പരിമിതികൾക്ക് ഗുഡ്ബൈ പറഞ്ഞ് മുനവ്വിർ ലോകത്തിന്റെ നെറുകയിൽ
Monday, June 27, 2022 12:39 PM IST
മൂന്നടി അടി ഏഴ് ഇഞ്ച് മാത്രമാണ് പെരിന്തൽമണ്ണ കാപ്പ് സ്വദേശിയായ മാക്ക് എന്നപേരിൽ സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള മുനവ്വിർ എന്ന യാത്രാപ്രേമിയുടെ പൊക്കം. മറ്റുള്ള യാത്രികരുടെ പോലെ സാന്പത്തിക പിൻബലമോ യാത്ര ചെയ്യാൻ സ്വന്തം വാഹനമോ ഇല്ലാത്ത മുനവ്വിർ സീറോ ബജറ്റിൽ ഇന്ത്യ മുഴുവൻ ചുറ്റി എവറസ്റ്റ് ബേസ് ക്യാന്പിലേക്ക് എത്തിയിരിക്കുകയാണ്.
സാധാരണപോലെ നടക്കുവാനോ മറ്റ് കളികളിൽ ഏർപ്പെടാനോ കഴിയാത്ത മുനവ്വിർ കൊടുങ്ങലൂരിലെ ഒരു ഓർഫനേജിൽ നിന്നാണ് പ്രഥമിക വിദ്യാഭ്യാസം നേടിയത്. വളരെ ചെറുപ്പം മുതലേ മറ്റുള്ളവരെപ്പോലെ യാത്രകളെ ഇഷ്ടപെട്ട മുനവ്വിർ പ്ലസ്ടു വിദ്യാഭ്യാസത്തിനു ശേഷമാണ് ചില്ലിക്കാശില്ലാതെ ഇന്ത്യ ചുറ്റാൻ ഇറങ്ങിയത്.
മുനവ്വിറിന്റെ പലയാത്രകളും യാതൊരു വിധ പ്ലാനിംഗും ഇല്ലാതെയായിരുന്നു. പലപ്പോഴും തെരുവുകളിലെ കടത്തിണ്ണകളിലും മണ്ഡപങ്ങളുടെ പടികെട്ടുകളിലും അന്തിയുറങ്ങിയായിരുന്നു ഈ 26 കാരൻ യാത്ര പോയിരുന്നത്.
ഒരുവർഷം മുൻപ് നിലന്പൂർ സ്വദേശിയും മുൻപ് അങ്ങാടിപ്പുറത്ത് സ്റ്റുഡിയോ ജോലികൾ ചെയ്യുകയും ചെയ്തിരുന്ന സോഷ്യൽ മീഡിയയിൽ കേരളീയൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ബിബിൻ എന്ന യുവാവിനെ യാത്രക്കിടയിൽ കണ്ടുമുട്ടിയതോടെയാണ് മുനവ്വിറിനെ ലോകമറിയാൻ തുടങ്ങിയത്.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഒരുവർഷത്തിനിടയിൽ ചുറ്റിയ ഇവർ സാധാരണ യാത്രികർക്ക് കടന്നെത്താൻ കഴിയാത്ത ഇടങ്ങളിൽ പോലും എത്തി പെട്ടു എന്നത് ഓരോ യാത്രാ പ്രേമിയെയും ത്രില്ലടിപ്പിക്കും.
യാത്രകളുടെ മൂലധനം എന്തെന്ന് ചോദിച്ചാൽ മുനവ്വിർ പറയും ‘പൊക്കം കുറഞ്ഞുപോയത് കാണുന്നവരുടെ കണ്ണിലാണ്, നിന്നെ കൊണ്ട് കഴിയില്ല എന്ന് പറയുന്നത് ചെയ്യാനുള്ള വാശി ഉണ്ട്. യാത്ര പോകാനുള്ള ആർത്തിയുമുണ്ട് കിട്ടുന്നവണ്ടികളിലും നടന്നും ആഗ്രഹിക്കുന്നത് നേടുവാനുള്ള മനോബലവും’.