തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
Sunday, January 28, 2024 1:49 AM IST
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്നു രണ്ടു കിലോമീറ്റര്‍.
കട്ടപ്പന- സ്വരാജില്‍നിന്നു മുരിക്കാട്ടുകുടി വഴിയുള്ള കാനനപാതയിലൂടെയും കോവില്‍മല രാജപുരം വഴിയും അഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്താലും ഇവിടെയെത്താം.
പ്രത്യേകത:
അയ്യപ്പന്‍കോവില്‍ -കാഞ്ചിയാര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശം. ലൈഫ് ഓഫ് ജോസുകുട്ടി ഉള്‍പ്പെടെ നിരവധി സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷൻ. അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തില്നിന്നാല് അസ്വസ്ഥമായ ഏതൊരു മനസും ഒരു നിമിഷം ശാന്തമാകും.
നോക്കെത്താദൂരത്തോളം പച്ചപ്പുല്‍മേടുകളും പാടങ്ങളും. ഒരുവശത്തുകൂടി മഴക്കാലത്ത് പെരിയാറില്‍നിന്ന് ഇടുക്കി ഡാമിലേക്ക് വെള്ളം ഒഴുകുന്നു. ഇടുക്കി ജലാശയത്തിന്റെ മനോഹാരിതയും ആരുടെയും മനം കവരും. ഇടുക്കി മലനിരകളുടെ ദൃശ്യചാരുതയും ആവോളം നുകരാം.
വെള്ളത്തിലെ ക്ഷേത്രം:
ജലാശയത്തിന്റെ നടുവിൽ സ്ഥിതിചെയ്യുന്ന പുരാതന അയ്യപ്പന്‍കോവില്‍ ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം. മഴക്കാലത്തു വെള്ളം ഉയരുന്നതോടെ ക്ഷേത്രം മുങ്ങും. പൂജാരിമാര്‍ വള്ളത്തില്‍ സഞ്ചരിച്ചാണ് ഇവിടേക്കു പോയിവരുന്നത്. ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്തു ക്ഷേത്രം നശിപ്പിക്കപ്പെട്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. പിന്നീട് ക്ഷേത്രം പുനരുദ്ധരിച്ചു. കര്‍ക്കിടക വാവിലെ ബലിതര്‍പ്പണത്തിന് ഇടുക്കി ജില്ലയില്‍ കൂടുതല്‍ ആളുകള്‍ എത്തുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. കോവില്‍മല രാജാവിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതും ഈ ക്ഷേത്രത്തിനു സമീപത്താണ്.
ജെ.വി.കെ.