മുതലമട!
Sunday, January 14, 2024 4:59 AM IST
രാജ്യത്തിന്റെ മാംഗോ സിറ്റികളിലൊന്നാണ് മുതലമട. ഇന്ത്യയില്‍ ഏറ്റവും ആദ്യം പാകമാകുന്ന മാങ്ങയെന്ന ഖ്യാതിയാണ് മുതലമട മാങ്ങകൾക്കുള്ളത്.
കേരളത്തിലെ സുന്ദരഗ്രാമമെന്നു പ്രസിദ്ധി നേടിയ പാലക്കാട് കൊല്ലങ്കോടിന്റെ ഒഴിവാക്കാനാകാത്ത ഭാഗമാണ് മുതലമട പഞ്ചായത്ത്. വലിയ പഞ്ചായത്തുകളിലൊന്ന്. മുതലയും മുതലമടയും തമ്മിലുള്ള ബന്ധം നോക്കാം.
ഇവിടെ റെയില്‍വേ സ്റ്റേഷന് വരുന്നതിനു മുമ്പ് ആമക്കുണ്ട് എന്നായിരുന്നു സ്ഥലത്തിന്റെ പേര്. പേര് ആമക്കുണ്ട് എന്നായിരുന്നെങ്കിലും ഇവിടെ മുതലകളുണ്ടായിരുന്നെന്നാണ് പഴമക്കാരുടെ പക്ഷം. അങ്ങനെ മുതലമട എന്ന പേരുവന്നെന്നാണ് ഒരു വാദം. എന്തായാലും ഈ ഭാഗത്തെ പല സ്ഥലങ്ങൾക്കും ജന്തുനാമങ്ങളുമായി ബന്ധമുണ്ട്. ആനമാറി, കുതിരമൂളി, പോത്തമ്പാടം, ആനക്കുഴിക്കാട്, നരിപ്പാറചള്ള എന്നിങ്ങനെ പോകുന്നു പേരുകൾ.
മുതലമട പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ടിപ്പുസുല്‍ത്താന്‍ ഇവിടെയും ഒരു കോട്ട സ്ഥാപിച്ചു. കൊല്ലങ്കോട് രാജാവിന്റെ ഭരണത്തിന്റെ ഒരു കേന്ദ്രമായിരുന്നു ഈ കോട്ട. അക്കാലത്താണ് ഈ കോട്ടയ്ക്കു മുതലക്കോട്ട എന്ന പേരുവന്നതത്രേ. ബ്രീട്ടീഷ്ഭരണകാലത്ത് ഈ കോട്ട കച്ചേരിയായി മാറി.
മാങ്ങാ രാജ്യം
രാജ്യത്തിന്റെ മാംഗോ സിറ്റികളിലൊന്നാണ് മുതലമട. ഇന്ത്യയില്‍ ഏറ്റവും ആദ്യം പാകമാകുന്ന മാങ്ങയെന്ന ഖ്യാതിയാണ് മുതലമട മാങ്ങകൾക്കുള്ളത്. വിദേശരാജ്യങ്ങളിലേക്കു പോകുന്ന ഇന്ത്യൻ മാങ്ങകളിൽ പല ഇനങ്ങളും മുതലമടയുടെ സംഭാവനയാണ്.
സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനാണ് മുതലമട റെയിൽവേ സ്റ്റേഷൻ. ഹൃദയം, ഒരു യാത്രാമൊഴി, വെട്ടം, മേഘം, പാണ്ടിപ്പട, അൻപേശിവം, അമൈതിപ്പടൈ തുടങ്ങിയ നിരവധി സിനിമകളിൽ ഈ റെയിൽവേ സ്റ്റേഷൻ അഭിനയിച്ചുകഴിഞ്ഞു. ഹിന്ദി, തെലുങ്ക് സിനിമക്കാരും ഇവിടേയ്ക്ക് എത്താറുണ്ട്.
തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ നാട്ടുകാരിൽ പലരും ആ സംസ്കാരത്തിന്റെയും കൂടി ഭാഗമാണ് ടൂറിസ്റ്റ് കേന്ദ്രമായ പറന്പിക്കുളം വന്യജീവിസങ്കേതം മുതലമട പഞ്ചായത്തിലാണ്. വനമേഖല ആയതിനാൽ പറന്പിക്കുളത്തേക്കു നേരിട്ടു റോഡ് മാർഗമില്ല. തമിഴ്നാട്ടിലൂടെ യാത്രചെയ്തു മാത്രമേ എത്താനാകൂ.
- എം.വി. വസന്ത്