നഷ്ടപ്പെടുന്പോൾ മാത്രം...
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, August 30, 2025 8:58 PM IST
1870ലെ യുദ്ധം എന്നറിയപ്പെടുന്ന ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം (ജൂലൈ 19, 1870-ജനുവരി 28, 1871) യൂറോപ്പിലെ ഫ്രാൻസിന്റെ ആധിപത്യത്തെ വെല്ലുവിളിച്ച യുദ്ധമായിരുന്നു.
പ്രഷ്യയുടെ നേതൃത്വത്തിൽ നോർത്ത് ജർമൻ കോണ്ഫെഡറേഷൻ നടത്തിയ ഈ യുദ്ധത്തിൽ ഫ്രാൻസിന് വലിയ തിരിച്ചടിയാണുണ്ടായത്. യുദ്ധത്തെ തുടർന്ന് പതിമൂവായിരത്തിലേറെ ചതുരശ്ര കിലോമീറ്റർ വരുന്ന ആൽസാസ്-ലൊറെയ്ൻ ഭൂവിഭാഗം ഫ്രാൻസിനു നഷ്ടമായി.
ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഫ്രഞ്ച് കഥാകൃത്തായ അൽഫോൻസ് ഡൊഡെ എഴുതിയ മനോഹരമായ ഒരു ചെറുകഥയാണ് "ദ ലാസ്റ്റ് ക്ലാസ്'. അവസാന ക്ലാസ് എന്ന അർഥംവരുന്ന ഈ ചെറുകഥയിലെ പ്രധാന കഥാപാത്രം ഫ്രാൻസ് എന്ന ബാലനാണ്. രാവിലെ സ്കൂളിൽ പോകാൻ സമയമായപ്പോൾ അവന് വല്ലാത്തൊരു വൈമനസ്യമായിരുന്നു.
അന്നത്തേക്കു പഠിക്കേണ്ടിയിരുന്ന ഫ്രഞ്ച് ഗ്രാമർ അവൻ പഠിച്ച് ഒരുങ്ങിയിട്ടില്ലാതിരുന്നതാണ് അതിനു കാരണം. ഫ്രഞ്ച് അധ്യാപകനായ ഹാമലിന്റെ ശകാരം കേൾക്കേണ്ടിവരുമെന്ന കാര്യത്തിൽ അവന് ഒട്ടും സംശയമില്ലായിരുന്നു. എന്നാൽ സ്കൂളിലെത്തിയപ്പോൾ അവൻ കണ്ടത് പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല. ക്ലാസ് റൂം കുട്ടികളെയും ഗ്രാമീണരെയുംകൊണ്ടു നിറഞ്ഞിരുന്നു.
കുട്ടിക്കാലത്തു പഠിക്കാൻ സാധിക്കാതിരുന്നതുകൊണ്ടാണ് പ്രായമുള്ള ഗ്രാമീണരും കുട്ടികളോടൊപ്പം പഠിക്കാനെത്തിയിരുന്നത്. അവരെല്ലാവരും നിശബ്ദരായി ഹാമലിന്റെ വാക്കുകൾ ശ്രദ്ധിക്കുകയായിരുന്നു. ഹാമൽ ആകട്ടെ പതിവിനു വിപരീതമായി ഏറ്റവും ഭംഗിയുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
അതിനൊരു കാരണമുണ്ടായിരുന്നു. അന്നത്തെ ഫ്രഞ്ച് ക്ലാസ് ആ സ്കൂളിലെ അവസാനത്തെ ക്ലാസായിരുന്നു. സ്കൂൾ നിലനിന്നിരുന്ന സ്ഥലവും സമീപപ്രദേശങ്ങളുമെല്ലാം പ്രഷ്യയും കൂട്ടരും പിടിച്ചടക്കിയിരുന്നതുകൊണ്ട് അടുത്തദിവസംമുതൽ ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്നത് ഗവണ്മെന്റ് മുടക്കിയിരുന്നു. ജർമൻ ഭാഷ പഠിക്കാനും പഠിപ്പിക്കാനും മാത്രമേ അവിടെ അനുവാദമുണ്ടായിരുന്നുള്ളൂ.
ഈ പശ്ചാത്തലത്തിലാണ് അധ്യാപകനായ ഹാമൽ സംസാരിച്ചത്. ലോകത്തെ ഏറ്റവും സുന്ദരമായ ഭാഷയാണ് ഫ്രഞ്ച് എന്നുപറഞ്ഞ അദ്ദേഹം തങ്ങളുടെ ആ മാതൃഭാഷ നന്നായി പഠിക്കാനും അതിനെ സ്നേഹിക്കാനും പരിരക്ഷിക്കാനും ആഹ്വാനംചെയ്തു. ഫ്രഞ്ച് ശരിയായി പഠിക്കുന്നതിൽ അലംഭാവം കാണിച്ച മുതിർന്നവരെ അദ്ദേഹം ശാസിക്കുകയും ചെയ്തു.
തുടർന്ന് ഹാമൽ ഫ്രഞ്ച് ഗ്രാമർ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ ഫ്രാൻസ് എന്ന ബാലൻ അതീവശ്രദ്ധയോടെ ക്ലാസ് ശ്രദ്ധിക്കാൻ തുടങ്ങി. അന്നുവരെ ഫ്രഞ്ച് ഗ്രാമർ പഠിക്കുന്നതിൽ വിമുഖനായിരുന്ന അവൻ തനിക്കിനി ഫ്രഞ്ച് പഠിക്കാൻ സാധിക്കില്ലല്ലോ എന്നോർത്തപ്പോൾ ഏറെ ദുഃഖിതനായി. എത്രയോ നല്ല അവസരമാണ് താൻ വിനിയോഗിക്കാതെപോയതെന്ന് അവൻ വേദനയോടെ ഓർമിച്ചു.
അന്ന് പതിവിൽകൂടുതൽ ആവേശത്തോടെ പഠിപ്പിച്ച അധ്യാപകൻ ക്ലാസ് അവസാനിപ്പിച്ചത് "ഫ്രാൻസ് നീണാൾ വാഴട്ടെ' എന്ന് ബ്ലാക്ക് ബോർഡിൽ എഴുതിക്കൊണ്ടായിരുന്നു. ഇത് യുദ്ധമോ രാഷ്ട്രീയമോ സംബന്ധിച്ച കഥയല്ല. പ്രത്യുത നമുക്കുള്ളതു നഷ്ടപ്പെടുന്പോൾമാത്രം അതിന്റെ മൂല്യം തിരിച്ചറിയുന്ന സ്വഭാവസവിശേഷത നമ്മെ അനുസ്മരിപ്പിക്കുന്ന കഥയാണ്.
ഫ്രഞ്ച് പഠിക്കാൻ അവസരമുണ്ടായിരുന്നപ്പോൾ ബാലനായ ഫ്രാൻസും മറ്റു ഗ്രാമീണരും അതിന്റെ വില മനസിലാക്കിയില്ല. ആ ഭാഷ പഠിക്കുന്നതും പഠിപ്പിക്കുന്നതും നിരോധിച്ചുള്ള ഉത്തരവു വന്നപ്പോഴാണ് തങ്ങൾക്ക് മാതൃഭാഷയുടെ വില മനസിലാകാതെപോയതിനെക്കുറിച്ച് ബോധ്യം വന്നത്. ഫ്രാൻസ് എന്ന ബാലന്റെയും കുറേ ഗ്രാമീണരുടെയും കഥമാത്രമല്ല ഇത്; നമ്മുടേതുകൂടിയാണ്.
ജീവിതത്തിൽ എന്തെല്ലാം നന്മകൾ നാം അനുഭവിക്കുന്നു! എന്നാൽ അവയുടെ മൂല്യം പലപ്പോഴും നാം തിരിച്ചറിയുന്നില്ല എന്നതല്ലേ വാസ്തവം? ഉദാഹരണമായി നമ്മുടെ ആരോഗ്യംതന്നെ എടുക്കാം. രോഗങ്ങളില്ലാതെയിരിക്കുന്ന അവസ്ഥ എത്രയോ അഭിലഷണീയവും അതീവ മൂല്യമുള്ളതുമാണ്. എന്നാൽ നമ്മിൽ എത്രപേർക്ക് അതേക്കുറിച്ച് അവബോധവും നന്ദിയുമുണ്ട്? ഗൗരവമായ എന്തെങ്കിലും രോഗംവരുന്പോഴല്ലേ രോഗമില്ലാത്ത അവസ്ഥയുടെ മാഹാത്മ്യം നാം മനസിലാക്കുന്നത്?
ഇപ്പോൾ നമ്മുടെ രാജ്യത്ത് ഏതെല്ലാം തരത്തിലുള്ള സ്വാതന്ത്ര്യങ്ങളാണ് നാം അനുഭവിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യവും രാഷ്ട്രീയസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമെല്ലാം അതിൽ ഉൾപ്പെടും. എന്നാൽ അവ നഷ്ടപ്പെടുന്പോഴല്ലേ അവയുടെ യഥാർഥ വില നാം തിരിച്ചറിയുന്നത്? ഈ സ്വാതന്ത്ര്യങ്ങളൊന്നും അനുഭവിക്കാൻ ഭാഗ്യമില്ലാതെ എത്രയോ ജനകോടികളാണ് ഈ ഭൂമുഖത്തുള്ളത്.
ബാലനായ ഫ്രാൻസ് അന്ന് സ്കൂളിൽനിന്നു തിരിച്ചുപോയത് നിറകണ്ണുകളോടെയായിരുന്നു. തനിക്കിനി ഫ്രഞ്ച് പഠിക്കാൻ സാധിക്കില്ലല്ലോ എന്ന ദുഃഖമായിരുന്നു അവന്. അവന്റെ അനുഭവം നമുക്കൊരു പാഠമാകട്ടെ. അനുദിനം നാം അനുഭവിക്കുന്ന നന്മകൾ നമുക്കു ലഭിക്കുന്ന എത്രയോ വലിയ നിധികളാണ് എന്ന അവബോധമുണ്ടാകാൻ അവ നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ട.
ഇപ്പോൾതന്നെ ആ നന്മകളുടെ മൂല്യം മനസിലാക്കി നന്ദിയോടെ അവ നമുക്കു സ്വീകരിക്കാം. അവയുടെ ഉറവിടമായ, കരുണാനിധിയായ ദൈവത്തോടു നന്ദിയുള്ളവരായിരിക്കാം. ബ്രിട്ടീഷ് ചിന്തകനായ ജി.കെ. ചെസ്റ്റർട്ടണ് എഴുതുന്നു: "ജീവിതത്തിന്റെ കാര്യത്തെക്കുറിച്ച് വരുന്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം നാം അതേക്കുറിച്ച് നിസംഗതയോടെയാണോ അതോ നന്ദിയോടെയാണോ കാണുന്നത് എന്നതാണ്'.
ജീവിതത്തിൽ നാം അനുഭവിക്കുന്ന നന്മകളെക്കുറിച്ച് നാം നന്ദിയുള്ളവരായിരിക്കണമെന്ന് ദൈവവചനവും പഠിപ്പിക്കുന്നുണ്ട്: "കർത്താവിനു നന്ദിപറയുവിൻ; അവിടന്നു നല്ലവനാണ്. അവിടത്തെ കാരുണ്യം എന്നും നിലനിൽക്കുന്നു' (സങ്കീ 118:1).ജീവിതത്തിലെ നന്മകളെക്കുറിച്ച് നമുക്കു നന്ദിയുണ്ടെങ്കിൽ അവയുടെ മൂല്യത്തെക്കുറിച്ചുള്ള അവബോധം നമുക്കൊരിക്കലും നഷ്ടപ്പെടില്ല എന്നതാണ് വാസ്തവം.