ഐഫോൺ 18 പ്രോ
ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ പുതിയ ഐഫോൺ 18 പരമ്പര ഉടൻ വിപണിയിലെത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഡിസൈനിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് പകരം പെർഫോമൻസ്, ബാറ്ററി ലൈഫ്, ക്യാമറ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലാണ് ആപ്പിൾ ഇത്തവണ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി ഐഫോൺ 18 പ്രോ , ഐഫോൺ 18 പ്രോ മാക്സ് മോഡലുകളിൽ പുത്തൻ കളർ വേരിയന്റുകൾ ആപ്പിൾ അവതരിപ്പിക്കുമെന്നാണ് സൂചന. കോസ്മിക് ഓറഞ്ചിന് പകരം മനോഹരമായ മെറൂൺ ഷേഡിലുള്ള ഡാർക്ക് ചെറി കളറിലാകും പുതിയ ഫോൺ എത്തുക. ലൈറ്റ് ബ്ലൂ, ഡാർക്ക് ഗ്രേ, സിൽവർ എന്നീ ആകർഷകമായ നിറങ്ങളിലും ഫോൺ ലഭ്യമാകും.
പ്രോ മോഡലുകളിൽ സ്ക്രീൻ വലുപ്പം മാറ്റമില്ലാതെ തുടരുമെങ്കിലും ഡൈനാമിക് ഐലൻഡിന്റെ വലുപ്പം 35 ശതമാനം വരെ കുറച്ചേക്കും. കൂടാതെ, ഊർജ്ജ ഉപഭോഗം കുറയ്ക്കാനും ബാറ്ററി ലൈഫ് വർധിപ്പിക്കാനും സഹായിക്കുന്ന പുത്തൻ എൽപിടിഒ പ്ലസ് ഡിസ്പ്ലേ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.
ഫോണിന്റെ വേഗതയിലും പെർഫോമൻസിലും വൻ കുതിച്ചുചാട്ടമുണ്ടാകും. ലോകത്തിലാദ്യമായി 2nm ചിപ്പ് പ്രൊസസ്സറായ എ20 പ്രോ ചിപ്സെറ്റിലാണ് ഐഫോൺ 18 പ്രോ പ്രവർത്തിക്കുക. ഇത് മുൻ തലമുറയെക്കാൾ 15% അധിക വേഗതയും 30% കൂടുതൽ ബാറ്ററി കാര്യക്ഷമതയും നൽകും. ഇത് ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളെ കൂടുതൽ വേഗത്തിലാക്കും.
ഐഫോൺ 18 പ്രോ മാക്സ് മോഡലിൽ 5,500mAh ഭീമൻ ബാറ്ററി ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററിയാണിത്. ഇതിനായി ഫോണിന്റെ കട്ടി (9mm) അല്പം കൂട്ടുകയും ഭാരം ഏകദേശം 240 ഗ്രാമായി ഉയരുകയും ചെയ്തേക്കാം.
മെഗാപിക്സൽ കൂട്ടുന്നതിന് പകരം പ്രൊഫഷണൽ ഫോട്ടോഗ്രാഫി അനുഭവത്തിനാണ് ആപ്പിൾ മുൻഗണന നൽകുന്നത്. പ്രധാന ക്യാമറയിൽ വെളിച്ചത്തിന്റെ അളവ് സ്വയം ക്രമീകരിക്കാൻ സാധിക്കുന്ന മാനുവൽ അപ്പർച്ചർ അഡ്ജസ്റ്റ്മെന്റ് സിസ്റ്റം കൊണ്ടുവന്നേക്കും. ഇത് ബാക്ക്ഗ്രൗണ്ട് ബ്ലർ ബൊക്കെ എഫക്ട് കൂടുതൽ സ്വാഭാവികമാക്കാൻ സഹായിക്കും.
ആഗോളതലത്തിൽ മെമ്മറി ചിപ്പുകളുടെ വില വർധിച്ചതിനെതുടർന്ന് ഐഫോൺ 18 പ്രോ സീരീസിന് ഇന്ത്യയിൽ മുൻ മോഡലുകളേക്കാൾ ഉയർന്ന വില വന്നേക്കാം, ഐഫോൺ 18 പ്രോ (ബേസ് വേരിയന്റ്)- 1,39,900 , ഐഫോൺ 18 പ്രോ (256ജീബി)- 1,44,900, ഐഫോൺ 18 പ്രോ മാക്സ്- 1,54,900 രൂപ മുതൽ വില ആരംഭിക്കുന്നു. ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പെർഫോമൻസിലും ബാറ്ററി ലൈഫിലും മുന്നിട്ടുനിൽക്കുന്ന മികച്ചൊരു അനുഭവമായിരിക്കും ഐഫോൺ 18 പ്രോ ഉപഭോക്താക്കൾക്ക് സമ്മാനിക്കുക.
Tags : technology apple iphone18pro iphone18promax upgrade