Kerala
കൊച്ചി: മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനെ അഭിനന്ദിച്ച് നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച.
കേരളത്തിന്റെ പൊതുവായ വികസനത്തിനും പുരോഗതിക്കും കൂടുതൽ കാര്യങ്ങൾ നിർവഹിക്കാൻ കഴിയുന്നതോടൊപ്പം വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് പ്രവാസിക്ഷേമം കൂടുതലായി ഉറപ്പുവരുത്താനും കഴിയട്ടെയെന്നും യൂസഫലി ആശംസിച്ചു.
Kerala
തിരുവനന്തപുരം: അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡാമുകളുടെ സുരക്ഷ, മഴയുടെ ലഭ്യത, നീരൊഴുക്ക് എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കണം. കേന്ദ്ര ജല കമ്മീഷനും ഡാം സുരക്ഷാ അഥോറിറ്റിയുമായും വകുപ്പുകൾ തുടർച്ചയായ ബന്ധം പുലർത്തണം. അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവിന് മുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണം.
ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന-വില്ലേജ് തലങ്ങളിൽ പുതുക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ കുടുംബങ്ങളുടെയും അതിഥി തൊഴിലാളികളുടെയും വിവരശേഖരണം നടത്തി മുന്നറിയിപ്പുകൾ സമയബന്ധിതമായി എത്തിക്കുന്ന സംവിധാനം ഒരുക്കണം.
മഴക്കാല പൂർവ ശുചീകരണം എല്ലാ തദ്ദേശസ്ഥാപനങ്ങളും അടിയന്തരമായി പൂർത്തീകരിക്കണം. ഓടകൾ, കൈത്തോടുകൾ, കനാലുകൾ എന്നിവയിലെ തടസങ്ങൾ നീക്കുകയും മാലിന്യനിർമാർജനം വേഗത്തിലാക്കുകയും വേണം. കൊതുക് നശീകരണ പ്രവർത്തനങ്ങളും ശക്തമാക്കണം.
ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്ന കെട്ടിടങ്ങളിൽ ശുചിമുറി, വൈദ്യുതി, ലൈറ്റ്, ഫാൻ, അടുക്കള എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. ക്യാമ്പ് കേന്ദ്രങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
യോഗത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ മന്ത്രി കെ. മുരളീധരൻ, റവന്യു മന്ത്രി എ.പി. അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവർ പങ്കെടുത്തു.
Kerala
കൊച്ചി: സീറോ മലബാർ സഭയുടെ പ്രതിനിധിസംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു.
ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച്ബിഷപ് മാർ ജോസഫ് പാംബ്ലാനി, ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് മാർ ജോസ് പുളിക്കൽ, സഭയുടെ പിആർഒ. ഫാ. ഡോ. ടോം ഓലിക്കരോട്ട്, പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ സഭയുടെ തിരുവനന്തപുരത്തെ ലെയ്സൺ ഓഫീസർ ഫാ. ഡോ. ജോൺ തെക്കേക്കര, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ എന്നിവരാണു പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.
മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന പ്രതിനിധിസംഘം സഭയും സമുദായവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പരിഗണനയ്ക്കായുള്ള വിവിധ വിഷയങ്ങളടങ്ങിയ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ കത്ത് കൈമാറി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ടു താൻ മൗനിബാബയാണോയെന്ന് ചോദിച്ച് 12 തവണയാണ് മാധ്യമങ്ങൾ പ്രതികരണം തേടിയതെന്നും അതിൽ ഒരുതവണ മൈക്ക് മുഖത്ത് ഇടിച്ചെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മൈക്ക് മുഖത്ത് ഇടിച്ചിട്ടും താൻ മിണ്ടാതെ പോയി.
ഇതൊക്കെ ശരിയാണോ എന്നു ചിന്തിക്കണം. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴും തിരിച്ചു വണ്ടിയിൽ കയറുന്പോഴുമെല്ലാം ചോദ്യങ്ങളുമായി പിന്തുടർന്നു. ഡൽഹി വിമാനത്താവളത്തിലും കൊച്ചിയിൽ രാത്രി വിമാനമിറങ്ങിയപ്പോഴും ചാനലുകൾ പ്രതികരണം തേടി പിന്നാലെ വന്നു.
“ഞാൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നത്. കണ്ട ഉടനെ ഞാൻ പറഞ്ഞു, ഇഡിയെ ക്കൊണ്ട് പിണറായിയുടെ വീട് ഉടൻ റെയ്ഡ് ചെയ്യണം. മോദി അപ്പോൾ തന്നെ ഫോണ്‍ എടുത്ത് കുത്തി. സതീശൻ വന്നിട്ട് ആദ്യമായി ഒരു കാര്യം പറയുകയാണ്. നാളെ രാവിലെ തന്നെ എല്ലാ സ്ഥലത്തും റെയ്ഡ് ചെയ്യണം. ഞാൻ പറഞ്ഞു.
ഒരു സ്ഥലത്ത് പോരാ, 12 സ്ഥലത്ത് ചെയ്യണം. അങ്ങനെയാണ് 12 സ്ഥലത്ത് റെയ്ഡ് ചെയ്തത്’- ഇങ്ങനെയാണ് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളോടു പറയുന്നത്. ഇങ്ങനെയൊക്കെ മറ്റാരു പറഞ്ഞാലും തന്നെക്കുറിച്ചു പിണറായി വിജയൻ ഇങ്ങനെ പറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
താൻ മറുപടി പറയേണ്ട സമയം താനാണ് തീരുമാനിക്കേണ്ടത്. മാധ്യമങ്ങൾ ആവശ്യപ്പെടുന്പോഴല്ല. മറിച്ച്, താൻ എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തനിക്ക് വേണം. പ്രതികരണം പഠിച്ചിട്ടാകണം. വെറുതെ പറയാനാവില്ല. ഇതിനെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയുമായി താരതമ്യം ചെയ്യരുത്. എനിക്ക് മുൻപുണ്ടായിരുന്ന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. പിണറായി വിജയനും കണ്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചു പഠിച്ചുവരുന്നതായും കൂടുതൽ പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
കിഫ്ബി ബോർഡ് യോഗം ചേർന്നെങ്കിലും അജൻഡകൾ മാറ്റിവച്ചത് ഇതിന്റെ ഭാഗമായാണ്. സമിതി റിപ്പോർട്ട് വന്നശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക. നയപ്രഖ്യാപനത്തിൽ കിഫ്ബിയെക്കുറിച്ചു പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സർക്കാരിന്റെ ബ്ലു ഇക്കണമിയല്ല കേരളത്തിന്റെ തുറമുഖ നഗര പദ്ധതി. ഇപ്പോൽ കപ്പലുകളിലും വെസലുകളിലും ഉല്ലാസ യാത്ര നടത്താൻ വിദേശത്തു പോകണം.
കേരളത്തിൽ ആഭ്യന്തര കപ്പൽ യാത്ര നടത്താൻ കഴിയുന്ന തരത്തിൽ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളം പുതുയുഗത്തിലേക്ക് ചുവടുവയ്ക്കുകയാണെന്നും ആ നയങ്ങളുടെ പ്രഖ്യാപനമാണ് ഗവർണർ നടത്തിയതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
തെരഞ്ഞെടുപ്പു കാലത്തു നൽകിയ വാഗ്ദാനം പൂർണമായി നടപ്പാക്കും. വെല്ലുവിളികളെ ജനാധിപത്യ മാർഗത്തിലൂടെ അതിജീവിച്ചു പുതുയുഗയാത്ര തുടരും.
ഇന്ദിരാഗാരന്റിയിൽ രണ്ടെണ്ണത്തിൽ ഇതിനോടകം തീരുമാനമെടുത്തു. ബാക്കിയുള്ളവ പരിശോധിച്ച് ഉചിതമായ സമയത്ത് നടപ്പാക്കും.
കേരളത്തെ തുറമുഖ നഗരമാക്കുകയാണ് ലക്ഷ്യം. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്നർ തുറമുഖത്തെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ചു വലിയ പദ്ധതിക്ക് തുടക്കമിടുന്നു. മത്സ്യബന്ധനം, കയറ്റുമതി, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകൾക്ക് അതു മുതൽക്കൂട്ടാകും.
ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാന ഏവിയേഷൻ ഹബ്ബായി കേരളത്തെ മാറ്റും. അതിനാവശ്യമായ ഏവിയേഷൻ പദ്ധതി സർക്കാരിന്റെ പക്കലുണ്ട്. 10,000 ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് സർക്കാർ സഹായം നല്‍കും.
അവ ബജറ്റിൽ പ്രഖ്യാപിക്കും. നയപ്രഖ്യാപനത്തിന് അനുബന്ധമായ ബജറ്റ് പ്രഖ്യാപനങ്ങളുണ്ടാകും. വിസ്മയങ്ങൾ ബജറ്റിലുണ്ടാകുമെന്നും സതീശൻ പറഞ്ഞു.
Kerala
മലപ്പുറം: പാണക്കാട്ടെ ബലിപെരുന്നാൾ സന്തോഷങ്ങളിലേക്ക് അതിഥിയായെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പദവി ഏറ്റെടുത്തശേഷം ആദ്യമായാണ് മലബാറിലേക്ക് വി.ഡി. സതീശൻ എത്തുന്നത്.
അതും ആദ്യസന്ദർശനം പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിലേക്ക്. വ്യാഴാഴ്ച രാവിലെ എറണാകുളത്തെ വീട്ടിൽനിന്നാണു മുഖ്യമന്ത്രി പാണക്കാട്ടേക്ക് തിരിച്ചത്. എംഎൽഎമാരായ വി.എസ്. ജോയിയും കെ.പി. നൗഷാദലിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറിയും വ്യവസായ-ഐടി വകുപ്പു മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ തുടങ്ങി പാണക്കാട്ടെ മറ്റു സയ്യിദൻമാരും നേതാക്കളും ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇവർക്കൊപ്പമായിരുന്നു വി.ഡി. സതീശൻ പ്രഭാതഭക്ഷണം കഴിച്ചത്.
എല്ലാ ജനവിഭാഗങ്ങളും ജാതി, മത വ്യത്യാസമില്ലാതെ എല്ലാ ആഘോഷങ്ങളിലും ഒത്തുചേരാനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടാകണമെന്ന് സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ള നാളുകളിൽ അത്തരം ഐക്യം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബലിപെരുന്നാളിന്റെ ആഹ്ലാദ ദിനത്തിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.
മുഖ്യമന്ത്രിയുടേത് സ്വഭാവിക സന്ദർശനം മാത്രമാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാവർക്കും മത സ്വാതന്ത്ര്യമുള്ളതു പോലെ എല്ലാ വിശ്വാസങ്ങളെയും ആദരിക്കാനും കൂടിയുള്ള കടമ പൗരൻമാർക്കുണ്ടെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചെർത്തു.
Kerala
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുകയാണ് തന്റെ സ്വപ്നമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്നർ ടെർമിനലിനെയും 17 മിനി തുറമുഖങ്ങളെയും പരസ്പരം ഏകോപിപ്പിക്കും.
ഇതു കൂടാതെ കേരളത്തെ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ഏവിയേഷൻ ഹബാക്കി മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് ഉണർവേകാൻ 10,000 ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് പ്രത്യേക സഹായം നൽകും. ബജറ്റിൽ ഇതേക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകും.
പ്രതിസന്ധി നേരിടുന്ന കേരളത്തിലെ സഹകരണ മേഖലയെ ശക്തമായി തിരിച്ചുപിടിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണമായി ആധുനികവൽക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടിയുണ്ടാകും. സംസ്ഥാനത്തെ ലഹരി ശൃംഖലയെ പൂർണമായി തകർക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
സർക്കാരിന്റെ നയരാഹിത്യത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. അവരുടെ നയമല്ല മറിച്ച് ജനങ്ങൾ തെരഞ്ഞെടുത്ത പുതിയ സർക്കാരിന്റെ നയമാണ് തങ്ങൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. ഗവർണർ രാവിലെ ഒമ്പതിന് സഭയെ അഭിസംബോധന ചെയ്യും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, പെൻഷൻ വർധന അടക്കം ഇന്ദിരാ ഗാരന്റികൾ ഉൾപ്പെട്ടേക്കും.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഗാരന്റികൾ സംബന്ധിച്ച നയങ്ങളിൽ ഊന്നിയായിരിക്കും പ്രസംഗം. നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉണ്ടാകുമോ എന്നതും ഉറ്റുനോക്കുന്നു.
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നതും വയോജനവകുപ്പ് രൂപീകരിച്ചതും അടക്കമുള്ള പ്രഖ്യാപനങ്ങൾക്കായിരിക്കും ഊന്നൽ. ദേശീയപാത നിർമാണം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ ഉൾപ്പെടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം. രാവിലെ 8.55ഓടെ സഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവിന്റെ വീടുകളിൽ ഇഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിക്ക് പിന്നാലെ കേരളത്തിൽ എത്തിയിട്ടും വാർത്തകളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. മാധ്യമങ്ങൾ ചോദ്യങ്ങൾ ആവർത്തിച്ചിട്ടും പ്രതികരിക്കാതെ അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
റെയ്ഡിന് പിന്നിൽ 'വിഡി-ഇഡി-മോദി' കൂട്ടുകെട്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ റെയ്ഡ് നടന്നതെന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതേ കേസിൽ നിലവിലെ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾക്കെതിരെയും കടുത്ത ആരോപണങ്ങളുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ന് ദേശത്തെ വീട്ടിൽ തങ്ങുന്ന മുഖ്യമന്ത്രി നാളെ രാവിലെ മലപ്പുറത്തേക്ക് തിരിക്കും. രാവിലെ 9.30-ഓടെ പാണക്കാട് സാദിഖ് അലി തങ്ങളെ സന്ദർശിക്കുന്ന അദ്ദേഹം, ഉച്ചയ്ക്ക് ശേഷം കോഴിക്കോട് നടക്കുന്ന എം.പി. വീരേന്ദ്ര കുമാർ അനുസ്മരണ ചടങ്ങിലും പൗരാവലിയുടെ സ്വീകരണത്തിലും പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും.
National
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, ഡൽഹിയിലെത്തിയ മുഖ്യമന്ത്രി നടത്തുന്ന ഔദ്യോഗിക കൂടിക്കാഴ്ചകളുടെ ഭാഗമായാണ് ഇത്. കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഇന്ന് തന്നെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള കേന്ദ്ര സഹായം, സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികൾക്കുള്ള അനുമതി, വിവിധ കേന്ദ്ര-സംസ്ഥാന പങ്കാളിത്ത പദ്ധതികളുടെ ഏകോപനം എന്നിവ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയങ്ങളാകും. പുതിയ മുഖ്യമന്ത്രിയെന്ന നിലയിൽ കേന്ദ്ര ഭരണനേതൃത്വവുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുക എന്നതും ഈ സന്ദർശനത്തിന്റെ ലക്ഷ്യമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തെത്തുടർന്ന് മേയ് 18നാണ് വി.ഡി. സതീശൻ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുൻപ് പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനമാണിത്.
National
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ പ്രതിഷേധിച്ച കെഎസ്യു നേതാക്കളെ ക്രൂരമായി ആക്രമിച്ച കേസിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേ സ്വീകരിച്ച നടപടി രാഷ്ട്രീയ പ്രേരിതമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണസംഘം കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരേ ആദ്യം നടപടി സ്വീകരിച്ചിരിക്കുന്നത്.
കേരളം മുഴുവനും കണ്ട ക്രൂരമായ മർദനമാണ് രക്ഷാപ്രവർത്തനം എന്നപേരിൽ കെഎസ്യു പ്രവർത്തകർക്കെതിരേ ഉദ്യോഗസ്ഥർ നടത്തിയത്. മക്കളുള്ള ആരു കണ്ടാലും സഹിക്കാത്ത തരത്തിലുള്ള ആക്രമണമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്.
ചില കാര്യങ്ങൾ മറക്കാൻ പറ്റില്ല. അധികാരമേറ്റശേഷം ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമായിരുന്നു വിഷയത്തിലെ തുടരന്വേഷണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
റിപ്പോർട്ട് പൂർണമായും പരിശോധിച്ച് സംഭവത്തിൽ ഇടപെട്ടവർക്കെതിരേ ഉചിതമായ നടപടിയുണ്ടാകും.ആദ്യപടി എന്ന രീതിയിലാണ് അഞ്ച് ഉദ്യോഗസ്ഥർക്കെതിരേ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: കേരളത്തിന്റെ സ്വപ്നപദ്ധതികൾക്ക് സഹായവും സംസ്ഥാനത്തിന് കൂടുതൽ കേന്ദ്രവിഹിതവും വേണമെന്നു കേന്ദ്രത്തോട് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുനന്പത്തെ ജനതയ്ക്ക് അവരുടെ ഭൂമിയിൽ പൂർണാവകാശവും നികുതി അടയ്ക്കാനുള്ള സംവിധാനവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.
പുതിയ കേരളം സൃഷ്ടിക്കാൻ എല്ലാവരുടെയും സഹായവും സഹകരണവും തേടുമെന്ന് സതീശൻ പറഞ്ഞു. എന്നാൽ കേരളത്തിന്റെ സ്വപ്നപദ്ധതികൾ ഏതൊക്കെയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും നടത്തിയ ചർച്ച ഊഷ്ളവും ക്രിയാത്മകവുമായിരുന്നുവെന്ന് സതീശൻ പറഞ്ഞു.
പ്രധാനമായും മര്യാദയുടെ പേരിലുള്ള സൗഹൃദസന്ദർശമായിരുന്നു ഇന്നലത്തേത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളടങ്ങിയ വിശദമായ നിവേദനങ്ങളും വിശദമായ പദ്ധതിറിപ്പോർട്ടുകളും വൈകാതെ കേന്ദ്രത്തിന് സമർപ്പിക്കും-പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി എന്നിവരുമായി നടത്തിയ ചർച്ചയ്ക്കുശേഷം ഡൽഹിയിലെ കേരള ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ സന്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രം അടുത്ത മാസാദ്യം പുറത്തിറക്കും. സിൽവർ ലൈൻ ഉപേക്ഷിച്ചതു തന്റെ സർക്കാരല്ല. മുൻ സർക്കാരാണ്. സ്ഥലം ഏറ്റെടുത്ത വിജ്ഞാപനം നിലനിന്നു. അതാണിപ്പോൾ റദ്ദാക്കിയത്. സാധാരണക്കാർക്കു സ്ഥലം വിൽക്കാൻ കഴിയാത്തതിനാലാണിത്. എങ്കിലും പുതിയൊരു അതിവേഗ റെയിൽ പദ്ധതി കേരളത്തിന് ആവശ്യമല്ലേയെന്നു മുഖ്യമന്ത്രി ചോദിച്ചു. പുതിയ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച പിഎം ശ്രീ പദ്ധതിയുടെ ഭാവി സംബന്ധിച്ച് നിയമപരമായ കാര്യങ്ങൾ പരിശോധിക്കും. മന്ത്രിസഭായോഗത്തിലും ഇക്കാര്യം സംസാരിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ 40 ശതമാനം വിഹിതം സംസ്ഥാനം കണ്ടെത്തണമെന്നാണ് പുതിയ നിർദേശം.സംസ്ഥാനത്തിന് കൂടുതൽ സാന്പത്തിക ബാധ്യതയാണിത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയോട് പറഞ്ഞു.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 5,580 കോടി രൂപ കേരളം നൽകി. ഈ തുക കടമെടുപ്പുപരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രത്തിൽനിന്നു പരമാവധി കാര്യങ്ങൾ നേടിയെടുക്കാനാകും ശ്രമം.
വിവിധ കേന്ദ്രപദ്ധതികളുടെ വിഹിതം, കേരളത്തിന് കിട്ടാനുള്ള തുക, കേന്ദ്രത്തിന്റെ സാങ്കേതിക തടസങ്ങൾ എന്നിവയെല്ലാം പരിശോധിക്കും. കിഫ്ബിയുടെ ഡയറക്ടർ ബോർഡ് ഉടൻ ചേർന്ന് അതു തുടരണമോയെന്നതിനെക്കുറിച്ച് തീരുമാനമെടുക്കും- മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളത്തിന് അർഹമായ ദുരിതാശ്വാസസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും.
നീറ്റ്, സിബിഎസ്ഇ ചോദ്യപേപ്പർ വിവാദത്തിലായ വിദ്യാർഥികളുടെ പ്രയാസമടക്കം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായും സതീശൻ ഇന്നു ചർച്ച നടത്തിയേക്കും.
ഡൽഹിയിലെ ട്രാവൻകൂർ പാലസ് മുഖ്യമന്ത്രി ഇന്നലെ സന്ദർശിച്ചു. ഡൽഹിയിലുള്ള കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം ഡോ. ശശി തരൂരിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് സതീശൻ വിശദചർച്ച നടത്തി.
National
ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗവും മുതിർന്ന എംപിയുമായ ഡോ. ശശി തരൂരിനെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ച നടത്തി.
"ഒരു മണിക്കൂർ നീണ്ട അദ്ഭുതകരമായ സംഭാഷണം'' എന്നാണ് സതീശനുമായി നടത്തിയ കൂടിക്കാഴ്ചയെ തരൂർ എക്സിൽ വിശേഷിപ്പിച്ചത്.
നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനു മുന്നോട്ടുള്ള വഴിയെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. വിവിധ മേഖലകളിൽ അദ്ദേഹം എന്റെ സഹായവും നയപരമായ ഉപദേശവും അഭ്യർഥിച്ചു.
പരിവർത്തനം ചെയ്യപ്പെട്ട ഒരു കേരളത്തെ കൊണ്ടുവരാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സഹകരണം വാഗ്ദാനം ചെയ്തു-
National
ന്യൂഡൽഹി: ഇന്ധനവില കൂടിയത് കേരളത്തെയാണ് കൂടുതൽ ബാധിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉപഭോക്തൃ സംസ്ഥാനമാണു കേരളം. വിദൂര സ്ഥലങ്ങളിൽനിന്നാണു ട്രക്കുകൾ കേരളത്തിലേക്ക് വരുന്നത്. അതിനാൽത്തന്നെ ഡീസൽ വില കൂടുന്നതിന്റെ ആഘാതം വലുതാണ്.
ഇന്ധന വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാൻ കേരളത്തിന്റെ നികുതിവിഹിതം കുറയ്ക്കണമോയെന്നു പരിശോധിക്കാൻപോലും കഴിയാത്തരീതിയിൽ ദിവസേന വില കൂട്ടുകയാണ്.
കേരളത്തെ വലിയ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വിലക്കയറ്റം. ഇതടക്കം കേരളത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അറിയിച്ചുവെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ മാനനഷ്ടക്കേസിൽ ഇടക്കാല ഉത്തരവ് പറയുന്നത് ജൂണ്‍ രണ്ടിലേക്ക് മാറ്റി. തിരുവനന്തപുരം മൂന്നാം സബ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
കോടതി നടപടികളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ വരുന്നതു നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു സതീശൻ നൽകിയ ഉപഹർജിയിലാണ് കോടതി വിധി പറയുക. കൈരളി, ദേശാഭിമാനി ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ വാർത്തകൾ വക്രീകരിച്ചു നൽകി തനിക്കെതിരേ അപകീർത്തികരമായ പ്രചാരണം നടത്തുന്നതു തടയണമെന്നാണ് ഉപഹർജിയിലെ ആവശ്യം.
ശബരമല സ്വർണപ്പാളി കവർച്ചയുമായി ബന്ധപ്പെടുത്തി തനിക്കെതിരേ അപകീർത്തികരമായ പ്രസ്താവന നടത്തിയ വി.ഡി. സതീശൻ പരസ്യമായി മാപ്പു പറയണമെന്നും സമാനമായ പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും ആവശ്യപ്പെട്ട് മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനാണു മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
കോട്ടയം: മുഖ്യമന്ത്രിയുമായി ലോക മലയാളി കൗണ്‍സില്‍ ആഗോള ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ എന്നിവയാണു ചർച്ച ചെയ്തത്.
ലോക മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം, കള്‍ച്ചറല്‍ ഫോറം ചെയര്മാന് ജോഷി മാത്യു, ഗ്ലോബല്‍ ചെയര്മാന് ഐസക് ജോണ്‍ പട്ടണിപ്പറമ്പില്, ഗ്ലോബല്‍ അംബാസഡര്‍ ജോണി കുരുവിള എന്നിവര്‍ പങ്കെടുത്തു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, റോജി ജോണ്‍, എം. ലിജു എന്നിവരുമായും ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍, സാമൂഹികസേവന പദ്ധതികള്‍, ഭാവി സഹകരണ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ വിവിധ കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയായി.
ലോക മലയാളി കൗണ്‍സില്‍ നടപ്പിലാക്കിവരുന്ന വിവിധ സേവനപദ്ധതികളുടെ രേഖകള്‍ നേതാക്കള്‍ക്കു സമര്‍പ്പിക്കുകയും ഭാവിയില്‍ സര്‍ക്കാര്‍-പ്രവാസി സംഘടനകളുടെ സഹകരണത്തോടെ കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
National
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ സ്വപ്ന പദ്ധതികൾക്കുള്ള പിന്തുണ തേടിയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ചുള്ള ധവളപത്രം ജൂണിൽ പുറത്തിറക്കും.
കേന്ദ്ര സംസ്ഥാന ബന്ധത്തിലെ ചില പ്രശ്നങ്ങൾ ഇരുവരുടെയും ശ്രദ്ധയിൽ പെടുത്തി. പരിഹരിക്കാമെന്ന് ഇരുവരും ഉറപ്പ് നൽകി. കടമെടുപ്പിന്റെ പരിധിയിൽ നിന്ന് ദേശീയ പാതാ വികസനത്തിനുള്ള തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ടു. ധവളപത്രം ഇറക്കിയ ശേഷം വിശദമായ പ്രോജക്ട് സമർപ്പിക്കും.
പിഎം ശ്രീ പദ്ധതിയുടെ നിയമവശങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ല. എത്രയും പെട്ടെന്ന് അവർക്ക് നികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും ഭൂമിയിൽ പൂർണാവകാശം വാങ്ങിച്ചുകൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനത്തിൽ നടപടി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. കേസന്വേഷണത്തിൽ നിരവധി അട്ടിമറികൾ ഉണ്ടായി. അജിത് കുമാറിന്റെ ഇടപെടലുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് പരിശോധിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: നെല്ല് സംഭരണം സംബന്ധിച്ച് മന്ത്രിമാരുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും ഇതു പഠിച്ച ശേഷമായിരിക്കും തുടർനടപടിയെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തുടർച്ചയായി ഇന്ധനവില വർധന ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഇതേക്കുറിച്ചും പഠിച്ചശേഷം എന്തു ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കും.
എത്രയാണ് കൂടുന്നത് എന്നറിയട്ടെ. അതിനുശേഷം ഇളവു നൽകുന്നതിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ലോക ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിപിഐ ജംഗ്ഷനിലെ ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ രാവിലെ 11.30ന് നടക്കുന്ന പരിപാടിയിൽ ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷയാകും. ഗതാഗത മന്ത്രി സി.പി. ജോൺ മുഖ്യപ്രഭാഷണം നടത്തും.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള ആദ്യ കൂടിക്കാഴ്ച ഇന്നു നടക്കും. രാവിലെ 11.15ന് പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച.
ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണെങ്കിലും കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയാകും. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പൂർത്തിയാക്കാൻ സാധിക്കാതെപോയ വിവിധ പദ്ധതികളുടെ പൂർത്തീകരണത്തിന് കേന്ദ്രസർക്കാരിന്റെ പിന്തുണ സംസ്ഥാനത്തിന് ആവശ്യമാണ്.
കേന്ദ്രസർക്കാരുമായി നയപരമായ വിയോജിപ്പുണ്ടെങ്കിലും തുടക്കത്തിലേ ഏറ്റുമുട്ടൽ ഒഴിവാക്കുക എന്ന നിലപാടാണ് സതീശന്. ഉച്ചകഴിഞ്ഞ് 2.30ന് ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാനായിരിക്കും മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രി എക്കാലത്തും ഊന്നൽ കൊടുക്കുന്ന തുറമുഖ വികസനത്തിൽ ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ പിന്തുണ അത്യാവശ്യമാണ്. കൂടാതെ എയിംസ് ഉൾപ്പെടെ കേരളം ആഗ്രഹിക്കുന്ന നിരവധി പദ്ധതികൾ കേന്ദ്രസർക്കാരിൽ നിന്നും സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് നേടിയെടുക്കേണ്ടതുണ്ട്.
Kerala
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. പത്തുമിനിറ്റു കൊണ്ട് തീർക്കാവുന്ന പ്രശ്നം പിണറായി സർക്കാർ കുളമാക്കി. രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടന്നത്.
മുൻ സർക്കാർ അതാണ് ചെയ്തത്. പോകുന്ന പോക്കിൽ വഖഫ് ബോർഡ് തന്നെ ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തി. എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ സർക്കാർ മുനമ്പത്ത് ഉള്ളവരെ കുടിയൊഴുപ്പിക്കില്ല.
പത്തു മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യമാണെന്നും വി.ഡി.സതീശൻ ആരോപിച്ചു. വിഷയത്തിൽ സംഘ്പരിവാർ വർഗീയ വിഭജനത്തിന് ശ്രമിച്ചു. സിപിഎമ്മും അതേ വഴിയാണ് ശ്രമിക്കുന്നത്. മുനമ്പം വിഷയത്തിൽ നിയമപരമായി സ്വീകരിക്കാൻ സാധിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കും.
ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവിടത്തെ താമസക്കാർ കൈയേറ്റക്കാരാണെന്നാണ് മുൻ സർക്കാരിന്റെ നിലപാട്. പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: കേരളത്തെ തുറമുഖ നഗരമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്വന്തം നാടായ പറവൂരിൽ നടന്ന സ്വീകരണച്ചടങ്ങിലായിരുന്നു പ്രഖ്യാപനം. മോഹൻലാൽ അടക്കമുള്ളവരെ സാക്ഷിയാക്കി, താൻ കാരണം ആർക്കും തലകുനിക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്നെ കുറിച്ച് ഓർത്ത് അപമാന ഭാരത്താൽ ഒരു പറവൂരുകാരനും തല കുനിച്ചു നിൽക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. കേരളത്തെ തുറമുഖ നഗരമാക്കാനുള്ള തുടക്കം ഉടനുണ്ടാകും. സർക്കാരിന് കൃത്യമായ പ്ലാൻ ഉണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു.
അതേസമയം മനസിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് നടൻ മോഹൻലാൽ ചടങ്ങിൽ പറഞ്ഞു. ഇരട്ടി സന്തോഷമുള്ള നേരമാണിത്. മലയാളികൾക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചുവെന്നും മോഹൻലാൽ പറഞ്ഞു.
സത്യസന്ധ്യതയും സുതാര്യതയും ഇഴ ചേർന്ന ആളാണ് അദ്ദേഹം. അതാവും ജനം വിഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിലെ വിഭവങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയട്ടെ.
നെഹ്റുവിയൻ സോഷ്യലിസ്റ്റ് നെഹ്റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ല. ചില ആകുലതകളും മോഹൻലാൽ പങ്കുവച്ചു. റോഡുകൾ ആളുകളെ കൊല്ലുന്ന അവസ്ഥയിൽ നിന്നും മാറണം. മാലിന്യം രോഗത്തിന് വഴി മാറരുതെന്നും മോഹൻലാൽ പറഞ്ഞു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രിയായശേഷമുള്ള വി.ഡി. സതീശന്റെ കന്നി കൂടിക്കാഴ്ച ചൊവ്വാഴ്ച. എയിംസ് അടക്കം ഏറെക്കാലമായുള്ള കേരളത്തിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി ഉയർത്തും.
കേന്ദ്രസർക്കാരുമായി തുടക്കത്തിലേ ഏറ്റുമുട്ടലിനില്ലെന്നും സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കായി പരമാവധി സഹകരിക്കാമെന്നുമാണ് സതീശന്റെ നിലപാട്. പ്രധാനമന്ത്രി ഇന്നലെ ഡൽഹിയിൽ ഇല്ലാതിരുന്നതിനാലാണ് സതീശന് ചൊവ്വാഴ്ച രാവിലെ കാണാൻ നിശ്ചയിച്ചത്.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായും സംഘടനാച്ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായുള്ള കൂടിക്കാഴ്ച പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്നലെ ഉച്ചകഴിഞ്ഞ് കൊച്ചിയിലേക്കു മടങ്ങി.
National
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന് സംസ്ഥാനഭരണത്തിൽ പൂർണ സ്വാതന്ത്ര്യമുണ്ടാകുമെന്നും പാർട്ടിയുടെ അനാവശ്യ ഇടപെടൽ ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് ഹൈക്കമാൻഡ്.
മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡൽഹിയിലെത്തിയ സതീശൻ ഇന്നലെ രാവിലെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി തിരക്കിട്ട ചർച്ചകൾ പൂർത്തിയാക്കി കേരളത്തിലേക്കു മടങ്ങി.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഇന്നലെ രാവിലെ ഒന്‍പതിന് അദ്ദേഹത്തിന്റെ ലോധി എസ്റ്റേറ്റിലെ വസതിയിലെത്തി കണ്ടു നടത്തിയ ചർച്ചയോടെയായിരുന്ന ഹൈക്കമാൻഡ് നേതാക്കളുമായുള്ള തിരക്കിട്ട കൂടിക്കാഴ്ചകളുടെ തുടക്കം.
പുറത്തിറങ്ങി വന്നു സ്വീകരിച്ചാണ് വേണുഗോപാൽ മുഖ്യമന്ത്രിയെ വീടിനുള്ളിലേക്ക് ആനയിച്ചത്. അവിടെനിന്നു നേരേ കോണ്‍ഗ്രസ് പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷനേതാവുമായ ഖാർഗെയുടെ വീട്ടിലെത്തി. പൂച്ചെണ്ട് നൽകിയും ഷാൾ അണിയിച്ചും ഖാർഗെ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
പതിനൊന്നരയോടെ ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിലെത്തി. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർ ചേർന്നു കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി.
കെപിസിസിക്ക് പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതടക്കം കേരളത്തിലെ വലിയ രാഷ്ട്രീയചർച്ചകൾ ഇന്നലെ ഉണ്ടായില്ലെന്ന് ഹൈക്കമാൻഡിനെ ഉദ്ധരിച്ച് ഒരുന്നത നേതാവ് അറിയിച്ചു. യുഡിഎഫിന്റെ വൻവിജയത്തിനു പിന്നാലെ നല്ല തുടക്കമാണ് സതീശൻ മന്ത്രിസഭയുടേത്. സന്പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വകുപ്പുവിഭജനവും അടക്കം സാധാരണ കീറാമുട്ടിയാകുന്ന പ്രധാന തീരുമാനങ്ങൾ വേഗത്തിലെടുക്കാനായതിൽ മുഖ്യമന്ത്രിയെ എഐസിസി നേതൃത്വം അഭിനന്ദിച്ചു.
സ്വതന്ത്രമായ തീരുമാനങ്ങളും നടപടികളുമെടുക്കാനും ജനാഭിലാഷം മാനിച്ച് സുതാര്യ ഭരണം നടത്താനും മുഖ്യമന്ത്രിക്ക് പൂർണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തുവെന്നും ഹൈക്കമാൻഡിലെ ഉന്നതൻ ദീപികയോട് പറഞ്ഞു. സർക്കാർ നിയമനങ്ങളിലും ഭരണകാര്യങ്ങളിലും അടക്കം മുഖ്യമന്ത്രിക്കു പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും പാർട്ടിയുടെ ഉന്നത നേതാക്കൾ പോലും ഇടപെടില്ലെന്നുമാണു ഹൈക്കമാൻഡിന്റെ നിലപാട്.
വേണുഗോപാലും സതീശനും നടത്തിയ ചർച്ച പ്രതീക്ഷിച്ചതുപോലെ സൗഹാർദപരമായിരുന്നു. വിവാദ വിഷയങ്ങളൊന്നും ചർച്ചയിൽ ഉയർന്നില്ല. എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ പിന്നീട് നടന്ന കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ ഡിപ്പാർട്ട്മെന്റ് ഉപദേശകസമിതി യോഗം നടന്നു.
എഐസിസി നേതൃത്വവുമായുള്ള ചർച്ചകൾ പൂർത്തിക്കിയശേഷം ഉച്ചകഴിഞ്ഞ് മൂന്നിനുള്ള വിമാനത്തിൽ മുഖ്യമന്ത്രി കൊച്ചിയിലേക്കു മടങ്ങി. മുഖ്യമന്ത്രിയായശേഷം ആദ്യമായി പറവൂരിലെത്തുന്ന സതീശന് സ്വന്തം വോട്ടർമാർ നൽകിയ സ്വീകരണത്തിനായാണു ഡൽഹി സന്ദർശനം വേഗം പൂർത്തിയാക്കിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ചെവ്വാഴ്ച വീണ്ടും ഡൽഹിയിലെത്തും.
വെള്ളിയാഴ്ച രാത്രി വൈകി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി സതീശന് കോണ്‍ഗ്രസ് പ്രവർത്തകർ ഊഷ്മള സ്വീകരണമാണു നൽകിയത്. എൻജിഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിൽ സതീശൻ കേക്ക് മുറിച്ചു. വിവിധ സംഘടനകൾക്കുവേണ്ടി ഭാരവാഹികൾ പൂച്ചെണ്ടുകൾ സമ്മാനിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ ഇന്നലെ വൈകുന്നേരത്തോടെ ഡൽഹിക്കു പോയി.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഡൽഹിക്കു പോയതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ വിശദീകരണം.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിമാർ എന്നിവരെ സന്ദർശിച്ചശേഷം ഇന്നു രാത്രി കൊച്ചിയിൽ മടങ്ങിയെത്തും.
മുഖ്യമന്ത്രിയായ ശേഷം ഹൈക്കമാൻഡ് നേതൃത്വവുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുമതി തേടിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. 29നു ശേഷം പ്രധാനമന്ത്രി ഡൽഹിയിലുണ്ടാകുമെന്ന മറുപടിയാണു ലഭിച്ചത്.
ഇന്നു രാത്രി കൊച്ചിയിൽ മടങ്ങിയെത്തുന്ന വി.ഡി. സതീശൻ നാളെ കൊച്ചിയിലെ സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുത്ത ശേഷം തിങ്കളാഴ്ച തിരുവനന്തപുരത്തു മടങ്ങിയെത്തും.
Kerala
തിരുവനന്തരം: മുനന്പം വിഷയത്തിനു പരിഹാരം കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പു നൽകിയെന്ന് ആക്ട്സ് പ്രസിഡന്റ് ബിഷപ് ഡോ. ഉമ്മൻ ജോർജ്, ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ബിഷപ് മാത്യുസ് മോർ സിൽവാനിയോസ് എന്നിവർ പറഞ്ഞു.
മുനന്പം ജനതയുടെ റവന്യൂ അവകാശങ്ങൾ സന്പൂർണമായി പുന:സ്ഥാപിക്കുകയാണ് വേണ്ടതെന്ന് അവർ പറഞ്ഞു.
സമര സമിതി ഭാരവാഹികൾ വരും ദിവസങ്ങളിൽ മുഖ്യമന്തിയെ കാണുന്നുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുവാൻ സർക്കാർ കാട്ടുന്ന പരിശ്രമത്തെ ആക്ട്സ് നേതാക്കൾ അഭിനന്ദിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾക്ക് തുടക്കമായി. മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യുവിനെ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. മാധ്യമപ്രവർത്തകനായ സീജി ജി.എസിനെ പ്രസ് സെക്രട്ടറിയായും മുൻ ഭരണപരിചയമുള്ള ടി. ശ്രീകുമാറിനെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള കാര്യശേഷിയുള്ള ഉദ്യോഗസ്ഥരും വിരമിച്ച പ്രമുഖരും ഉൾപ്പെടെ 20 പേരുടെ ആദ്യഘട്ട പേഴ്സണൽ സ്റ്റാഫ് പട്ടികയ്ക്കാണ് ഇപ്പോൾ പൊതുഭരണ വകുപ്പ് അംഗീകാരം നൽകിയിരിക്കുന്നത്.
റോയ് മാത്യു (മീഡിയ സെക്രട്ടറി): ദീർഘകാലത്തെ ദൃശ്യ-അച്ചടി മാധ്യമപ്രവർത്തന പരിചയമുള്ള റോയ് മാത്യു, മുൻപ് വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലയളവിലും അദ്ദേഹത്തിന്റെ മാധ്യമ വിഭാഗത്തിന് നേതൃത്വം നൽകിയിരുന്നു. സർക്കാരിന്റെ നയരൂപീകരണങ്ങളും വികസന നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഇദ്ദേഹത്തിന് മുഖ്യ ചുമതല.
സീജി ജി.എസ് (പ്രസ് സെക്രട്ടറി): മാധ്യമങ്ങളുമായുള്ള ദൈനംദിന ആശയവിനിമയങ്ങളും വാർത്താ ഏകോപനവും സീജി ജി.എസിന്റെ ചുമതലയിലായിരിക്കും. പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ടി. ശ്രീകുമാർ (സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി): സെക്രട്ടേറിയറ്റ് ഭരണത്തിലും ഫയൽ നീക്കങ്ങളിലും ദീർഘനാളത്തെ പരിചയസമ്പത്തുള്ള ടി. ശ്രീകുമാറിനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുപ്രധാന ചുമതലകളിലൊന്നായ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.
കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരമേറ്റ യുഡിഎഫ് സർക്കാർ, മുൻ സർക്കാരുകളുടെ കാലത്തെ അപേക്ഷിച്ച് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തിൽ വലിയ നിയന്ത്രണം വരുത്തുമെന്നാണ് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ നിയമന ഉത്തരവുകൾ പുറത്തിറങ്ങും.
Kerala
തിരുവനന്തപുരം: പുതിയ കാലത്തേക്കു രാജ്യത്തെ കൂട്ടിക്കൊണ്ടുപോയ പ്രതിഭാധനനായ പ്രധാനമന്ത്രിയായിരുന്നു രാജീവ്ഗാന്ധിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെപിസിസിയിൽ സംഘടിപ്പിച്ച രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി, മന്ത്രിമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്, ബിന്ദു കൃഷ്ണ, കെ.എ. തുളസി, ഒ.ജെ. ജെനീഷ് എന്നിവരും ചെറിയാൻ ഫിലിപ്പ്, വൈസ് പ്രസിഡന്റുമാരായ പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, ജെബി മേത്തർ എംപി, മണക്കാട് സുരേഷ്, മര്യാപുരം ശ്രീകുമാർ, പന്തളം സുധാകരൻ, കെ. മോഹൻകുമാർ, ജി.എസ്. ബാബു, എം.എ. വാഹിദ്, ആർ. ലക്ഷ്മി എന്നിവരും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: എങ്ങും തിണ്ണ നിരങ്ങാൻ പോകില്ലെന്നു പറഞ്ഞിട്ടില്ലെന്നും ബിഷപ്സ് ഹൗസിൽ പോകുന്നതിൽ എന്താണ് കുഴപ്പമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. തെരഞ്ഞെടുപ്പിനു മുൻപ് വോട്ടിനായി എങ്ങും തിണ്ണ നിരങ്ങാൻ പോയിട്ടില്ല. തെരഞ്ഞെടുപ്പിൽ ജയിച്ച ശേഷമാണ് പോയത്.
തന്നെ വഴക്കു പറഞ്ഞവരെയും കാണാൻ പോകും. ഈ സ്ഥാനത്ത് ഇരിക്കുന്പോൾ എല്ലാവരെയും ചേർത്തു പിടിക്കാനാണ് ശ്രമിക്കുന്നത്. എല്ലാത്തിനോടും ക്ഷമിക്കാൻ കഴിയണം. എന്നാൽ, പ്രഖ്യാപിത നിലപാടിൽ മാറ്റമില്ല. അതിശക്തമായ സെകുലര്‍ നിലപാടാണ് സ്വീകരിക്കുക.
ആരു വർഗീയത പറഞ്ഞാലും അതിനെ ഇനിയും എതിർക്കും. നിലപാടിൽ മാറ്റമില്ല. എന്നാൽ, ആർക്ക് വിഷമം ഉണ്ടായാലും ഓടിയെത്തും.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ തന്റെ ആത്മമിത്രമാണ്. അദ്ദേഹത്തെ കണ്ടിരുന്നു.
മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ പട്ടം ബിഷപ്സ് ഹൗസിലെത്തി കണ്ടിരുന്നു.
ശിവഗിരി മഠത്തിൽ പോകാൻ ഇരിക്കുന്നതേയുള്ളൂ. മഠാധിപതിയും സ്വാമിമാരും തന്നെ അഭിനന്ദിക്കാൻ എത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. തിണ്ണനിരങ്ങാൻ പോയെന്ന വിമർശനങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി സംബന്ധിച്ചു ധവളപത്രം പുറപ്പെടുവിക്കാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചു.
ആദ്യ മന്ത്രിസഭായോഗത്തിൽ സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി പഠിക്കാൻ ധവളപത്രം പുറത്തിറക്കാൻ തീരുമാനിക്കുമെന്നു നേരത്തെ ’ദീപിക’ റിപ്പോർട്ട് ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ കൂടാതെ സാന്പത്തിക വിദഗ്ധർ അടങ്ങിയ ടീം ആകും സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി പരിശോധിച്ചു ധവളപത്രം ഇറക്കുകയെന്നു മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തിന്റെ പൊതുകടവും കുടിശികകളും വൻതോതിൽ ഉയർന്നെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. വൈകാതെ സംസ്ഥാനത്തിന്റെ സാന്പത്തിക നില സംബന്ധിച്ച ധവളപത്രം നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുകയാണ് ലക്ഷ്യം.
ഒന്നും രണ്ടും പിണറായി സർക്കാരുകൾ വിവിധ വിഭാഗങ്ങൾക്കു നൽകാനുള്ള കുടിശിക 1.5 ലക്ഷം കോടി രൂപ എങ്കിലും വരുമെന്നാണു വിലയിരുത്തൽ. പെൻഷൻ കന്പനിക്ക് കുടിശിക ഇനത്തിൽ മാത്രം 15,000 കോടി രൂപയെങ്കിലും നൽകാനുണ്ട്.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശികയും ശന്പള പരിഷ്കരണം, ലീവ് സറണ്ടർ കുടിശികകൾ വഴി ഏകദേശം 50,000 കോടി രൂപയുടെ കുടിശികയുണ്ടെന്നാണ് ജീവനക്കാരുടെ സംഘടനകൾ നൽകിയിട്ടുള്ള കണക്ക്.
Kerala
തിരുവനന്തപുരം: പാലക്കാട് പല്ലശനയിൽ നിന്നും ഒൻപതു വയസുകാരിയായ വിനോദിനി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയത് തന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി വി.ഡി സതീശനു അദ്ദേഹം സമ്മാനിച്ച കൈകൾ കൊണ്ട്പൂച്ചെണ്ടു സമർപ്പിക്കാൻ. വി.ഡി. സതീശനു പൂച്ചെണ്ടു നല്‍കിയും രാഹുൽ ഗാന്ധിയെ കണ്ടതിനു ശേഷവുമാണ് വിനോദിനി ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നും മടങ്ങിയത്.
വിനോദിനിയുടെ വലതു കൈ ഇന്നു ചലിക്കുന്നത് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നടത്തിയ ഇടപെടലിലൂടെയായിരുന്നു. ചികിത്സാപ്പിഴവുമൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ഇടപെട്ട് കൃത്രിമ കൈ വച്ചുപിടിപ്പിക്കാനുള്ള ക്രമീകരണം ഒരുക്കുകയായിരുന്നു.
കൃത്രിമ കൈക്ക് ആവശ്യമായ മുഴുവൻ തുകയും സതീശനാണ് നല്‍കിയത്. പാലക്കാടുകാരിയായ വിനോദിനിയെ കൊച്ചിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. കൊച്ചിലെ വിദഗ്ധ പരിശോധനകൾക്കുശേഷം കൃത്രിമ കൈ വിദേശത്തുനിന്നും എത്തിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കൈ വച്ചുപിടിപ്പിച്ചത്.
അന്നത്തെ പ്രതിപക്ഷ നേതാവ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്പോൾ അത് ഏറ്റവും സന്തോഷകരമായ കാര്യമെന്നു വിനോദിനിയും മാതാപിതാക്കളും പറയുന്നു. രാവിലെ തന്നെ സ്റ്റേഡിയത്തിലെത്തിയ വിനോദിനിയും മാതാവും അതിരൂക്ഷമായ തിരക്കിലും തന്റെ പ്രിയപ്പെട്ട സാറിനെ കണ്ടശേഷമേ മടങ്ങുകയുള്ളൂവെന്നു വ്യക്തമാക്കി. ഒടുവിൽ സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിയേയും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും കണ്ടശേഷമാണ് വിനോദിനി മടങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിനോദിനിക്ക് എറണാകുളത്തെ ഹോപ്പ് എന്ന സ്ഥാപനത്തിൽ കൃത്രിമ കൈ ഘടിപ്പിച്ചത്. അന്ന് കൈ വച്ചുപിടിപ്പിച്ചതിനു പിന്നാലെ വി.ഡി. സതീശൻ നേരിട്ട് വിനോദിനിയെ കാണാനെത്തി ചോക്ലേറ്റും പാവക്കുട്ടിയും സമ്മാനിച്ചിരുന്നു. ഇന്ന് മാതാവ് പ്രസീതയ്ക്കൊപ്പമാണ് വിനോദിനി തന്റെ പ്രിയപ്പെട്ട സാറിനെ കാണാനായി എത്തിയത്.
Kerala
“സ്കൂൾ പഠനകാലം മുതൽ ഞാൻ വായിക്കുന്ന പത്രമാണ് ദീപിക. വളരെ കൃത്യമായ നിലപാടുകളുള്ള, സത്യം മാത്രം എപ്പോഴും റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്ന, വാർത്തകളെ വളച്ചൊടിക്കാത്ത പത്രമാണ് ദീപിക എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.
ദീപികയുടെ എഡിറ്റോറിയലുകളും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. കുറെ നാളുകളായി ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും മനോഹരമായ എഡിറ്റോറിയലുകളാണ് ദീപിക സംഭാവന ചെയ്യുന്നത്.
അത് പറയാൻ എനിക്കൊരു മടിയുമില്ല. കാരണം ഞാൻ ചില സമയത്ത് ദീപിക മാനേജ്മെന്റിനെപോലും വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട് .
ശക്തമായ നിരീക്ഷണവും വിമർശനവും എല്ലാമുള്ളതാണ് ദീപികയുടെ എഡിറ്റോറിയലുകൾ. ദീപികയുടെ 140ാം വാർഷിക പരിപാടികൾ വരുന്നു എന്നറിഞ്ഞു. ഉപരാഷ്ട്രപതി എത്തുന്നുണ്ട്. ഞാനും ഒപ്പമുണ്ടാകും. അതിൽ പങ്കെടുക്കും. വളരെ സന്തോഷം.”
Kerala
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേദിയുടെ പിന്നിൽ സ്ഥാപിച്ച എൽഇഡി വാളിൽ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടേയോ ചിത്രങ്ങൾ വേണ്ടെന്ന നിർദേശം നല്കി മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇതോടെ ഇന്നലെ സത്യ പ്രതിജ്ഞ നടന്നപ്പോൾ കാണാനായത് വേദിയുടെ പിന്നിൽ സ്ഥാപിച്ച എൽഇഡി വാളിൽ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെക്കുറിച്ചുള്ള വാക്കുകളും തീയതിയും മാത്രം. മുഖ്യമന്ത്രിയുടെ പോലും ചിത്രം ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല.
സത്യപ്രതിജ്ഞാ ചടങ്ങിൽ വേദിയുടെ പിന്നിൽ സ്വന്തം മുഖവും മറ്റ് നേതാക്കളുടെ മുഖവും വേണ്ടെന്ന് മുഖ്യമന്ത്രി കർശന നിർദേശം നല്‍കിയിരുന്നു.
മഞ്ഞ നിറത്തിലുള്ള എൽഇഡി വാളിൽ വി.ഡി. സതീശൻ നയിക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുത്തിനൊപ്പം തീയതിയും സർക്കാർ ചിഹ്നവും മാത്രമാണ് പ്രദർശിപ്പിച്ചത്.
മുൻ സർക്കാരുകളുടെ കാലത്തെ ചില വിമർശനങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടിയെന്നും സൂചനയുണ്ട്.
Kerala
തിരുവനന്തപുരം: വി.ഡി. സതീശന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തി ജനം. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കുള്ള ജനപ്രവാഹം ആരംഭിച്ചിരുന്നു. അതേസമയം തലേദിവസംതന്നെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി ഇരുന്നും തറയില്‍ കിടന്നും നേരം വെളുപ്പിച്ചവരും നിരവധി.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ഞായറാഴ്ച വൈകുന്നേരം മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെത്തിയിരുന്നു. വേദിയുടെ ഒരുക്കങ്ങള്‍ കാണാന്‍ എത്തിയവര്‍ കുറച്ചുപേര്‍ രാത്രിയോടെ മടങ്ങിയെങ്കിലും നിരവധി പേരാണ് രാത്രി ഉറക്കമില്ലാതെ സദസില്‍ രാത്രി കഴിച്ചുകൂട്ടിയത്.
പുലര്‍ച്ചെതന്നെ ഇവര്‍ പൊതുജനങ്ങള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ മുന്‍നിരയില്‍തന്നെ ഇടം പിടിച്ചു. വിവിധ ജില്ലകളില്‍ നിന്നും ഒരുമിച്ചെത്തിയവരും കൂട്ടുകാരുമൊത്ത് വന്നവരുമായിരുന്നു ഇവരില്‍ അധികവും.
രാവിലെ ഏഴോടെ സ്റ്റേഡിയത്തിനുള്ളില്‍ പ്രത്യേകം സജ്ജമാക്കിയ ഏരിയകള്‍ മിക്കതും നിറഞ്ഞിരുന്നു. അപ്പോഴും സ്റ്റേഡിയത്തിനുള്ളിലേക്ക് ജനങ്ങള്‍ പ്രവഹിച്ചുകൊണ്ടിരുന്നു.
രാവിലെ എട്ടോടെ വേദിക്കു മുന്നിലുള്ള വിഐപി ഒഴികെയുള്ള എല്ലാ കസേരകളെല്ലാം നിറഞ്ഞു. പിന്നീട് രാവിലെ ഒന്പതുവരെ മാത്രമേ ജനങ്ങളെ സ്റ്റേഡിയത്തിലേക്കു പ്രവേശിപ്പിക്കൂവെന്നു അറിയിപ്പുണ്ടായി.
എന്നാല്‍ പുറത്ത് അപ്പോഴും ജനങ്ങള്‍ തിങ്ങിനിറഞ്ഞുകൊണ്ടിരുന്നു. പിന്നീട് പാസ് ഉള്ളവരെ മാത്രമാണ് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്.എന്നാല്‍ വിഐപികള്‍ കടന്നു പോകുന്ന വാഹനത്തിനു പിന്നാലെ ഒരു പറ്റം ആളുകള്‍ തിങ്ങിക്കയറുന്ന രീതിയുണ്ടായിരുന്നു. ഇത് പിന്നീടും തുടര്‍ന്നു.
ഒന്‍പതരയോടെയാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് സ്റ്റേഡിയത്തിലേക്ക് എത്തിയത്. ആര്‍പ്പുവിളികളോടെയും കൈയടികളോടെയുമാണ് നിയുക്ത മുഖ്യമന്ത്രിയെ ജനം വരവേറ്റത്.
സത്യപ്രതിജ്ഞയ്ക്കു 20 മിനിറ്റ് മുന്‍പ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്ഥലത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഗാര്‍ഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും പത്തോടെയാണ് എത്തിയത്.
ദേശീയ നേതാക്കള്‍ക്കും വന്‍ സ്വീകരണമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തകര്‍ നല്‍കിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര് സിംഗ് സുഖു എന്നിവരെയും ഹര്ഷാരവതത്തോടെയാണ് ജനം വരവേറ്റത്.
Kerala
തിരുവനന്തപുരം: പുതിയ മന്ത്രിസഭയിൽ ലത്തീൻ സഭയ്ക്ക് പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടർന്നുണ്ടായ കടുത്ത അതൃപ്തി പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി. സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്കകം വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയ മുഖ്യമന്ത്രി, ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ അടക്കമുള്ള സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.
മന്ത്രിസഭയിൽ ലത്തീൻ കത്തോലിക്കാ സഭയിൽ നിന്നുള്ള പ്രതിനിധിയെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സഭ പൂർണമായി ബഹിഷ്കരിച്ചിരുന്നു. കോവളം എംഎൽഎ എം. വിൻസെന്റിനെ ഫിഷറീസ് മന്ത്രിയാക്കണമെന്നായിരുന്നു സഭയുടെ പ്രധാന ആവശ്യം. ഈ പശ്ചാത്തലത്തിലാണ് അതൃപ്തി തണുപ്പിക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തിര സന്ദർശനം.
മുഖ്യമന്ത്രിയുടെ സന്ദർശനത്തോടെ സഭയുടെ പിണക്കം മാറിയതായി തിരുവനന്തപുരം രൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര മാധ്യമങ്ങളോട് വ്യക്തമാക്കി. തീരദേശ ജനത നേരിടുന്ന വിവിധ പ്രശ്നങ്ങളിലും വികസന കാര്യങ്ങളിലും അതീവ ശ്രദ്ധയോടെയുള്ള ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സഭയുടെ ആശങ്കകൾ പരിഹരിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
NRI
ഷിക്കാഗോ: കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വി.ഡി. സതീശനും മറ്റ് മന്ത്രിമാർക്കും അനുമോദനങ്ങൾ നേർന്ന് ഷിക്കാഗോ യുഡിഎഫ് പ്രവർത്തകർ.
യുഡിഎഫിനെ ഉജ്വല വിജയത്തിലേക്ക് നയിച്ചുകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ വി.ഡി. സതീശൻ കേരളത്തെ മുന്നോട്ടു നയിക്കാനുള്ള അമരക്കാരനായി മാറിയിരിക്കുകയാണ്. കേരളത്തെ ഒരു പുതിയ ദിശയിലേക്കു അദ്ദേഹം നയിക്കുമെന്നും ഷിക്കാഗോ യുഡിഎഫ് വിലയിരുത്തി.
മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും അഭിവാദ്യങ്ങളർപ്പിച്ച് ഷിക്കാഗോ യുഡിഎഫ് ചെയർമാൻ ഡോ. സാൽബി പോൾ ചേന്നോത്ത്, ഷിക്കാഗോ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് പ്രസിഡന്റ് ലൂയി ഷിക്കാഗോ, പോൾ പറമ്പി ( മുൻ കിൻഫ്ര ഡയറക്ടർ), പ്രവാസി കേരളകോൺഗ്രസ് (ജെ) കൺവീനർ സണ്ണി വള്ളിക്കളം, രാജൻ തോമസ് കുറ്റിപ്പുറം, ഗ്ലാഡ്സൺ വർഗീസ്, സിനു പാലാക്കാത്തടം, ജോർജ് ജോസഫ് കൊട്ടുകപ്പിള്ളി, തോമസ് മാത്യു, റിൻസി കുര്യൻ, സ്റ്റീഫൻ ഉതുപ്പാൻ, ഡോ. അനുപം രാധാകൃഷ്ണൻ, ചാക്കോ ചിറ്റലക്കാട്ട്, കുര്യൻ ഫിലിപ്പ്, ബിജു പൂത്തുറയിൽ, സാബു അച്ചേട്ട്, ബിജു തോമസ്, ജോസ് പിണർകയിൽ, ആന്റോ കവലക്കൽ, സജി തോമസ്, മനോജ് അച്ചേട്ട്, സന്തോഷ് നായർ, ടോമി അമ്പേനാട്ട്, ജോർജ് മാത്യു, ജോൺസൻ മാളിയേക്കൽ, സാവിയോ ജോസഫ്, സജി വടക്കേക്കൂട്, ജോസ് വർഗീസ്, ഷിബു വർഗീസ്, മോളി തോമസ്, മിനി ജോൺ, അലക്സ് തോമസ്, അനു തോമസ്, സാബു ജോൺ, ലിസി വർഗീസ്, വത്സമ്മ സാബു തുടങ്ങിയവർ അനുമോദനങ്ങൾ അർപ്പിച്ചു.
NRI
ന്യൂയോർക്ക്: നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം യുഡിഎഫിന് സമ്മാനിച്ച കേരള ജനതയ്ക്ക് നന്ദിയർപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ. പിണറായി വിജയന്റെ കഴിഞ്ഞ പത്തു വർഷത്തെ ദുർഭരണത്തിന് ജനങ്ങൾ കൊടുത്ത ചുട്ട മറുപടിയാണ് ഈ വിജയമെന്ന് കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ച കെ. സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വി.ഡി. സതീശനും അതുപോലെ ഉചിതമായ തീരുമാനങ്ങൾ കൈക്കൊണ്ട രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖർഗെയ്ക്കും സോണിയ ഗാന്ധിക്കും നന്ദിയർപ്പിക്കുന്നതായി ഐഒസി നാഷണൽ വൈസ് ചെയർ ജോർജ് എബ്രഹാം, ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, പോൾ കറുകപ്പള്ളി, ഐഒസി യുഎസ്എ ന്യൂജഴ്സി പ്രസിഡന്റ് ജെയിംസ് ജോർജ്, വിവിധ ചാപ്റ്റർ പ്രസിഡന്റുമാർ തുടങ്ങിയവർ അറിയിച്ചു.
മുൻ പ്രസിഡന്റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, ഡെപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ, എക്സികുട്ടീവ് വൈസ് പ്രസിഡന്റ് സജി കരിമ്പന്നൂർ, വൈസ് പ്രസിഡന്റുമാരായ തമ്പി മാത്യു, തോമസ് ഒലിയാംകുന്നേൽ, സന്തോഷ് കാപ്പിൽ, സന്തോഷ് നായർ, ജോസ് ചാരുംമൂട്, സന്തോഷ് എബ്രഹാം, സെക്രട്ടറിമാരായ കുര്യൻ വർഗീസ്, സൈമൺ വാളാച്ചേരിൽ, ജോർജ് ജെ. കൊട്ടുകാപ്പള്ളി, ആന്റോ കവലയ്ക്കൽ, ട്രെഷറർ ഡോ. മാത്യു വർഗീസ്, ജോയിന്റ് ട്രഷറർ മോൻസി വർഗീസ്, ലീഗൽ അഡ്വൈസർ മാത്യു വൈരമൺ, റേച്ചൽ വർഗീസ്, ശാലു പുന്നൂസ്,ചെറിയാൻ കോശി, സൂസമ്മ ആൻഡ്രൂസ്,ഉഷാ ജോർജ്, ജോൺ വർഗീസ്, ന്യൂജഴ്സി പ്രസിഡന്റ് ജെയിംസ് ജോർജ് തുടങ്ങി വിവിധ മേഖലകളിൽ നിന്ന് അനേകം കോൺഗ്രസ് പ്രവർത്തകർ ടീം യുഡിഎഫിനും വി.ഡി. സതീശനും ആശംസകൾ അർപ്പിച്ചു.
National
ന്യൂഡൽഹി: മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി.സതീശന് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ മലയാളത്തിൽ എഴുതി ആശംസകൾ നേർന്നത്.
സർക്കാരിന് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി. ഡി.സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു.
ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി പ്രവർത്തിക്കണം. പുതുതായി രൂപീകൃതമായ കേരള ഗവൺമെന്റിന് കേന്ദ്ര ഗവൺമെന്റ് എല്ലാ വിധ പിന്തുണയും ഉറപ്പുനൽകുന്നുവെന്നും മോദി എക്സിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് അധികാരമേൽക്കും. 14 പുതുമുഖങ്ങൾ അടക്കം 20 യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിനെത്തും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
വേദിയിൽ ഗവർണർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്നാണ് ലോക്ഭവൻ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ്, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോൺ, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക.
ആദ്യ കാബിനറ്റിൽ വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങൾക്കാണ് സാധ്യത. ആശ പ്രവർത്തകരുടെ ഓണറേറിയം കൂട്ടും. കൊച്ചി മാതൃകയിൽ സംസ്ഥാനത്താകെ ഇന്ദിര കാന്റീൻ. കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്രയിലും പ്രഖ്യാപനം വന്നേക്കും.
Kerala
തിരുവനന്തപുരം: പയ്യന്നൂരിൽ നിന്നുള്ള നിയുക്ത എംഎൽഎ വി. കുഞ്ഞികൃഷ്ണൻ കന്റോണ്‍മെന്റ് ഹൗസിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെയും വഴുതക്കാടുള്ള വസതിയിലെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും സന്ദർശിച്ചു.
മണ്ഡല വികസനവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്താനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതു പരിഹരിക്കുന്നതിനായുള്ള പരിശ്രമങ്ങൾ നടത്തുമെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഞായറാഴ്ച ഉച്ചയോടെ മുഴുവൻ മന്ത്രിമാരുടെയും പട്ടിക ഗവർണർക്കു കൈമാറുമെന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. എഎഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വീട്ടിലെത്തി കണ്ടശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് മന്ത്രിമാരുടെ ചർച്ചകൾ വളരെ വേഗത്തിലാണ് പൂർത്തീകരിക്കുന്നത്. പാർട്ടിയുമായി ചർച്ച ചെയ്താണ് പട്ടിക തയാറാക്കുന്നത്. പട്ടികയ്ക്ക് ഹൈക്കമാൻഡിന്റെ അനുമതിയും ആവശ്യമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
NRI
സ്റ്റീവനേജ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്രവിജയം ആഘോഷമാക്കിയും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിനന്ദനവും ആശംസകളും അർപ്പിച്ചും സ്റ്റീവനേജിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) സംഘടിപ്പിച്ച യോഗം ശ്രദ്ധേയമായി.
സ്റ്റീവനേജ് ഐഒസി യൂണിറ്റ് പ്രസിഡന്റ് ജോണി കല്ലടാന്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അപ്പച്ചൻ കണ്ണഞ്ചിറ സ്വാഗതം ആശംസിച്ചു. പറവൂർ നിയമസഭാ മണ്ഡലത്തിൽ വി.ഡി. സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുത്ത് യുകെ സന്ദർശനത്തിനായി സ്റ്റീവനേജിലെത്തിയ പീതാംബരൻ അതിർത്തിവേലിയിൽ മുഖ്യ സന്ദേശം നൽകി.
NRI
ഫിലാഡൽഫിയ: കേരള നിയുക്ത മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സമ്മേളനം സംഘടിപ്പിച്ചു. പ്രവാസി സമൂഹം വി.ഡി. സതീശന് അഭിനന്ദനങ്ങളും ആശംസകളും നേർന്നു.
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ ഉണ്ടായിരുന്ന കാലതാമസം എല്ലാവരെയും ഒരു വലിയ ഉത്കണ്ഠയിലാക്കിയാതായി സ്വാഗതപ്രസംഗത്തിൽ സുമോദ് നെല്ലിക്കാല പറഞ്ഞു. ജനഹിതത്തിനെതിരായ തീരുമാനമുണ്ടായാൽ കേരളത്തിലും കോൺഗ്രസ് നാമാവശേഷമാകുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു.
എന്നാൽ എല്ലാ ആശങ്കകൾക്കും വിരാമമിട്ട് ജനാധിപത്യം വിജയിച്ചു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രൂപ്പിസത്തെയും പണാധിപത്യത്തെയും മറികടന്ന് വി.ഡി. സതീശൻ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് വലിയ പ്രതീക്ഷ നൽകുന്നതാണ്.
പത്ത് വർഷത്തിന് ശേഷം ലഭിച്ച ഈ ഭരണവിജയം പ്രവാസികൾക്കിടയിൽ വലിയ അഭിമാനമാണെന്നും 63 എംഎൽഎമാരുടെ ശക്തമായ പിന്തുണയിലൂടെ നേടിയ ഈ വിജയത്തിന് പിന്നിൽ ജനങ്ങളുടെ വിശ്വാസമാണ് എന്നും ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ അഭിപ്രായപ്പെട്ടു.
ചില ഘട്ടങ്ങളിൽ ജനവികാരങ്ങളെ വ്രണപ്പെടുത്തിയ സംഭവങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ജനങ്ങൾ അതിനെ ശക്തമായി നിരസിച്ചതായും എഐസിസി എടുത്ത അന്തിമ തീരുമാനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
ജനറൽ സെക്രട്ടറി നൈനാൻ മത്തായി നിയുക്ത മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും എല്ലാ ആശംസകളും നേർന്നു. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് എല്ലാവിധ പിന്തുണയും തുടർന്നും നൽകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓർമിപ്പിച്ചു.
ഇത് ജനാധിപത്യത്തിന്റെ വിജയം തന്നെയാണ് എന്ന് ജെയിംസ് പീറ്റർ പറഞ്ഞു. അഞ്ച് വർഷത്തെ പരിശ്രമങ്ങൾക്ക് ലഭിച്ച പ്രതിഫലമാണ് ഈ വിജയം എന്നും ഹൈക്കമാൻഡ് ഉറച്ച നിലപാട് സ്വീകരിച്ചതിൽ അദ്ദേഹം ആഹ്ലാദവും പ്രകടിപ്പിച്ചു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭക്ക് പൂർണ പിന്തുണയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയാണ് വലുത്. പാർട്ടി തീരുമാനത്തിൽ ഉറച്ചു നിൽക്കും. ഒരു വിഷയത്തിലും തർക്കമില്ലെന്നും വേണുഗോപാൽ പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. വി.ഡി. സതീശന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അതേസമയം, മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മന്ത്രിമാരെ തീരുമാനിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിമാർ ആരൊക്കയാണെന്നതിൽ കേന്ദ്രത്തിൽ നിന്നും അംഗീകാരം വാങ്ങി നൽകേണ്ടയാൾ ആണ് കെ.സി. വേണുഗോപാൽ. ഞങ്ങൾ തമ്മിൽ വളരെയധികം ബന്ധമുണ്ട്. ഞങ്ങൾ തമ്മിൽ ഒരു തർക്കവുമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
ഡൽഹിയിൽ നിന്നും വെള്ളിയാഴ്ച വൈകിട്ടോടെയാണ് കെ.സി. വേണുഗോപാൽ തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വസതിയിൽ നേരിട്ടെത്തി അനുനയ ചർച്ചകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് വി.ഡി. സതീശൻ കെ.സിയെ കാണാനായി എത്തിയത് എന്നത് ശ്രദ്ധേയമാണ്.
മന്ത്രിസഭയിലെ വകുപ്പ് വിഭജനം, രമേശ് ചെന്നിത്തല ഉന്നയിച്ച ആവശ്യങ്ങൾ, ഘടകകക്ഷികളുടെ അവകാശവാദങ്ങൾ എന്നിവയിൽ ഹൈക്കമാൻഡിന്റെ അന്തിമ അനുമതി വാങ്ങാനാണ് വി.ഡി. സതീശൻ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുന്നത്.
Kerala
ആലപ്പുഴ: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി ഇടഞ്ഞു നിൽക്കുന്ന രമേശ് ചെന്നിത്തലയെ അനനുയിപ്പിക്കാൻ വസതിയിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ പ്രവേശനത്തില്‍ തീരുമാനമെടുത്തില്ലെങ്കിലും ഒപ്പമുള്ള അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന് എന്നിവരെ മന്ത്രിയാക്കണമെന്നാണ് ആവശ്യപ്പെട്ടതായാണ് വിവരം.
പ്രതിഷേധസൂചകമായി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന വി.ഡി. സതീശനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹത്തെ ഉയര്‍ന്ന പദവിയുള്ള വകുപ്പുകള്‍ നല്കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് വി.ഡി. സതീശന് നിര്‍ദ്ദേശം നല്കി
യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 11 മന്ത്രിമാരായിരിക്കും കോണ്‍ഗ്രസിനുണ്ടാകുക. ഇതില്‍ ഒരാളായി വരുന്ന ചെന്നിത്തലയ്ക്ക് സുപ്രധാന വകുപ്പ് തന്നെ നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.
Kerala
തിരുവനന്തപുരം: ചെലവ് ചുരുക്കി മുന്നേറാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് സതീശൻ പൊതുഭരണ വകുപ്പിന് നിർദ്ദേശം നൽകി.
വൻ തുക ചെലവിൽ മോടി പിടിപ്പിക്കേണ്ടെന്നും ചില്ലറ അറ്റകുറ്റപണി മാത്രം മതിയെന്നുമാണ് നിർദ്ദേശം. മന്ത്രി മന്ദിരങ്ങളും മൊടി പിടിപ്പിക്കേണ്ടെന്നും സതീശൻ നിർദ്ദേശം നൽകി.
പിണറായി വിജനയൻ സര്‍ക്കാരിന്റെ ഭരണക്കാലത്ത് ഏറെ വിവാദങ്ങളില്‍ ഉയര്‍ന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. പിണറായി ഭരിക്കുമ്പോൾ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്റെ അടക്കമുള്ള മോടി പിടിപ്പിക്കല്‍ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് പോലും വർഗീയതയുമായി സന്ധി ചെയ്തിട്ടില്ലെന്നും ഇനിയും അതു തുടരുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ.
കേരളത്തെ ഭിന്നിപ്പിക്കാൻ അനുവദിക്കില്ല. വിദ്വേഷപ്രചാരണത്തിന് എതിരേ ഒരു ഒത്തുതീർപ്പിനുമില്ല. മതേതര നിലപാടിൽ ഉറച്ചു നിൽക്കും.
തെരഞ്ഞെടുപ്പ് കാലത്തും ബിജെപി വർഗീയ പ്രചാരണമാണ് നടത്തിയത്. മുസ്ലിം ലീഗ് യുഡിഎഫിലെ പ്രധാന ഘടകകക്ഷിയാണ്. യുഡിഎഫ് വിജയത്തിൽ അവർ നിർണായക പങ്ക് വഹിച്ചു. കെ. കരുണാകരന്റെ കാലം മുതൽക്കെ ലീഗ് യുഡിഎഫിനൊപ്പമുണ്ട്.
വിദ്വേഷ കാന്പയിൻ നടത്തി സമൂഹത്തിൽ വിഭജനം ഉണ്ടാക്കാനാണ് ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. മുസ്ലിം ലീഗ് ദുർബലമായാൽ ആ സ്പേസ് വർഗീയ ശക്തികൾ കൊണ്ടുപോകും. അതിനെ തടഞ്ഞു നിർത്തുന്ന രാഷ്ട്രീയ പാർട്ടിയാണ് ലീഗ്. ലീഗിനെ എതിർക്കുന്നവർ അത് മനസിലാക്കണം.
സാമുദായിക സംഘടനകൾ തനിക്കെതിരേ പറയട്ടെ. വ്യക്തിപരമായി തന്നെ ഇഷ്ടമല്ലാത്തവരുണ്ടാകും. പക്ഷേ വർഗീയത പറയരുത്. ഞങ്ങളുടേത് മതേതര കേരളമെന്ന പ്രഖ്യാപനമാണ്. അതിൽ ഒരു പോറൽ ഏൽപ്പിക്കാൻ പോലും അനുവദിക്കില്ലെന്നും മാധ്യമ പ്രവർത്തകരോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്നലെ കൂടിക്കാഴ്ചകളുടെ ദിനമായിരുന്നു. രാവിലെ തുടങ്ങിയ കൂടിക്കാഴ്ചകളും ചർച്ചകളും വൈകുന്നേരം വരെ നീണ്ടു.
രാവിലെ ചീഫ് സെക്രട്ടറി എ. ജയതിലകും പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാലും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവർ ഇന്നലെ രാവിലെ വി.ഡി. സതീശനെ കന്റോണ്‍മെന്റ് ഹൗസിലെത്തി കണ്ടു.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ തിരുവനന്തപുരത്തെ വാടക വീട്ടിലെത്തി സന്ദർശിച്ചു.പിണറായി വിജയൻ ചിരിച്ച് കൈ കൊടുത്താണ് വി.ഡി സതീശനെ സ്വീകരിച്ചത്. പിണറായിക്കൊപ്പം ഭാര്യ കമലയും മകൾ വീണയും സ്വീകരിക്കാനുണ്ടായിരുന്നു. വി.കെ. പ്രശാന്തും വീട്ടിലുണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു.
പിണറായി വിജയൻ കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ മുതിർന്നയാളാണെന്നും 10 വർഷം മുഖ്യമന്ത്രിയും 16 വർഷം പാർട്ടി സെക്രട്ടറിയുമായ പരിണിത പ്രജ്ഞനായ നേതാവാണെന്നും വി.ഡി. സതീശൻ പറഞ്ഞു. പ്രധാനപ്പെട്ട ദൗത്യം ഏറ്റെടുക്കുകയാണ് ഞങ്ങൾ. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് അദ്ദേഹം വരുന്നു.
കേരളത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങൾക്കായി ഒന്നിച്ച് നിൽക്കാനാകണം. അത് പറ്റുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ പിന്തുണ തേടി. പിണറായി വിജയനെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പിന്നീടു നൽകാമെന്നു പിണറായി വിജയൻ പറഞ്ഞു.
കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ എംഎൽഎ ഹോസ്റ്റലിലെത്തി നിയുക്ത മുഖ്യമന്ത്രി കണ്ടു. രാഷ്ട്രീയ കാര്യങ്ങൾ അടക്കം ചർച്ചയായി. തുടർന്ന് തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന ജി. കാർത്തികേയന്റെ കുടുംബത്തെ ശാസ്തമംഗലത്തെ വീട്ടിലെത്തി കണ്ടു. ഉച്ചയോടെ അനുരഞ്ജന ചർച്ചകൾക്കായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടിലേക്ക്. ഉച്ചകഴിഞ്ഞു യുഡിഎഫ് നേതൃയോഗം.
Kerala
മഞ്ചേരി: വി.ഡി. സതീശന്റെ പേര് തന്റെ വാഹനങ്ങൾക്ക് നൽകി യുഡിഎഫ് പ്രവർത്തകൻ. മഞ്ചേരി എളങ്കൂർ കുട്ടശേരിയിലെ യുഡിഎഫ് പ്രവർത്തകനായ കൊടപ്പയിൽ കുഞ്ഞിമുഹമ്മദ് എന്ന നാണിയാണ് താൻ ജീവന് തുല്യം സ്നേഹിക്കുന്ന തന്റെ നേതാവായ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേര് വാഹനത്തിന് എഴുതിചേർത്തത്.
കോണ്‍ഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ച ഉടൻ തന്നെ യുവാവ് തന്റെ കാറിലും ജീപ്പിലും വി.ഡി. സതീശൻ എന്ന് ആലേഖനം ചെയ്ത് പുറത്തിറക്കുകയും ഇത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയുമായിരുന്നു.
അരനൂറ്റാണ്ടിനപ്പുറം സംസ്ഥാനം എങ്ങനെയായിരിക്കണമെന്ന വി.ഡി. സതീശന്റെ കാഴ്ചപ്പാടും മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്ന നിലപാടുമാണ് തന്നെ വിഡിയുടെ ആരാധകനാക്കിയതെന്ന് നാണി പറഞ്ഞു.
വെള്ളുവങ്ങാട് യൂസ്ഡ് കാർ ഷോറൂം നടത്തുന്ന ഇദ്ദേഹം തന്റെ വാഹനങ്ങളിൽ മുഖ്യമന്ത്രിയുടെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും ഫോട്ടോകൾ ഡിസൈൻ ചെയ്തുവയ്ക്കാനുള്ള ഒരുക്കത്തിലാണ്. എളങ്കൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കൂടിയാണ് കുഞ്ഞിമുഹമ്മദ്.
Kerala
തിരുവനന്തപുരം: ഇന്ധന വിലവർധന സാധാരണക്കാരിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കാൻ എന്തു ചെയ്യാൻ കഴിയുമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
NRI
ഡാളസ്: കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് ഐഒസി ഡാളസ് കേരള ചാപ്റ്റർ അഭിനന്ദനങ്ങൾ നേർന്നു. സത്യസന്ധമായ രാഷ്ട്രീയത്തിന്റെയും ജനകീയ പോരാട്ടത്തിന്റെയും വിജയമാണ് വി.ഡി. സതീശന്റെ സ്ഥാനാരോഹണമെന്ന് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന കേരള ജനത ആഗ്രഹിച്ച മാറ്റമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷം അദ്ദേഹം നടത്തിയ ശക്തമായ ഇടപെടലുകളും ക്രിയാത്മകമായ നിലപാടുകളുമാണ് യുഡിഎഫിനെ ഉജ്വല വിജയത്തിലേക്ക് നയിച്ചതെന്ന് ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അഴിമതിയില്ലാത്തതും സുതാര്യവുമായ ഭരണം കേരളത്തിന് നൽകാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് സാധിക്കുമെന്നും നവകേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഈ പുതിയ നേതൃത്വം കരുത്തുപകരുമെന്നും ഐഒസി കേരള ചാപ്റ്റർ ചെയർമാൻ സാക്ക് തോമസ് അഭിപ്രായപ്പെട്ടു.
NRI
ഡാളസ്: കേരള നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എഎംഡബ്ല്യുഎ പ്രസിഡന്റ് എബി തോമസ്
ജനങ്ങൾ തീരുമാനിച്ച മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. കേരളത്തിന്റെ തെരുവോരങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ പ്രതിരോധ കോട്ടതീർത്താണ് നഷ്ടപ്പെട്ട് പോയ നീതി പിടിച്ചെടുത്തത്.
സതീശന് മുന്നോട്ടുള്ള ഭരണയാത്രയിൽ വിജയാശംസകൾ നേരുന്നതായി എബി തോമസ് അറിയിച്ചു.
NRI
ന്യൂയോർക്ക്: കേരള മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാനയുടെ സുഹൃത്തും വഴികാട്ടിയുമായ വി.ഡി. സതീശന് ആശംസകൾ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
പ്രവാസ ലോകത്തും കേരളത്തിലും വലിയ ജനമുന്നേറ്റമാണ് വി.ഡി. സതീശന് വേണ്ടി ജനങ്ങൾ നടത്തിയത്. സതീശൻ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഒരു പുതിയ യുഗത്തിന് തുടക്കമായിരിക്കുകയാണെന്ന് സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷർ ജോയി ചാക്കപ്പനും അറിയിച്ചു.
അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നപ്പോൾ തന്നെ ഫൊക്കാന കലഹാരി കൺവെൻഷനിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. അങ്ങനെ ഫൊക്കാന ഈ കൺവൻഷനിൽ കേരള മുഖ്യമന്ത്രിയുടെ സാനിധ്യം ഉറപ്പാണെന്നും ഭാരവാഹികൾ പറഞ്ഞു.
ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്ത പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതായി ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റി ബോർഡ് എന്നിവർ അറിയിച്ചു.
Kerala
തിരുവനന്തപുരം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്.
ജി. കാര്‍ത്തികേയന്റെ പത്നി സുലേഖ ടീച്ചറുമായും മകന് കെ.എസ്. ശബരീനാഥന്, മരുമകള്‍ ദിവ്യ എസ് അയ്യര്‍ എന്നിവരുമായും സതീശൻ സംസാരിച്ചു. വി.ഡി.സതീശന്റെ രാഷ്ട്രീയ ഗുരുവായിരുന്നു ജി. കാര്ത്തികേയന്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി ദീര്‍ഘകാലമായുള്ള ബന്ധമാണ് വി.ഡി പുലര്‍ത്തിയിരുന്നത്. അദ്ദേഹത്തിന്റെ പഴയകാര്യങ്ങള്‍ ഓര്‍ത്ത് സതീശന് വിതുമ്പി.
സതീശന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ നേതാവായിരുന്നു ജി. കാര്‍ത്തികേയനെന്നും തന്റെ മൂത്ത മകനെപോലെയാണ് താന്‍ സതീശനെ കാണുന്നതെന്നും സുലേഖ ടീച്ചര്‍ പ്രതികരിച്ചു.
അതേസമയം, ചലച്ചിത്ര നടന് ജഗദീഷ്, ചലച്ചിത്ര നിര്‍മ്മാതാവ് രഞ്ജിത്ത് എന്നിവരും വി.ഡി. സതീശനെ കാണാന്‍ ജി. കാര്‍ത്തികേയന്റെ വീട്ടിലെത്തി.
Kerala
തിരുവനന്തപുരം: രമേശ് ചെന്നിത്തല തന്റെ പ്രിയപ്പെട്ട നേതാവാണെന്നും അദ്ദേഹത്തെ വീട്ടിലെത്തി കാണുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്. അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തി മുന്നോട്ട് പോകുമെന്നും വി.ഡി.സതീശന് വ്യക്തമാക്കി.
വര്‍ഗീയതയോട് ഒരു കോംപ്രമൈസും ഉണ്ടാകില്ല. ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. ലീഗ് ഇല്ലാതായാല്‍ ആ സ്ഥാനത്ത് വര്‍ഗീയശക്തികള്‍ കടന്ന് വരുമെന്നും അത് നാടിന് അപകടമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം, വി.ഡി. സതീശന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ എംഎല്‍എ ഹോസ്റ്റലിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വി.ഡി.സതീശന് വീട്ടിലെത്തി ഇന്ന് കാണും. പിണറായി താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെത്തിയാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പിണറായിയുടെ വീട്ടിലേക്ക് പോകുന്നത്.
ചീഫ് സെക്രട്ടറി എ. ജയതിലകും ഇന്റലിജന്‍സ് മേധാവി പി. വിജയനും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്.
Movies
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിനന്ദനവുമായി നടിയും മോഡലുമായ റിനി ആൻ ജോർജ്. ഓരോ തവണ കുഴിച്ചുമൂടാനും ഇടിച്ചു താഴ്ത്താനും ശ്രമിച്ചപ്പോൾ ഉയർന്നുവന്ന ഒരുത്തനാണ് സതീശനെന്നാണ് റിനിയുടെ കുറിപ്പിൽ പറയുന്നത്.
നിങ്ങൾ എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ഒരുത്തൻ ഇല്ലേ. നിങ്ങൾ ഓരോ തവണ താഴ്ത്താൻ ശ്രമിച്ചപ്പോഴും ഉയർന്നു വന്ന ഒരുത്തൻ. നിങ്ങൾ ഓരോ തവണ കെടുത്താൻ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരുത്തൻ. വനവാസമല്ല ഇനി പട്ടാഭിഷേകം. പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ വാഴും. എന്നായിരുന്നു റിനിയുടെ കുറിപ്പ്.
വി.ഡി. സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന റിനി ഇതിന് മുമ്പും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസത്തിനായി താൻ കാത്തിരിക്കുകയാണെന്ന് ദിവസങ്ങൾക്കുമുമ്പ് റിനി കുറിച്ചിരുന്നു.
National
ന്യൂഡൽഹി: വിസ്മയമായ ജനനായകൻ വി.ഡി. സതീശൻ ഇനി കേരള നായകൻ. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലാണ് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. യുഡിഎഫിന്റെ 102 സീറ്റ് ജയം ഉൾപ്പെടെയുള്ള സതീശന്റെ ആത്മവിശ്വാസത്തിന്റെ തെളിവായി ഇനി “വനവാസമല്ല, പട്ടാഭിഷേകം’’ തന്നെ.
മുഖ്യമന്ത്രിപദവിയിലേക്കു സതീശനോടൊപ്പം പരിഗണിച്ചിരുന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ കെ.സി. വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചർച്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.
സോണിയാ ഗാന്ധിയുമായി കൂടിയാലോചിച്ചായിരുന്നു തീരുമാനം. മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി ടെലിഫോണിൽ സംസാരിച്ചശേഷമായിരുന്നു വേണുഗോപാലിനു പകരം അവസാനനിമിഷം സതീശനെ നായകനാക്കാൻ ഹൈക്കമാൻഡിൽ ധാരണയായത്.
ഡൽഹി അക്ബർ റോഡിലെ പഴയ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇന്നലെ ഉച്ചയ്ക്കു 12ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഹൈക്കമാൻഡ് തീരുമാനം അറിയിച്ചത്. കേന്ദ്ര നിരീക്ഷകരായി കേരളത്തിലെത്തിയ എഐസിസി ട്രഷറർ അജയ് മാക്കൻ, ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മാധ്യമവിഭാഗം തലവൻ ജയ്റാം രമേശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
“മേയ് ഏഴിന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേർന്നു. കേരളം സംസ്ഥാനത്തിലെ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയുടെ (സിഎൽപി) പുതിയ നേതാവിനെ നിയമിക്കാൻ കോണ്‍ഗ്രസ് പ്രസിഡന്റിനെ അധികാരപ്പെടുത്താൻ ഏകകണ്ഠമായി തീരുമാനിച്ചു. വി.ഡി. സതീശനെ സിഎൽപിയുടെ നേതാവായി നിയമിക്കാൻ തീരുമാനിച്ചു’’ -ദീപാ ദാസ് മുൻഷി പ്രഖ്യാപിച്ചു. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
ഹൈക്കമാൻഡ് തീരുമാനം സന്തോഷത്തോടെ അംഗീകരിക്കുന്നുവെന്നും നിയുക്ത മുഖ്യമന്ത്രി സതീശനു പൂർണ പിന്തുണയും ആശംസയും നേരുന്നുവെന്നും ഡൽഹിയിലെ തന്റെ വസതിയിലെത്തിയ പത്രലേഖരോടു വേണുഗോപാൽ പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: വന്പൻ ഭൂരിപക്ഷത്തോടെയുള്ള ജനവിധിക്കു പിന്നാലെ ദിവസങ്ങളോളം നീണ്ട തർക്കങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ശേഷം പതിനൊന്നാം ദിവസം ആ തീരുമാനമെത്തി. തെരഞ്ഞെടുപ്പു ഫലം വന്ന ദിനം മുതൽ മുഖ്യമന്ത്രി പ്രഖ്യാപനം വരെ നീണ്ട സംഭവങ്ങളുടെ നാൾവഴിയിലൂടെ:
മേയ് 4: നിയമസഭാ തെരഞ്ഞെടുപ്പു ഫലം വരുന്നു. 102 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേക്ക്.
മേയ് 5: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരിൽ ഒരാൾ മുഖ്യമന്ത്രിയാകുമെന്നു പ്രചാരണം. ഇവരിൽ ഒരാളെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഹൈക്കമാൻഡ് തീരുമാനിക്കും.
മേയ് 6: ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ തിരുവനന്തപുരത്തെത്തി കോണ്‍ഗ്രസ് എംഎൽഎമാരെയും ഘടകകക്ഷി നേതാക്കളെയും കണ്ടു. എംഎൽഎമാരിൽ ഭൂരിഭാഗവും കെ.സി. വേണുഗോപാലിന് ഒപ്പം ഘടകകക്ഷി നേതാക്കളുടെ പിന്തുണ വി.ഡി. സതീശനും.
മേയ് 7: മുഖ്യമന്ത്രിസ്ഥാനാർഥികളായ മൂന്നു പേരോടും ഡൽഹിയിൽ എത്താൻ നിർദേശം.
മേയ് 8: കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സംസാരിക്കുന്നു. മൂവരും തങ്ങളുടെ നിലപാടുകൾ ഹൈക്കമാൻഡിനെ ധരിപ്പിക്കുന്നു.
മേയ് 9: നിലപാടുകളിൽ ഉറച്ച് മൂന്നു പക്ഷവും കാത്തിരിക്കുന്നു. ഡൽഹിയിൽ തങ്ങിയ രമേശ് ചെന്നിത്തല വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്ക്.
മേയ് 10: ചർച്ചയ്ക്ക് അവധി, കോണ്‍ഗ്രസ് അധ്യക്ഷൻ ബംഗളൂരുവിൽ. രാഹുൽ ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ചെന്നൈയിലെത്തി. മുഖ്യമന്ത്രിസ്ഥാനത്ത് കനത്ത അനിശ്ചിതത്വം തുടരുന്നു.
മേയ് 11: കേരളത്തിലെ മുതിർ നേതാക്കളെ ചർച്ചയ്ക്കു വിളിക്കുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത ഹൈക്കമാൻഡ് നിലപാടിനെതിരേ ജനങ്ങളും കോണ്‍ഗ്രസ് പ്രവർത്തകരും ഘടകകക്ഷി നേതാക്കളും കടുത്ത അതൃപ്തിയിലേക്ക്.
മേയ് 12: കെപിസിസി മുൻ അധ്യക്ഷന്മാർ അടക്കമുള്ള മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തുന്നു. ചിലരെ ഫോണിൽ വിളിച്ചും സംസാരിച്ചു. വി.ഡി. സതീശന്റെയും കെ.സി. വേണുഗോപാലിന്റെയും പേരുകൾ വീണ്ടും സജീവമായി.
മേയ് 13: മുഖ്യമന്ത്രിയെ നിശ്ചയിക്കാത്ത ഹൈക്കമാൻഡ് നിലപാടിനെതിരേ ഘടകകക്ഷി നേതാക്കൾ പരസ്യമായി രംഗത്തു വരുന്നു. പ്രഖ്യാപനം ഉച്ചയോടെ ഉണ്ടാകുമെന്ന പ്രചാരണം സജീവമായി. വൈകുന്നേരം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രാത്രി ഏഴോടെ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പൂർത്തിയായെന്നും തീരുമാനം നാളെയുണ്ടാകുമെന്നും പ്രഖ്യാപനം.
മേയ് 14: രാവിലെ മുതൽ ആകാംക്ഷയോടെ കാത്തിരിപ്പ്. ഉച്ചയ്ക്ക് 12ന് എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം. വി.ഡി. സതീശനെ നിയമസഭാകക്ഷി നേതാവായി നിയമിക്കുന്ന തീരുമാനം കേരളത്തിന്റെ ചുമതലുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പ്രഖ്യാപിച്ചു. ദിവസങ്ങളുടെ ആകാംക്ഷയ്ക്കും കാത്തിരിപ്പിനും വിരാമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഹ്ലാദപ്രകടനം.