മെലഡിയും ന്യൂജെനും!
Sunday, November 12, 2023 4:09 AM IST
ഞാൻ ദാസേട്ടനിൽനിന്നാണ് അർപ്പണ മനോഭാവവും പ്രവൃത്തിയോടുള്ള ആത്മാർഥതയും പഠിച്ചത്. ഒരിക്കൽ ദാസേട്ടന്റെകൂടെ സിംഗപ്പൂരിൽ ഒരു പരിപാടിക്കു പോയി. സ്റ്റേജ് ഷോയ്ക്കു മുന്നേ അദ്ദേഹം എത്ര ആത്മാർഥമായാണെന്നോ പ്രാക്ടീസ് ചെയ്യുന്നത്.
കമൽ സംവിധാനം ചെയ്ത "നമ്മൾ' എന്ന സൂപ്പർഹിറ്റ് പടത്തിൽ കൈതപ്രം രചിച്ച "സുഖമാണീ നിലാവ്...' എന്നു തുടങ്ങുന്ന വരികൾ തന്റെ പതിനാറാമത്തെ വയസിൽ ആലപിച്ചു സംഗീതപ്രേമികളുടെ മനം കവർന്ന ഗായികയാണ് ജ്യോത്സ്ന.
പിന്നീട്, ചതിക്കാത്ത ചന്തുവിലെ "മഴ മീട്ടും ശ്രുതി കേട്ടും...', സ്വപ്നക്കൂടിലെ "കറുപ്പിനഴക് ഓ വെളുപ്പിനഴക്...', മനസിനക്കരെയിലെ "മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തി...', ഫോർ ദ പീപ്പിളിലെ "നിന്റെ മിഴിമുന കൊണ്ടെന്റെ നെഞ്ചിലൊരു ബല്ലേ ബല്ലേ...' മുതലായ ഗാനങ്ങൾ കേട്ടവരെല്ലാം ഏറ്റുപാടാൻ തുടങ്ങിയപ്പോൾ, മലയാള ചലച്ചിത്ര പിന്നണി ലോകത്തു ജ്യോത്സനയ്ക്കുകൂടി ഒരിടം ലഭിച്ചു. മെലഡിയും ന്യൂജെനും പ്രണയരാഗങ്ങളുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഒരു യുവഗായികയുടെ ഉദയമായിരുന്നു അത്!
മുതിർന്ന ഗായികമാർ കൂടൊഴിഞ്ഞു പോകുന്നൊരു കാലത്ത്, ജ്യോത്സ്നയെപ്പോലെയുള്ളവരുടെ പ്രതിഭ വീണ്ടും ജനശ്രദ്ധയിലെത്തുകയാണ്. സംഗീത ജീവിതത്തെക്കുറിച്ചു ജ്യോത്സന സംസാരിക്കുന്നു.
പാടി അഭിനയിച്ച ആൽബം
കോവിഡെത്തുന്നതിനു തൊട്ടു മുമ്പെ പാടി അഭിനയിച്ച ആൽബം, തിയറ്ററുകൾ അടച്ചു പൂട്ടപ്പെട്ട കാലത്ത് എല്ലാവരും വീടിനകത്തിരുന്നു കണ്ടു. പ്രതീക്ഷിച്ചതിലധികം പ്രേക്ഷകരെ അതിനാൽ ആൽബത്തിനു നേടാനായി. ഇപ്പോഴും അതിനു പ്രേക്ഷകരുണ്ട്. പ്രിയപ്പെട്ടവന്റെ വരവിനായി കാത്തിരിക്കുന്ന പ്രണയിനിയുടെ ശോകവും പിന്നീട് അവനെത്തിയപ്പോൾ ആയിരം പൂർണചന്ദ്രന്മാരായി അവൾ മാറുന്നതുമൊക്കെയാണ് "ഇനി വരുമോ' എന്ന ആൽബത്തിലുള്ളത്.
ഇനിവരുമോ ഇതിലെ നീ
അരികിലെൻ ജീവനേ...
ഒരു മിഴിനീർ ശലഭമായ്
അലയുകയാണു ഞാൻ...
ഇങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്. വരികൾക്കു സംഗീത സംവിധാനം ഒരു വെല്ലുവിളി തന്നെയായിരുന്നുവെങ്കിലും ശ്രുതിചേർന്ന ആലാപനത്തിന് അതെന്നെ സഹായിച്ചു.
അവസാനം കാമറയ്ക്കു മുന്നിലും നായികയായി ജീവിക്കാൻ ഞാൻ ചെയ്ത സംഗീതവും ആലാപനവും എന്നെ തുണച്ചു. പാട്ടുകാരി മാത്രമല്ല, നല്ലൊരു അഭിനേത്രി കൂടി ആണല്ലൊയെന്ന റിവ്യൂകൾ നിരന്തരമായി ലഭിച്ചിരുന്നു. വളരെ സന്തോഷം തോന്നി. ഇനി വരുമോ ചെയ്ത ശേഷമാണ് ദൃശ്യമാധ്യമങ്ങളിലെ അവസരങ്ങൾ വന്നുതുടങ്ങിയത്. ഒരു ജനപ്രിയ പരിപാടിയുടെ അവതാരകയായും ക്ഷണം ലഭിച്ചു. എല്ലാം സ്വീകരിച്ചു. എന്നാൽ, എന്റെ പാഷൻ ഇപ്പോഴും ആലാപനം തന്നെയാണ്.
ഇടയ്ക്കൊരു ക്രിയേറ്റിവിറ്റി
ആൽബങ്ങൾ ചെയ്യുന്നതിലൂടെയാണ് ഇടയ്ക്കൊരു ക്രിയേറ്റിവിറ്റി അനുഭവം കിട്ടുന്നത്. ഇനി വരുമോ ചെയ്തതിനു ശേഷം രണ്ടു മൂന്നെണ്ണം വേറെയും ചെയ്തു. ഒന്ന് പ്രകാശനം ചെയ്തത് ടൈംസ് മ്യൂസിക്കായിരുന്നു. കൂടുതൽ ആൽബങ്ങൾ നിർമിക്കാൻ പദ്ധതിയുണ്ട്. ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തനിയെ ചെയ്യണമല്ലോ. പതിവായുള്ള പാട്ട് റിക്കാർഡിംഗിനൊപ്പം ആൽബങ്ങളുടെ വർക്കുകളും കൊണ്ടുപോകാവുന്നതേയുള്ളൂ. വ്യക്തിപരമായ സർഗഭാവനകൾക്കു കൂടുതൽ അവസരം ലഭിക്കുന്നത് സ്വന്തമായൊന്നു സൃഷ്ടിക്കുമ്പോഴാണ്.
കാറ്റേ കാറ്റേ...
2018ൽ, കോവിഡെത്തും മുന്നെ, ഇറങ്ങിയ "സുഖമാണോ ദാവിദേ'യിലെ "കാറ്റേ കാറ്റേ, ദൂരെയെന്റെ നാട്ടിൽ ചെല്ലുമോ..' എന്ന ഗാനം ഗായിക എന്ന നിലയിൽ വളരെ സംതൃപ്തി നൽകി. കൈതപ്രത്തിന്റെ വരികളും മോഹൻ സിതാരയുടെ സംഗീതവും. പടം പോലെതന്നെ, ഈ ആലാപനവും അതിന്റെ സംഗീതവും പുതുമകൾ നിറഞ്ഞതാണ്. നജീം അർഷാദാണ് കൂടെ പാടിയത്. കമ്പോസിഷന്റെ വ്യത്യസ്തമായ ട്രീറ്റ്മെന്റ് ശ്രോതാക്കൾ സ്വീകരിച്ചു. ഗാനം ഹിറ്റായി. കോവിഡ് കാലം മുതൽ ഈ പാട്ട് യുവാക്കൾ പാടിനടക്കുന്നു. ധാരാളം പ്രതികരണങ്ങൾ ഇപ്പോഴും ലഭിക്കുന്നുണ്ട്. "ഒരു വാതിൽ കോട്ട'യിലെ "പ്രിയനേ വരൂ...' എന്നു തുടങ്ങുന്ന ഗാനവും ജനപ്രിയമായി മാറി.
പുതിയ പാട്ടുകൾ
ഏറ്റവും പുതിയ പടങ്ങളായ "ക്ഷണ'ത്തിലെ "ഇതൾ ഇതളായ്...' എന്ന ഗാനവും, "യാനാ'യിലെ "കനവിൻ തോണിയിലേറാൻ...' എന്നതും ഏറെ പ്രശസ്തമാണ്. റഫീഖ് അഹമ്മദും ഹരിനാരായണനും ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനുമെഴുതിയ വരികൾ എന്നും ശ്രോതാക്കൾക്ക് ഇഷ്ടമാണ്. "മാർച്ച് രണ്ടാം വ്യാഴ'ത്തിലും "ഒരു പക്കാ നാടൻ പ്രേമ'ത്തിലും "വിധി'യിലും നല്ല ഗാനങ്ങളുണ്ട്. നിർമാണത്തിലിരിക്കുന്ന സിനിമകൾക്കു വേണ്ടിയും റിക്കാർഡിംഗ് നടന്നുവരുന്നു.
ഒപ്പം ഉന്നതരും പുതിയവരും
ദാസേട്ടൻ മുതൽ മകൻ വിജയ് വരെയുള്ളവരുമൊത്തു പാടിയിട്ടുണ്ട്. വിജയ് കൂടാതെ, വിധു, നജീം, വിനീത്, സച്ചിൻ, അൻവർ, രാഹുൽ, കാർത്തിക് മുതലായ യുവഗായകന്മാരുമൊത്തു ധാരാളം ഡ്യൂവെറ്റ് പാടി. അഫ്സൽ എന്റെ സീനിയറാണ്. ഞങ്ങൾ ഒരുമിച്ചും പല പാട്ടുകൾ പാടി. കൂടെ പാടിയവരിൽ ദാസേട്ടൻ, ജയേട്ടൻ, എം.ജി. ശ്രീകുമാർ, ഉണ്ണി മേനോൻ, വേണുഗോപാൽ, ബിജു നാരായണൻ, മധു ബാലകൃഷ്ണൻ മുതൽ ഫ്രാങ്കോ വരെയുള്ള സീനിയേഴ്സും സൂപ്പർ സീനിയേഴ്സുമുണ്ട്.
മാറ്റങ്ങൾ അനിവാര്യം
ഞാൻ ജനിച്ചത് കുവൈറ്റിലാണ്. അച്ഛൻ (രാധാകൃഷ്ണൻ) അവിടെ എൻജിനിയറായിരുന്നു. പിന്നീട് കുവൈറ്റിൽനിന്നു ഞങ്ങൾ അബുദാബിയിലേക്കു പോയി. പത്താം ക്ലാസ് വരെ എന്റെ വിദ്യാഭ്യാസം അവിടെയായിരുന്നു. അബുദാബിയിലെ ഒരു മ്യൂസിക് ട്രൂപ്പിൽ സജീവമായി പ്രവർത്തിച്ചു. ഈ ട്രൂപ്പ് മുഖേനയാണ് ഞാനൊരു സ്റ്റേജ് പെർഫോർമറായത്. 2002ൽ, നാട്ടിൽ വന്നു വിദ്യാഭ്യാസം തുടർന്നു. ആ സമയത്താണ് ആദ്യത്തെ പിന്നണിഗാനം പാടുന്നതും അതു ഹിറ്റാവുന്നതുമെല്ലാം.
യഥാർഥത്തിൽ, തൃശൂരിൽ താമസമാക്കിയ ഉടനെ തിരക്കോടു തിരക്കായിരുന്നു. സിനിമയ്ക്കു വേണ്ടിയുള്ള ആലാപനങ്ങളും റിക്കാർഡിംഗും സ്റ്റേജ് ഷോകളുമെല്ലാമായി നിരന്തര ഒാട്ടത്തിലായിരുന്നു. അതിന്റെ സൈഡിലൂടെ പ്ലസ് ടു പഠനവും ഡിഗ്രിയും കടന്നുപോയി. വീട്ടിൽ അമ്മയാണ് എന്റെ പാട്ട് വിലയിരുത്തി സംസാരിക്കുന്നയാൾ. ചേച്ചി വീണയും ഗായികയാണ്. പക്ഷേ, അവർ അമേരിക്കയിലാണ്. അമ്മ (ഗിരിജ) നർത്തകിയായതിനാൽ പ്രോത്സാഹനവും വിമർശനവുമൊക്കെ ഏറ്റെടുത്തിരിക്കുകയാണ്!
ചിത്രചേച്ചിയുടെയും സുജാതചേച്ചിയുടെയുമൊക്കെ തുടക്ക കാലത്ത്, സ്റ്റേജ് പരിപാടികളിൽ നമ്മൾ വച്ചുപുലർത്തിയിരുന്ന കുറെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഒരു കോസ്മോപോളിറ്റൻ സാഹചര്യത്തിൽ ജനിച്ചു വളർന്നു സ്റ്റേജ് ഷോകൾ ചെയ്തിരുന്ന എനിക്കു പല യാഥാസ്ഥിതിക നിലപാടുകളും മനസിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. അംഗചലങ്ങളോടെ പാടുമ്പോഴേ ഗാനങ്ങൾ അർഥപൂർണമാകുന്നുള്ളൂ എന്നതാണ് എന്റെ അനുഭവം. ഇപ്പോൾ ഇവിടെയും വ്യത്യാസം വന്നുതുടങ്ങിയിട്ടുണ്ട്. ലോകം എവിടെ എത്തിനിൽക്കുന്നുവെന്ന് ഇന്ന് എല്ലാവർക്കുമറിയാം. മാറ്റങ്ങൾ അനിവാര്യമാണ്.
യേശുദാസിൽനിന്നു പഠിച്ചത്
ഞാൻ ദാസേട്ടനിൽനിന്നാണ് അർപ്പണ മനോഭാവവും പ്രവൃത്തിയോടുള്ള ആത്മാർഥതയും പഠിച്ചത്. ഒരിക്കൽ ദാസേട്ടന്റെ കൂടെ സിംഗപ്പൂരിൽ ഒരു പരിപാടിക്കു പോയി. സ്റ്റേജ് ഷോയ്ക്കു മുന്നേ അദ്ദേഹം എത്ര ആത്മാർഥമായാണെന്നോ പ്രാക്ടീസ് ചെയ്യുന്നത്. ദാസേട്ടൻ സംഗീതത്തിൽ എത്രയോ അനുഭവജ്ഞാനമുള്ള ആളാണ്.
എന്നിട്ടും ഒരു പരിപാടിക്കു മുന്പ് കഠിന പരിശീലനം നടത്തുന്നതിലാണ് അദ്ദേഹത്തിന്റെ മഹത്വം അല്ലെങ്കിൽ സംഗീതത്തിനോടുള്ള ഭക്തി വ്യക്തമാകുന്നത്. എനിക്കു ശരിക്കും അദ്ഭുതമായിരുന്നു. പുതിയ തലമുറയ്ക്കു തീർച്ചയായും ദാസേട്ടൻ ഒരു മഹത്തായ പാഠമാണ്. എന്റെ സംഗീത ജീവിതത്തിലും അദ്ദേഹമാണ് ഏറ്റവും വലിയ പ്രചോദനം.
കുടുംബ പശ്ചാത്തലം
തൃശൂരിലെ കിഴക്കുംപാട്ടുകരയിലാണ് തറവാടു വീട്. റിക്കാർഡിംഗ് സൗകര്യാർഥം ഇപ്പോൾ എറണാകുളത്തു താമസിക്കുന്നു. ഭർത്താവ് ശ്രീകാന്ത് ബംഗളൂരുവിൽ സോഫ്റ്റ്വേർ എൻജിനിയറാണ്. മകൻ ശിവം രണ്ടാം ക്ലാസിൽ പഠിക്കുന്നു.
വിജയ് സിയെച്ച്