനവും ചലനവും തിരിച്ചറിയാനാവാത്തവിധം കാഴ്ച മറഞ്ഞു. മിന്നൽപ്പേമാരിയിൽനിന്നു രക്ഷപ്പെടാൻ ഉയർന്നു പറക്കാൻ ശ്രമിക്കുന്നതിനിടെ വിമാനം കീഴ്മേൽ സഞ്ചരിച്ചുതുടങ്ങി. എയർ ട്രാഫിക് കണ്‍ട്രോളിൽനിന്നുള്ള നിർദേശത്തിനു വിപരീതമായി റീവ്സ് വിമാനം തിരിച്ചത് മഴയുടെ കേന്ദ്രത്തിലേക്കായിരുന്നു. നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള റീവ്സിന്റെ ശ്രമങ്ങൾ ഫലംകണ്ടില്ല. വേഗം കുറഞ്ഞ്, താഴ്ന്ന് പ്രാദേശിക സമയം വൈകിട്ട് 4.52ന് ആ ചെറുവിമാനം തകർന്നുവീണു.
ഏതാണ്ടു രണ്ടു ദിവസത്തെ തെരച്ചിലിനു ശേഷമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായത്. വീഴ്ചയുടെ കനത്ത ആഘാതത്താൽ വിമാനത്തിന്റെ മൂക്കും എൻജിനും നിലത്തു പുതഞ്ഞുപോയ നിലയിലായിരുന്നു. റീവ്സ് ഇറങ്ങാൻ നിശ്ചയിച്ചിരുന്ന നാഷ്വിൽ ഇന്റർനാഷണൽ എയർപോർട്ടിനു തെക്കുപടിഞ്ഞാറായിരുന്നു ദുരന്തം.
ഓഗസ്റ്റ് രണ്ടിനു രാവിലെ റീവ്സിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള പല സംഘങ്ങൾ നടത്തിയ തെരച്ചിലിലാണ് രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തിയത്. രാജ്യമെങ്ങുമുള്ള റേഡിയോ നിലയങ്ങൾ റീവ്സിന്റെ മരണവാർത്ത പ്രക്ഷേപണം ചെയ്തുതുടങ്ങിയതോടെ പതിനായിരക്കണക്കിന് ആരാധകർ അദ്ദേഹത്തിന്റെ അന്ത്യയാത്രയ്ക്കായി ഒഴുകിയെത്തി. ടെക്സാസിലെ കാർത്തേജിൽ ജിം റീവ്സിന് അന്ത്യവിശ്രമമൊരുങ്ങി...
ബേസ്ബോളിൽനിന്ന് പാട്ടിലേക്ക്
ബേസ്ബോൾ കളിക്കാരനാവാൻ ആഗ്രഹിച്ച്, സൈനികനാകാൻ ശ്രമിച്ച് പരാജയപ്പെട്ട്, റേഡിയോ അനൗണ്‍സറായി, പിന്നെ പാട്ടുകാരനാവുകയായിരുന്നു ജിം റീവ്സ്. അനൗണ്സറായിരിക്കേ പ്രക്ഷേപണം ചെയ്യുന്ന ഗാനങ്ങൾക്കിടയിൽ ലൈവ് ആയി പാടുമായിരുന്നു അദ്ദേഹം. അതിനിടെ ടെക്സാസിലെ ചെറിയ റെക്കോഡിംഗ് കന്പനികളുമായി കരാറായെങ്കിലും ഒന്നും വിജയിച്ചില്ല.
കണ്ട്രി, വെസ്റ്റേണ്‍ സ്വിംഗ് ഗായകരായ ജിമ്മി റോഡ്ജേഴ്സ്, മൂണ്‍ മുള്ളികാൻ, ജനപ്രിയ ഗായകരായ ബിംഗ് ക്രോസ്ബി, എഡ്ഡി ആർനോൾഡ്, ഫ്രാങ്ക് സിനാട്ര തുടങ്ങിയവരുടെ ആരാധകനായിരുന്നു റീവ്സ്. നാല്പതുകളുടെ ഒടുവിൽ സോളോ ആർട്ടിസ്റ്റായി മൂണ്‍ മുള്ളികാന്റെ ബാൻഡിൽ ചേർന്നത് വഴിത്തിരിവായി. അറുപതുകളുടെ തുടക്കത്തിലാണ് ലോകമെന്പാടും ആരാധകരുള്ള ഗായകനായി റീവ്സ് മാറിയത്.
അവസാന റിക്കാർഡിംഗ്
ജിം റീവ്സ് അവസാനം പാടി റെക്കോഡ് ചെയ്ത പാട്ടുകളുടെ വരികളുടെ തുടക്കം അല്പം ചിന്തിപ്പിക്കുന്നവയാണ്. 1964 ജൂലൈ രണ്ടിന് ആർസിഎ വിക്ടർ റെക്കോഡിംഗ് കന്പനിക്കായി മൂന്നു പാട്ടുകളാണ് റെക്കോഡ് ചെയ്തത്. മേക് ദ വേൾഡ് ഗോ എവേ.., മിസിംഗ് യൂ.., ഇസ് ഇറ്റ് റിയലി ഓവർ?.. എന്നിവയായിരുന്നു അവ. ഇതു മൂന്നും പൂർത്തിയായിട്ടും മുന്‍പു നിശ്ചയിച്ച ഷെഡ്യൂളിൽ അല്പം സമയംകൂടി ബാക്കിയുണ്ടായിരുന്നു. അങ്ങനെ ഐ കാണ്ട് സ്റ്റോപ് ലവിംഗ് യൂ.. എന്നൊരു പാട്ടുകൂടി റീവ്സ് റെക്കോഡ് ചെയ്തു. ആർസിഎയ്ക്കു വേണ്ടിയുള്ള അവസാനഗാനം. അല്ലെങ്കിലും ആർക്കാണ് റീവ്സിനെ സ്നേഹിക്കാതിരിക്കാനാവുക!
പിന്നീട്, മരണത്തിന് ഏതാനും നാളുകൾമാത്രം മുന്‍പ് ഒരു പാട്ടുകൂടി റീവ്സ് പാടി. വീട്ടിലെ സ്റ്റുഡിയോയിൽ റെക്കോഡ് ചെയ്ത ആ ഗാനത്തിന്റെ തുടക്കം ഐ ആം എ ഹിറ്റ് എഗെയ്ൻ എന്നായിരുന്നു.
ആ വരികൾ പറയുന്നതുപോലെ റീവ്സിന്റെ പാട്ടുകൾ അദ്ദേഹത്തിന്റെ മരണശേഷവും ഹിറ്റുകളായി. റിലീസ് ചെയ്യാത്ത ട്രാക്കുകളും പഴയ ഗാനങ്ങളും ഉൾപ്പെടുത്തി ഭാര്യ മേരി വൈറ്റ് പുറത്തിറക്കിയ ആൽബങ്ങൾ ഹൃദയപൂർവം സ്വീകരിക്കപ്പെട്ടു.
നാല്പതാം വയസിലായിരുന്നു റീവ്സിന്റെ മരണം. ഓർമയായിട്ട് അറുപതാണ്ടുകളാകുന്നു. ഇപ്പോൾ ഈ നൂറാം ജന്മദിനവേളയിലും ജിം റീവ്സിന്റെ പാട്ടുകൾ ഉയരെ പറക്കുന്നു...
ഹരിപ്രസാദ്