വരുന്നൂ, രൂപമില്ലാത്ത ബാറ്ററി!ടൂത്ത് പേസ്റ്റ് പോലെ!
പി.ടി.ബിനു
Saturday, April 26, 2025 8:44 PM IST
ടൂത്ത് പേസ്റ്റിനു സമാനമായ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. കടലാസ് നിർമാണത്തിൽനിന്നുള്ള ഉപോത്പന്നങ്ങളാണ് വലിച്ചുനീട്ടാവുന്ന ബാറ്ററി നിർമാണത്തിന് ഉപയോഗിക്കുന്നത്.
ഭാവിയിലെ മെഡിക്കൽ ഉപകരണങ്ങൾ, റോബോട്ടുകൾ, ധരിക്കാനുതകുന്ന ഉപകരണങ്ങൾ തുടങ്ങിയവയുടെ വികസനത്തെ മാറ്റിമറിക്കുന്ന വിപ്ലവകരമായ കണ്ടുപിടിത്തം. സ്വീഡിഷ് ഗവേഷകരാണ് ഇതിനു പിന്നിൽ. ടൂത്ത് പേസ്റ്റ് പോലെ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന "ബാറ്ററി'യാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത്.
വലിച്ചുനീട്ടാം
റബർ പോലുള്ള സംയുക്തപദാർഥങ്ങൾ ഉപയോഗിച്ച് വലിച്ചുനീട്ടാവുന്ന ബാറ്ററികൾ നിർമിക്കാൻ നേരത്തേയും ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, ബാറ്ററിയിൽ ഉപയോഗിക്കുന്ന ഇലക്ട്രോഡുകളുടെ കാഠിന്യം ഇതിനു വിഘാതമായി. ലിൻകോപിംഗ് സർവകലാശാലയിലെ ഗവേഷകർ ഈ പ്രശ്നം പരിഹരിക്കാൻ ഒരു പുതിയ വഴി കണ്ടെത്തി.
കടലാസ് നിർമാണത്തിൽനിന്നുള്ള ഉപോത്പന്നമായ ചാലക പ്ലാസ്റ്റിക്കുകളും ലിഗ്നിനും അടിസ്ഥാനമാക്കി പേസ്റ്റ് രൂപത്തിലുള്ള ബാറ്ററി വികസിപ്പിച്ചെടുക്കു കയായിരുന്നു. ഈ മെറ്റീരിയൽ ത്രീഡി പ്രിന്റർ ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള രൂപത്തിൽ ബാറ്ററിയാക്കാൻ കഴിയും.
500 റീചാർജ്
ഇതുവരെ, വലിച്ചുനീട്ടാവുന്ന ബാറ്ററികൾ നിർമിക്കാൻ അപൂർവവും പരിസ്ഥിതിക്കു ദോഷകരവുമായ വസ്തുക്കളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇതിലെ വസ്തുക്കൾ സംയോജിത പോളിമറുകളും ലിഗ്നിനും ആയതിനാൽ ഒരുപരിധിവരെ ആ പ്രശ്നം മറികടക്കും. ഇവ സമൃദ്ധമായി ലഭിക്കുകയും ചെയ്യും.
പുതിയ ബാറ്ററി 500 തവണയിൽ കൂടുതൽ റീചാർജ് ചെയ്യാനാകും. പലപ്പോഴും ബാറ്ററിയുടെ രൂപത്തിന് അനുസരിച്ച് ഉപകരണങ്ങൾ ഡിസൈൻ ചെയ്യുന്നതു മാറി നമ്മുടെ സൗകര്യമനുസരിച്ചു ബാറ്ററി മാറ്റാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രയോജനം.
തുടക്കം മാത്രം
വ്യാവസായിക ഉപയോഗത്തിനു ബാറ്ററി തയാറായിട്ടില്ല. മാതൃകാ ബാറ്ററിക്ക് ഒരു വോൾട്ട് മാത്രമേ സംഭരിക്കാൻ കഴിയൂ. എന്നാൽ, സിങ്ക്, മാംഗനീസ് പോലുള്ള ലോഹങ്ങൾ ബാറ്ററി നിർമാണവുമായി ബന്ധപ്പെടുത്താനായാൽ ശേഷി കൂട്ടാനാകുമെന്നു ശാസ്ത്രജ്ഞർ പറയുന്നു.