മകൻ പത്തിൽ തോറ്റു; കേക്ക് മുറിച്ച് ആഘോഷിച്ച് കുടുംബം
Tuesday, May 6, 2025 10:52 AM IST
മക്കൾ പരീക്ഷകളിൽ വിജയിക്കുന്പോഴും ഉയർന്ന മാർക്കു നേടുന്പോഴുമൊക്കെ അച്ഛനമ്മമാർ കേക്ക് മുറിക്കും മധുരം പങ്കുവെയ്ക്കും ആഘോഷപരിപാടികൾ സംഘടിപ്പിക്കും. തോറ്റാലോ വഴക്ക്, അടി ഇതൊക്കെയാകും സമ്മാനം. പക്ഷേ, കർണാടകയിൽ ഒരു അച്ഛനും അമ്മയും ഇതിൽ നിന്നൊക്കെ വ്യത്യസ്തരാണ്. അവരുടെമകൻ പത്താംക്ലാസ് പരീക്ഷയിൽ തോറ്റു. പക്ഷേ, അതിനവർ മകനെ അടിക്കുകയോ വഴക്കു പറയുകയോ ചെയ്തില്ല. പകരമൊരു പാർട്ടി തന്നെ അങ്ങു സെറ്റ് ചെയ്തു.
കർണാടക സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (കെഎസ്എസ്എൽസി) പരീക്ഷയിലാണ് 17 വയസുകാരനായ അഭിഷേക് ചോളചഗ്ഗുഡ തോറ്റത്. കർണാടകയിലെ ബാഗൽകോട്ടിലെ ബസവേശ്വര് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിയായിരുന്നു അഭിഷേക്. ബോർഡ് പരീക്ഷയിൽ 600 ൽ 200 മാര്‍ക്ക് നേടിയെങ്കിലും ആറ് വിഷയങ്ങളിലും പരാജയപ്പെട്ടു. മുപ്പത്തി രണ്ട് ശതമാനം മാത്രം മാര്‍ക്ക് നേടിയ അഭിഷേകിനെ സുഹൃത്തുക്കള്‍ പോലും കളിയാക്കി.
എന്നാല്‍, പിതാവ് യെല്ലപ്പ ചോളചഗുഡ്ഡ അവനെ ശകാരിക്കുകയും അവന്റെ പരാജയത്തിൽ അസ്വസ്ഥനാകുകയും ചെയ്യുന്നതിനുപകരം, കേക്ക് മുറിച്ച് ആഘോഷത്തിന്റെ മൂഡിലാണ് പോയത്. വൈറലായ ചിത്രങ്ങളിൽ അഭിഷേക് ചോളചഗ്ഗുഡയുടെ മാതാപിതാക്കൾ അദ്ദേഹത്തിന് കേക്ക് നൽകുന്നതു കാണാം. “പത്താം ക്ലാസ് ഫലം”, “32%”, “600 ൽ 200” എന്നും കേക്കിൽ എഴുതിയിരുന്നു.
“നീ പരീക്ഷകളിൽ പരാജയപ്പെട്ടിരിക്കാം, പക്ഷേ ജീവിതത്തിൽ പരാജയപ്പെടരുത്. പരാജയങ്ങളിൽ എല്ലായ്പ്പോഴും വീണ്ടും ശ്രമിച്ച് അടുത്ത തവണ വിജയം നേടണം.” പരീക്ഷകൾ ജീവിതത്തിലെ എല്ലാമല്ലെന്നും പരാജയവും വിജയവും അതിന്റെ ഒരു ഭാഗം മാത്രമാണെന്നും മനസ്സിലാക്കുന്ന മാതാപിതാക്കളുടെ പക്വതയാണ് ഇത് കാണിക്കുന്നതെന്നാണ് ഈ പ്രവൃത്തിക്കു ലഭിക്കുന്ന കമന്റ്.
മാതാപിതാക്കളുടെ ഈ പ്രവൃത്തിയിൽ അഭിഷേകും വികാരഭരിതനായി, "ഞാൻ പരാജയപ്പെട്ടെങ്കിലും എന്റെ കുടുംബം എന്നെ പ്രോത്സാഹിപ്പിച്ചു. ഞാൻ വീണ്ടും പരീക്ഷ എഴുതും, വിജയിക്കുകയും ജീവിതത്തിലും വിജയിക്കുകയും ചെയ്യും" എന്ന് പറഞ്ഞു. "എന്റെ മകൻ പരീക്ഷകളിൽ പരാജയപ്പെട്ടു, പക്ഷേ ജീവിതത്തിൽ അല്ല. അവൻ 200 മാർക്ക് നേടിയതിൽ ഞാൻ വളരെ സന്തോഷവാനാണ്. മുഴുവൻ കുടുംബവും അവനോടൊപ്പമുണ്ടെന്ന സന്ദേശം അവന് നൽകാൻ ഞാൻ ആഗ്രഹിച്ചുവെന്നും അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു.
മകന്റെ കഴിഞ്ഞ കാലത്തെക്കുറിച്ചും അദ്ദേഹം ഓർമിച്ചു. അവന് കുഞ്ഞായിരിക്കുന്പോൾ അവന്റെ കാലിൽഗുതുരതരമായി പൊള്ളലേറ്റു അത് അവന്റെ ഓർമയെ കാര്യമായി ബാധിച്ചു. വളരെ കുറഞ്ഞ ഓർമയും കൊണ്ട് അവൻ പത്താം ക്ലാസ് വരെ പഠിച്ചു എന്നതുതന്നെ തീർച്ചയായും നേട്ടമാണ്. അതുകൊണ്ടു തന്നെ അത് "ഞാൻ ആഘോഷിക്കാൻ തീരുമാനിച്ചു എന്നും അദ്ദേഹം പറഞ്ഞു.