വലിയ ചെലവില്ലാതെ കാഷ്മീർ കാണണമെന്ന് മോഹമുണ്ടെങ്കിൽ വടക്കേന്ത്യയിലേക്കു വച്ചുപിടിക്കേണ്ട. നമ്മുടെ വയനാട്ടിലേക്കു പോരൂ. അവിടെയുമുണ്ട് ഒരു കാഷ്മീർ. മറ്റൊരു സംസ്ഥാനത്തിന്റെ പേരിൽ അറിയപ്പെടുന്ന സ്ഥലങ്ങളും ഇന്ത്യയിൽ അധികമുണ്ടാകാൻ ഇടയില്ല. കാഷ്മീരിന്റെ കാലാവസ്ഥയോടും ഭൂപ്രകൃതിയോടുമൊക്കെ സാമ്യമുണ്ടായിരുന്നതിനാലാണ് വയനാട് മേപ്പാടിക്ക് അടുത്തുള്ള ഈ പ്രദേശത്തിനു കാഷ്മീർ എന്നു വിളിപ്പേര് വന്നത്.
പതിറ്റാണ്ടുകൾക്കു മുന്പ് നല്ല തണുത്ത കാലാവസ്ഥയുള്ള പ്രദേശമായിരുന്നു വയനാട്ടിലെ കാഷ്മീർ. നേരം വെളുത്താലും പതിനൊന്നോ പന്ത്രണ്ടോ ആകണമായിരുന്നു ഇവിടുത്തെ മലനിരകളിലേക്കു സൂര്യരശ്മി കിനിഞ്ഞിറങ്ങാൻ. മഞ്ഞും കോടയും നിറഞ്ഞ മലനിരകളായിരുന്നു ഇവിടുത്തെ പ്രധാന പ്രത്യേകത. അതുപോലെ കോടയിറങ്ങുന്നതോടെ നേരത്തെ ഇരുൾ പരക്കും.
അങ്ങനെയാണ് ഈ നാടിനു കാഷ്മീർ എന്നു വിളിപ്പേരു വീണത്. എന്നാൽ, ഇപ്പോൾ ഈ കാഷ്മീരിനോട് ജനങ്ങൾക്ക് അത്ര പ്രിയമൊന്നുമില്ല. പലരും ഇവിടെനിന്നു താമസം മാറിപ്പോകുന്ന തിരക്കിലാണ്. 2019ൽ ഉണ്ടായ ഒരു ദുരന്തമാണ് കാഷ്മീരിനോടുള്ള നാട്ടുകാരുടെ പ്രണയത്തിൽ കരടായി മാറിയത്. 2019ൽ കാഷ്മീരിനു തൊട്ടടുത്തുള്ള പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 17 ജീവനുകളാണ് പൊലിഞ്ഞത്. പുത്തുമലയുടേതിനു സമാനമായ ഭൂപ്രകൃതിയാണ് കാഷ്മീരിനുമെന്നതിനാലാണ് ജനങ്ങളോട് ഇവിടെനിന്നു മാറി താമസിക്കാൻ ഭരണകൂടം തന്നെ ആവശ്യപ്പെട്ടത്.
-അജിത് മാത്യു