ഉപേക്ഷിക്കപ്പെട്ട ജിപി ബ്ലോക്ക്
അജിത് ജി. നായർ
Sunday, May 4, 2025 12:50 AM IST
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലമായതുകൊണ്ട് മീററ്റിന് ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ പ്രധാന സൈനിക, ഭരണ കേന്ദ്രങ്ങളായി മീററ്റ് മാറുകയും ചെയ്തിരുന്നു. അക്കാലത്താണ് ജിപി ബ്ലോക്ക് ഉയരുന്നത്. ഭരണനിര്‍വഹണത്തിനും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വാസത്തിനും വേണ്ടിയായിരുന്നു ഈ കെട്ടിടസമുച്ചയം.
ജനറല്‍ പോസ്റ്റ് അഥവാ ജനറല്‍ പര്‍പസ് എന്നതാണ് 'ജിപി' എന്നതുകൊണ്ട് വിവക്ഷിക്കുന്നതെങ്കിലും ഇത് സ്ഥിരീകരിക്കുന്ന ഔദ്യോഗിക രേഖകളൊന്നും ലഭ്യമല്ല. ഇവിടെ സൂക്ഷിക്കപ്പെട്ടിരുന്ന രേഖകളില്‍ ഭൂരിഭാഗവും സ്വാതന്ത്ര്യാനന്തരം നഷ്ടപ്പെടുകയോ വേണ്ടത്ര പരിപാലനമില്ലാതെ നശിക്കുകയോ ചെയ്തു.
1947ന് ശേഷം കെട്ടിടസമുച്ചയം ഉപയോഗിക്കാതെയായി. കാലക്രമേണ പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ടു. പിന്നീട് മരങ്ങളുടെയും വള്ളിച്ചെടികളുടെയും ഒരു ഗേഹമായി. പതിറ്റാണ്ടുകൾ പിന്നിട്ടതോടെ ഇതുമായി ബന്ധപ്പെട്ട കഥകളും പ്രചരിച്ചു. ഇപ്പോള്‍ രാത്രി കാലങ്ങളില്‍ ആരും ഇവിടേക്ക് വരാറില്ല.
കഥകൾക്കു കുറവില്ല
ഇരുള് പരക്കുന്നതോടെ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കാമെന്നും നിഴല്‍ രൂപങ്ങള്‍ ഉലാത്തുന്നതു കാണാമെന്നുമൊക്കെയാണ് പ്രദേശവാസികള്‍ പ്രചരിപ്പിക്കുന്ന കഥകൾ. ഇന്ത്യന്‍ പ്രതിരോധ സേനയുടെ അധീനതയിലാണ് ഇന്നു ജിപി ബ്ലോക്ക്.
സ്വാതന്ത്ര്യാനന്തരം ആദ്യ കാലങ്ങളില്‍ കരസേന ഇത് സബ് ഏരിയ ഓഫീസ് ആയി ഉപയോഗിച്ചിരുന്നു. 1950കളിൽ ഒരു ജൂണിയര്‍ സൈനികോദ്യോഗസ്ഥന് ഇവിടേക്കു താമസം മാറ്റി. അന്‍പതുകളുടെ അവസാനം അദ്ദേഹം മാറി. പിന്നീടാരും ഈ കെട്ടിടത്തിൽ താമസിച്ചിട്ടില്ല. ഇടയ്ക്ക് ഇവിടെയുള്ള മൂന്നു മന്ദിരങ്ങളിലൊന്നിന്റെ ഗ്രൗണ്ട് ഫ്ളോര്‍ പരിപാലിക്കാനായി സൈന്യം ഏതാനും കെയര്‍ടേക്കര്‍മാരെ നിയോഗിച്ചിരുന്നു.
എന്നാല്‍, ഈ കെയര്‍ടേക്കര്‍മാര്‍ സല്ലപിക്കാനെത്തുന്ന കമിതാക്കളും ചൂതാട്ടക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇവിടെയുള്ള മുറികള്‍ അനധികൃതമായി വാടകയ്ക്കു നല്‍കിയതോടെ ഇവിടം അസന്മാര്‍ഗികളുടെ കേന്ദ്രമായി മാറി.
ഇതു പരിധിവിട്ടതോടെ സൈന്യം കെയര്‍ടേക്കര്‍മാരെ പുറത്താക്കി. ഇവിടേക്കുള്ള പ്രവേശനം നിഷേധിച്ച് വലിയൊരു ഇരുമ്പ് ഗേറ്റും സ്ഥാപിച്ചു. എന്നിരുന്നാലും പ്രേതക്കഥകളില്‍ കൗതുകമുള്ളവര്‍ ഇന്നും ഇവിടേക്ക് എത്താറുണ്ട്.