വീടുകൾ കയറിയ പാട്ട് സിനിമയ്ക്കു പോയ കഥ
ചേറൂക്കാരൻ ജോയി
Sunday, May 4, 2025 12:47 AM IST
1974 കാലഘട്ടം. നമുക്കു പാട്ടുകൾ പാടി കുഷ്ഠരോഗികളുടെ ക്ഷേമത്തിനു വേണ്ടി കുറച്ചു ഫണ്ട് സംഘടിപ്പിച്ചാലോ? ചോദ്യം തൃശൂർ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. തോമസ് ചാലിശേരിയുടെ വക. അന്നു പള്ളി ക്വയറിലെ പ്രധാനി പിൽക്കാലത്ത് മലയാള സിനിമയെ വേറിട്ട സംഗീതംകൊണ്ട് കീഴടക്കിയ പ്രതിഭ കെ.ജെ. ജോയി. അച്ചൻ സംഗീതപ്രേമിയാണ്.
ജോയിയുടെ സംഗീതം പെരുത്തിഷ്ടവും. ജോയിയുടെ പാട്ടിനോടുള്ള ഇഷ്ടംകൊണ്ട് അച്ചന്റെ ഒരു ബന്ധു വിദേശത്തുനിന്നു കൊണ്ടുകൊടുത്ത അക്കോഡിയൻ (നെഞ്ചോടു ചേർത്തുപിടിച്ചു ഹാർമോണിയം പോലെ വായിക്കുന്ന സംഗീതോപകരണം) അച്ചൻ ജോയിക്കു സമ്മാനിച്ചിരുന്നു. ഒാർക്കണം, അക്കാലത്ത് എല്ലായിടത്തും സാദാ ഹാർമോണിയമാണുള്ളത്. അക്കോഡിയൻകൂടി കിട്ടിയതോടെ ജോയി ഏവരുടെയും ഹൃദയം കവരുന്ന ട്യൂണുകൾ ഒരുക്കി.
പാട്ടുകാരുടെ സംഘം
ഇതൊക്കെ കണ്ടതോടെയാണ് രോഗികൾക്കു വേണ്ടി സംഗീതം വഴി കുറച്ചു പണം സ്വരൂപിക്കാമെന്ന ആശയവുമായി ചാലിശേരി അച്ചൻ വന്നത്. പിന്നെ കൊണ്ടുപിടിച്ച പരിശീലനം തുടങ്ങി. ഭക്തിഗാനങ്ങളായിരുന്നു ഏറെയും. കെ.ജെ.ജോയി ഈണമിട്ട ഒരു ഗാനവും ഉൾപ്പെടുത്തി. വീടുകൾ കയറിയിറങ്ങിയായിരുന്നു ആലാപനം. പാട്ടുകാരുടെ സംഘം വരുമെന്ന് അച്ചൻ നേരത്തെ തന്നെ ഇടവകാംഗങ്ങളെ അറിയിച്ചിരുന്നതിനാൽ ഗംഭീരസ്വീകരണമായിരുന്നു വീടുകളിൽ.
1500 ലേറെ വീടുകളുള്ള വലിയ പള്ളി. ഒരാഴ്ചയോളമെടുത്തു ഇടവകയിലെ എല്ലാ വീടുകളും സന്ദർശിക്കാൻ. കുറെയേറെ കഷ്ടപ്പാടും ബുദ്ധിമുട്ടുമൊക്കെ ഉണ്ടായിരുന്നെങ്കിലും തിരികെ പള്ളിയിലെത്തി കിട്ടിയ തുക എണ്ണിയപ്പോൾ എല്ലാവരും കഷ്ടപ്പാടുകളെ മറന്നുപോയി. അന്നത്തെക്കാലത്ത് ഏതാണ്ട് അയ്യായിരത്തോളം രൂപ. പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ കുഷ്ഠരോഗികളുടെ ക്ഷേമപ്രവർത്തകൻ വർഗീസ് കൊരട്ടിക്ക് ആ തുക കൈമാറി. അന്നു കെ.ജെ. ജോയിയെ ചേർത്തുപിടിച്ചുകൊണ്ട് അച്ചൻ പറഞ്ഞു, നിങ്ങൾ നോക്കിക്കോ, ഇവൻ അതിവേഗം സംഗീതവുമായി സിനിമാലോകം കീഴടക്കും... അച്ചന്റെ വാക്കുകൾ ഒരു പ്രവചനമായിരുന്നെന്നു പിന്നീട് കാലം തെളിയിച്ചു.
മനം കവർന്ന ജോയി
ഇരുനൂറിലേറെ സിനിമകൾക്കു സംഗീതം നൽകി ജോയി മലയാള സിനിമയുടെ മനംകവർന്നു. മലയാളി ഇന്നും മൂളിക്കൊണ്ടു നടക്കുന്ന സൂപ്പർ ഹിറ്റ് പാട്ടുകളിൽ പലതും ജോയിയുടെ സമ്മാനം. ആരുടെയും കീഴിൽ പ്രത്യേകിച്ച് സംഗീതം പഠിക്കാതെ പ്രതിഭയായ ആൾ. പന്ത്രണ്ട് ഹിന്ദി ചിത്രങ്ങളിലും അദ്ദേഹത്തിന്റെ സംഗീതം ആനന്ദംപൊഴിച്ചു. ബോളിവുഡിലെ എസ്.ഡി. ബർമൻ, ആർ.ഡി. ബർമൻ എന്നിവരുമൊക്കെയായി അടുത്ത ബന്ധം. എം.എസ്.വിശ്വനാഥന്റെ സഹായി. തമിഴിൽ ജോയി ചെയ്ത പാലും പഴവും കൈകളിലേന്തി എന്ന ഗാനം ഇന്നും സംഗീതപ്രേമികൾക്ക് പ്രിയപ്പെട്ടത്.
പി.കെ.ബാലകൃഷ്ണന്റെ ലൗ ലെറ്റർ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരും, മഴ പെയ്തു മണ്ണു കുളിർത്തു... എന്നിങ്ങനെയുള്ള ഗാനങ്ങൾ മലയാള സിനിമാലോകത്തെ വിസ്മയിപ്പിച്ചു. കാലിത്തൊഴുത്തിൽ പിറന്നവനേ... എന്നുള്ള അദ്ദേഹത്തിന്റെ ക്രിസ്മസ് ഗാനം മുഴങ്ങാത്ത ക്രിസ്മസ് ഉണ്ടോ? മികച്ച സാങ്കേതിക സംവിധാനങ്ങളിലൂടെ സംഗീതപരിക്ഷണം നടത്തിയ പ്രതിഭകൂടിയായിരുന്ന കെ.ജെ. ജോയി 2024 ജനുവരിയിൽ 77-ാം വയസിൽ വിടപറഞ്ഞു.