വാസ്തുകലാ വൈഭവത്തിന്റെ ദക്ഷിണേന്ത്യയിലെ ഈറ്റില്ലങ്ങളിലൊന്നാണ് ഈ പുരാനഗരം. ആദി വരാഹ പെരുമാള്‍ ഗുഹാക്ഷേത്രമാണ് പല്ലവന്മാര് നിര്‍മിച്ചതില്‍ വച്ചേറ്റവും പഴക്കമേറിയ നിര്‍മിതി. മഹേന്ദ്രവര്‍മന്‍ ഒന്നാമന്റെ കാലഘട്ടത്തിനു മുമ്പുതന്നെ നിര്‍മാണം ആരംഭിച്ചിരുന്നു.
മഹാവിഷ്ണുവിന്റെ അവതാരമായ വരാഹമൂര്‍ത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ ശ്രീകോവിലും പുറംതളവുമെല്ലാം വര്‍ണനാതീതമായ സൗന്ദര്യം തുളുമ്പുന്ന ശില്പങ്ങളാല് സമ്പുഷ്ടമാണ്. പല്ലവ രാജാക്കന്മാരായ സിംഹവിഷ്ണു (എഡി 537-570), മഹേന്ദ്രവര്‍മന്‍ ഒന്നാമന് എന്നിവരുടെ ഭാര്യാസമേതമായ ശില്പങ്ങളും ഇവിടെ കാണാം.
കടുവാ ഗുഹ
ത്രിമൂര്‍ത്തി (ബ്രഹ്മ, വിഷ്ണു, ശിവന്) ഗുഹ, മഹിഷാസുര മര്ദിനി ഗുഹ, കോടിക്കാല് ഗുഹ എന്നീ നിര്‍മിതികളും പ്രശസ്തം. യാലി അഥവാ കടുവാ ഗുഹ പൗരാണിക കഥകള്‍ ആലേഖനം ചെയ്തുവച്ചിരിക്കുന്ന സുന്ദരമായ തൂണുകളുടെ അസുലഭ കാഴ്ച ഒരുക്കുന്നു. പല്ലവ കാലത്തെ ഗുഹാക്ഷേത്ര വൈദഗ്ധ്യത്തിന്റെ മികവ് ഇവിടെ കാണാം.
ഗംഗാ പതനം അഥവാ അര്‍ജുനന്റെ തപസ് എന്നറിയപ്പെടുന്ന ശില്പവും പ്രശസ്തം. പിങ്ക് ഗ്രാനൈറ്റില്‍ പണി തീര്‍ത്തിരിക്കുന്ന ശില്പം മഹാഭാരത കഥകൾ ചിത്രീകരിക്കുന്നു. തൊട്ടടുത്ത കൃഷ്ണ മണ്ഡപം ശ്രീകൃഷ്ണന്റെ ഗോപാലജീവിതം വരച്ചു കാട്ടുന്നു. എന്നാല്‍, അപൂര്‍ണമായ ചില ശില്പങ്ങളും കാണാം. ഇവ പൂർത്തീകരിക്കാത്തതിന്റെ കാരണം അജ്ഞാതമാണ്.
ഏകശിലാ നിർമിത പഞ്ചരഥങ്ങൾ പഞ്ചപാണ്ഡവന്മാര്ക്കും ദ്രൗപദിക്കുമായി സമര്‍പ്പിക്കപ്പെട്ടതാണ്. രൂപത്തിലും ആശയത്തിലും അഞ്ചു രഥങ്ങളും തികച്ചും വ്യത്യസ്തങ്ങളാണ്.
ഏക പഗോഡ
സമുദ്രതീരത്തെ ഷോര്‍ ടെംപിള്‍, പൗരാണിക കാലത്തെ ഏഴു പഗോഡകളില്‍ അവശേഷിക്കുന്ന ഏക പഗോഡയാണ്. എന്നാല്‍, ഉപ്പുകാറ്റ് ക്ഷേത്രത്തെ ക്ഷയിപ്പിച്ചിട്ടുണ്ട്. എഡി 700നും 728നും മധ്യേ നരസിംഹവര്മന് രണ്ടാമന് പണികഴിപ്പിച്ചതാണീ ക്ഷേത്രമെന്നു കരുതുന്നു. ഇതൊരു വലിയ ക്ഷേത്ര സമുച്ചയമായിരുന്നുവെങ്കിലും വലിയൊരു ഭാഗം കടല്‍ കവർന്നു.
ഷോര്‍ ടെംപിള്‍ നിര്‍മിച്ച അതേ സമയത്തുതന്നെ നിര്‍മിച്ച ഓളക്കണേശ്വര ക്ഷേത്രവും അപൂർവ നിര്‍മിതിയാണ്. കടല്‍തീരത്തുനിന്ന് അല്പം മാറി ഒരു കുന്നിന്റെ പുറത്താണ് ഈ ക്ഷേത്രം. മേല്‍പ്പറഞ്ഞ മഹിഷാസുരമര്ദിനി ഗുഹയും ഇതിനു സമീപമാണ്. എന്നാല്‍, ഇവ രണ്ടും രണ്ടു കാലഘട്ടത്തില്‍ നിര്‍മിച്ചവയാണ്. ശ്രീകൃഷ്ണന്റെ വെണ്ണ ഉരുള എന്നറിയപ്പെടുന്ന കൂറ്റന്‍ ശില അതിപ്രശസ്തമാണ്. ഭൂഗുരുത്വനിയമത്തെ വെല്ലുവിളിക്കുന്ന പ്രകൃത്യാലുള്ള ഈ നിര്‍മിതിയുടെ സമീപത്തുനിന്നു ഫോട്ടോയെടുക്കാതെ പോകുന്നവര്‍ കുറവാണ്.
2004ലെ സുനാമി പ്രദേശത്തെ വെള്ളത്തിലാഴ്ത്തി. വൻ നാശനഷ്ടമുണ്ടായി. പിന്നീട് വലിയ പരിശ്രമത്തിലൂടെയാണ് പ്രദേശത്തെ പഴയനിലയിലെത്തിച്ചത്. 2019ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കു വേദിയായതോടെയാണ് മഹാബലിപുരം ആഗോളതലത്തില്‍ പ്രശസ്തമാവുന്നത്. ഇതേത്തുടര്‍ന്ന് പ്രദേശത്തേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായി. സമുദ്രം വിഴുങ്ങിയ പഴയ മഹാബലിപുരത്തെ പൂര്‍ണമായും വീണ്ടെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
അജിത് ജി. നായർ