ഒരുകാലത്ത് റിക്കാർഡിംഗ് കന്പനികളെല്ലാം തള്ളിക്കളഞ്ഞ സ്വരം, പിന്നീട് ഇന്ത്യയുടെ ഗോൾഡൻ വോയ്സ് എന്നു തിളക്കത്തോടെ സ്വീകരിക്കപ്പെട്ടു. ആ സ്വരം കേൾക്കുന്പോൾ ഒരു ക്ഷേത്രത്തിൽ ഭജൻപാടുന്ന സന്യാസിയുടെ സ്വരംപോലെ പവിത്രത അനുഭവപ്പെട്ടുവെന്ന് ലതാ മങ്കേഷ്കർ. പത്മശ്രീയും പത്മഭൂഷണും വിനയപൂർവം നിരസിച്ച ആ സ്വരത്തിന്റെ ഉടമ, ഹേമന്ത് കുമാർ. ഹിന്ദിയിലും ബംഗാളിയിലും മറാത്തിയിലും പഞ്ചാബിയിലുമടക്കം ഗായകനും സംഗീതസംവിധായകനുമായി പ്രതിഭ നിറഞ്ഞ വ്യക്തിത്വം; ഇന്ന് അദ്ദേഹത്തിന്റെ നൂറ്റിനാലാം ജന്മദിനം...
േതാൽവികളുടെ ഭാരവുമായി നിങ്ങൾ മടങ്ങിപ്പോകരുത്. ഇവിടെത്തന്നെ നിൽക്കൂ. നൗഷാദിനെപ്പോലെ പാട്ടുകളുണ്ടാക്കൂ. കോൽക്കത്തയിലേക്കു തിരികെപ്പോകുന്നത് എന്നിട്ടാലോചിക്കാം- ഈണമൊരുക്കിയ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ ബോംബെയിൽനിന്നു കോൽക്കത്തയിലേക്കു മടങ്ങാൻ തീരുമാനിച്ച ഹേമന്ത് കുമാറിനോടു ഫിൽമിസ്ഥാൻ സ്റ്റുഡിയോ ഉടമ ശശാധർ മുഖർജി പറഞ്ഞു. വെറുതെ ഉപദേശിക്കുക മാത്രമല്ല തന്റെ അടുത്ത ചിത്രമായ നാഗിനിലെ പാട്ടുകൾ ഒരുക്കാൻ ഹേമന്ത് കുമാറിനെ ഏൽപ്പിക്കുകയും ചെയ്തു അദ്ദേഹം.
ഹേമന്ത് ദാ ഒരു ഡസൻ പാട്ടുകളുണ്ടാക്കി. ശേഷമുള്ളത് ചരിത്രം!
അന്നു തള്ളിയ സ്വരം
പൂർവികർ വെസ്റ്റ് ബംഗാളിൽനിന്നുള്ളവരായിരുന്നെങ്കിലും ഹേമന്ത് കുമാർ മുഖോപാധ്യായ ജനിച്ചത് ബനാറസിലാണ്- 1920 ജൂണ് 16ന്. പിതാവ് കാളിദാസ് മുഖോപാധ്യായ കോൽക്കത്തയിൽ ഒരു ഷിപ്പിംഗ് കന്പനിയിൽ ക്ലാർക്കായിരുന്നു. തന്നെപ്പോലെ മകനും ഒരു ജോലിക്കാരനാവണമെന്നു പിതാവ് ആഗ്രഹിച്ചു. പക്ഷേ, ഹേമന്തിനു പഠനത്തിൽ അത്രയ്ക്കു താത്പര്യമില്ലായിരുന്നു. എന്നാൽ, അവനു ശ്രുതിമധുരമായ ശബ്ദമുണ്ടായിരുന്നു. സുഹൃത്ത് സുബോധ് മുഖോപാധ്യായ വഴി കോൽക്കത്ത ആകാശവാണി നിലയത്തിൽ പാടാൻ അവസരം ലഭിക്കുന്പോൾ കഷ്ടിച്ചു 13 വയസ്.
ഇന്റർമീഡിയറ്റ് കഴിഞ്ഞ് ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ എൻജിനിയറിംഗിനു ചേർന്നെങ്കിലും പാട്ടിന്റെ വഴിനടക്കാനായിരുന്നു ഹേമന്ത് കുമാറിനിഷ്ടം. ഒട്ടേറെ ശ്രമങ്ങൾ നടത്തിയെങ്കിലും റിക്കാർഡിംഗ് കന്പനികളെല്ലാം ശബ്ദംകൊള്ളില്ലെന്നുപറഞ്ഞ് അയാളെ തള്ളി. അങ്ങനെ അയാൾ ചെറുകഥകളും ലേഖനങ്ങളും എഴുതാൻ തുടങ്ങി.
ദേശ്, വാതായൻ എന്നിങ്ങനെ അക്കാലത്തെ പ്രധാന പ്രസിദ്ധീകരണങ്ങളിലെല്ലാം ഹേമന്തിന്റെ രചനകൾ വന്നു. എഴുത്തുകാരന്റെ സംഗീതവാസനയെക്കുറിച്ച് വാതായൻ എഡിറ്റർക്കു ബോധ്യമുണ്ടായിരുന്നു. അദ്ദേഹമാണ് കൊളംബിയ റിക്കാർഡിംഗ് കന്പനിയിലെ ശൈലേൻ ദാസ്ഗുപ്തയോടു ശിപാർശ ചെയ്തു ഹേമന്തിനു പാടാൻ അവസരം നേടിക്കൊടുത്തത്. രവീന്ദ്രനാഥ ടാഗോറിന്റെ രണ്ടു ഗാനങ്ങൾ പാടി തുടക്കമിട്ടു. അതു വിജയമായി.
തുടർന്ന് ബംഗ്ലാ സിനിമകളിൽ പാടി. രവീന്ദ്രസംഗീതവും ഹൃദയത്തോടു ചേർത്തുവച്ചു. പങ്കജ് മല്ലിക്കിന്റെ മീനാക്ഷി എന്ന ചിത്രത്തിലൂടെ ഹിന്ദിയിലുമെത്തി.
സംഗീതസംവിധായകൻ എന്ന നിലയിൽ ഹിന്ദിയിൽ ആദ്യ അവസരം ലഭിച്ചത് വി. ശാന്താറാമിന്റെ ശിവ്ശക്തിയിലായിരുന്നു. നിർഭാഗ്യവശാൽ ചിത്രം പൂർത്തിയായില്ല. ബംഗ്ലാ ചിത്രങ്ങൾക്ക് ഈണമൊരുക്കുന്നതിലായി ഹേമന്തിന്റെ ശ്രദ്ധ. നിർമാതാവും സംവിധായകനുമായിരുന്ന ഹേമൻ ഗുപ്തയാണ് ഹേമന്ത് കുമാറിനെ ഹിന്ദിയിലേക്കു തിരികെ കൊണ്ടുവന്നത്. ഫിൽമിസ്ഥാന്റെ ആനന്ദ് മഠ് (1951) എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഏറെ പ്രശംസനേടുകയും ചെയ്തു.
തുടർന്നുള്ള ചിത്രങ്ങൾ തുടർച്ചയായി പരാജയമറിഞ്ഞപ്പോഴാണ് കോൽക്കത്തയിലേക്കു മടങ്ങാൻ ഹേമന്ത് കുമാർ തീരുമാനിച്ചത്.., ശശാധർ മുഖർജി ആ തീരുമാനം മാറ്റിച്ചതും.
ആ സായാഹ്നം!
ഒരു കൈ ഹാർമോണിയത്തിൽ വച്ച് തന്റെ പാട്ടുമുറിയിലെ ചാരുകസേരയിൽ കാലുകൾ നീട്ടിവച്ചിരിക്കുന്ന ഹേമന്ത് കുമാറിനെ ഓർമിച്ചിട്ടുണ്ട് ഗാനരചയിതാവ് ഗുൽസാർ. കുറച്ചു വരികൾ തരൂ, എനിക്ക് ഈണമൊന്നും ഉണ്ടാക്കാനാവുന്നില്ല- അദ്ദേഹം ഗുൽസാറിനോടു പറഞ്ഞു.
ഒരുപാടുനേരമായി ആ ഇരിപ്പു തുടരുന്നു. നല്ല ഉയരമുള്ളയാളാണ് ഹേമന്ത് ദാ. ഇരിപ്പ് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നുറപ്പ്. ഇടയ്ക്കിടെ ഒരുനുള്ളു മൂക്കുപൊടി വലിക്കും, കൈകൾ തട്ടി വിരലറ്റം ധോത്തിയിൽ തുടയ്ക്കും. ഈണങ്ങളൊന്നും മനസിലേക്കു വരുന്നില്ലെന്നു വ്യക്തം.
ഗുൽസാർതന്നെ തിരക്കഥയെഴുതിയ സിനിമയിലെ പാട്ടുകളാണ് ഒരുക്കേണ്ടത്. കഥാപാത്രത്തിന്റെ മനോനില ഗുൽസാറിനു നന്നായി അറിയാം. അങ്ങനെ അദ്ദേഹം പല്ലവി പറഞ്ഞുകൊടുത്തു- വോ ശാം കുച്ഛ് അജീബ് ഥി.. യേ ശാം ഭീ അജീബ് ഹേ.. (ചിത്രം: ഖാമോഷി- 1970).
ഹേമന്ത് കുമാർ ആ വരികൾ എഴുതിയെടുത്തു. ഈണം അദ്ദേഹത്തിലേക്ക് ഒഴുകിവന്നു. അങ്ങനെ ഹിന്ദി സിനിമാഗാന ചരിത്രത്തിന്റെ ഭാഗമായ ആ റൊമാന്റിക് നന്പർ പിറവിയെടുത്തു.
വരികൾ അടിസ്ഥാനമാക്കി പല്ലവി ഒരുക്കിയ ശേഷം അനുപല്ലവിയുടെ ഈണം അനായാസം എത്തി. അതിനൊപ്പിച്ചു വരികളെഴുതുകയായിരുന്നു പിന്നീട് ഗുൽസാർ. യമൻ രാഗാധിഷ്ഠിതമായിരുന്നു ഹേമന്ത് ദായുടെ ഈണം. രവീന്ദ്രസംഗീതത്തിൽ അദ്ദേഹത്തിനുള്ള അസാധ്യമായ അഭിരുചി പല്ലവിയിൽ പ്രതിഫലിച്ചിരുന്നു. അഭിനയത്തിൽ കൂടുതൽ മുഴുകിയിരുന്ന കിഷോർ കുമാറിനെ മുഴുവൻ സമയ ഗായകനായി തിരിച്ചുകൊണ്ടുവന്ന പാട്ടുകൂടിയായിരുന്നു അത്.
അനന്യമായ ഇടം
നൗഷാദും എസ്.ഡി. ബർമനും ശങ്കർ ജയ്കിഷനും ഒ.പി. നയ്യാരും അടക്കിവാണിരുന്ന 50കളിലും 60കളിലും അവർക്കൊപ്പംനിന്നു സ്വന്തമായൊരിടം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞുവെന്നതാണ് ഹേമന്ത് കുമാറിന്റെ സവിശേഷത. സംഗീതസംവിധായകനായും ഗായകനായും അദ്ദേഹത്തിന്റെ സ്വന്തം ഇടങ്ങൾ അനന്യമായിരുന്നു. യേ നയൻ ഡരേ ഡരേ, ജാനേ വോ കേസേ ലോഗ് ഥേ, തും പുകാർ ലോ, യാദ് കിയാ ദിൽ നേ... തുടങ്ങി ഏതാനും പാട്ടുകൾ മാത്രംമതി ഹേമന്ത് കുമാർ ആരാണെന്നറിയാൻ.
ഒരിക്കൽ മനസുമടുത്ത് കോൽക്കത്തയിലേക്കു മടങ്ങാനൊരുങ്ങിയ തീരുമാനം മാറ്റിയെങ്കിലും അദ്ദേഹം പിന്നീടു മടങ്ങിപ്പോകുകതന്നെ ചെയ്തു. വിജയങ്ങൾക്കു പിന്നാലെവന്ന നിരാസങ്ങൾ നിരാശനാക്കിയ അദ്ദേഹം കോൽക്കത്തയിലെത്തി കൂടുതൽ അന്തർമുഖനായി. തന്റെ നേട്ടങ്ങളെക്കുറിച്ചു സംസാരിക്കാൻപോലും സമ്മതിച്ചിരുന്നില്ല. ഒരുപാടു വൈകിയെന്ന തീർച്ചയാൽ പത്മശ്രീ സ്വീകരിച്ചില്ല. എങ്കിലും അവിടെ പാട്ടു തുടർന്നിരുന്നു.
കടുത്ത പുകവലിയും അവസാനമില്ലാത്ത മാനസിക സമ്മർദങ്ങളും അദ്ദേഹത്തെ രോഗിയാക്കി. 1980ൽ ഉണ്ടായ ഹൃദയാഘാതം അദ്ദേഹത്തിന്റെ ശ്വാസനിയന്ത്രണത്തെപ്പോലും ബാധിച്ചു. പാടാനുള്ള ശേഷി കുറഞ്ഞു. ശബ്ദം പഴയതിന്റെ നിഴൽ മാത്രമായി. 69-ാം വയസിൽ, 1989 സെപ്റ്റംബർ 26ന് കോൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എന്തൊരു വേദന... എന്തൊരു വേദന.. എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ..
വേദന ബാക്കി...
ഹരിപ്രസാദ്