കുടുംബ ബജറ്റ് കുറയ്ക്കാന്‍ കുഞ്ഞിന് വെട്ടുക്കിളിയെ നല്കി ഞെട്ടിച്ച് ഒരമ്മ
Wednesday, April 26, 2023 10:19 AM IST
ലോകത്ത് വ്യത്യസ്തരായ ധാരാളം മനുഷ്യരുണ്ട്. അവരില്‍ ചിലര്‍ വിചിത്രമായ തങ്ങളുടെ പ്രവര്‍ത്തികള്‍കൊണ്ട് മറ്റുള്ളവരെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം നെറ്റിസണില്‍ എത്തി ചര്‍ച്ചയായി മാറിയിരുന്നു.
കാനഡയില്‍ നിന്നാണ് ഈ വാര്‍ത്ത എത്തിയത്. കാനഡയിലെ ഒരു സ്ത്രീ തന്റെ കുടുംബത്തിന്റെ പലചരക്ക് ബില്ലുകള്‍ വെട്ടിക്കുറയ്ക്കുന്നതിനായി 18 മാസം പ്രായമുള്ള കുഞ്ഞിന്റെ ഭക്ഷണക്രമത്തില്‍ വരുത്തിയതാണ് കാര്യം.
കുട്ടിക്ക് പോഷകാഹാരം നല്‍കുന്നതിനും എന്നാല്‍ ചെലവ് കുറയ്ക്കുന്നതിനുമായി ഇവര്‍ ഒരു വഴി കണ്ടെത്തി; വെട്ടുക്കിളികളെ കുഞ്ഞിന് ആഹാരമായി നല്‍കുക. എഴുത്തുകാരികൂടിയായ ടിഫാനിയാണ് ഇത്തരത്തില്‍ വേറിട്ട "മെനു' കുഞ്ഞിനായി ഒരുക്കിയത്.
ലോക രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യവും ജീവിതച്ചെലവിലെ വര്‍ധനയും നിമിത്തമണ് താന്‍ ഈ പരീക്ഷണം നടത്തിയതെന്ന് ടിഫാനി പറഞ്ഞു. തായ്ലന്ഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഉറുമ്പിനെയും തേളിനെയും ഒക്കെ താന്‍ ആസ്വദിക്കാറുണ്ടെന്ന് ടിഫാനി പറയുന്നു. അതിനാല്‍ തന്നെ വെട്ടുക്കിളികളെ കുഞ്ഞിന് നല്‍കിയത് ബോധപൂര്വമാണത്രെ.
കുഞ്ഞിനൊപ്പം കുടുംബത്തിന്റെ ആഹാരച്ചെലവ് 250മുതല്‍ 300 ഡോളര്‍ വരെ കൂടി. എന്നാല്‍ വെട്ടുക്കിളി പരീക്ഷണത്തോടെ ഇത് 150 മുതല്‍ 200 ഡോളര്‍ വരെ കുറയ്ക്കാന്‍ കഴിഞ്ഞത്രെ.
എന്തായാലും ടിഫാനിയുടെ ഈ പരീക്ഷണം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗത്തുള്ളവര്‍ ഇത്തരം പരീക്ഷണങ്ങള്‍ വല്ലോം നടത്തിയാല്‍ എന്താകും ഫലമെന്ന് ഒരെത്തും പിടിയുമില്ല...