"22 ദശലക്ഷത്തില്‍ ഒരാള്‍'; ഉടമയ്ക്കായി വൃക്ക ദാതാവിനെ കണ്ടെത്തിയ വളര്‍ത്തുനായയുടെ കഥ
Wednesday, April 26, 2023 11:38 AM IST
ആളുകള്‍ പലതരം മൃഗങ്ങളെ ഓമനിച്ചു വളര്‍ത്താറുണ്ട്. മിക്കവരും കൂടെ കൂട്ടാറുള്ള ഒരു മൃഗമാണ് നായകള്‍. അവയ്ക്ക് തന്റെ യജമാനനോടുള്ള സ്നേഹം ഏറെ പ്രസിദ്ധമാണല്ലൊ. സ്വന്തം ജീവന് നല്കിപോലും ഉടമയെ രക്ഷിച്ച നായകളുടെ കഥകള്‍ നാം ധാരാളം കേട്ടിട്ടുണ്ട്.
ഇപ്പോഴിതാ വൃക്ക രോഗിയായ തന്റെ യജമാനത്തിക്ക് ദാതാവിനെ കണ്ടെത്തിയ ഒരു നായയാണ് സമൂഹ മാധ്യമങ്ങളിലെ താരം. ലൂസി ഹംഫ്രിയുടെ വളര്‍ത്തുമൃഗമായ ഡോബര്മാനാണ് ഇത്തരത്തില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
ഒരുപക്ഷേ ആശ്ചര്യകരമായി തോന്നാം. എന്നാല്‍ സംഭവം സത്യമാണ്. ലൂസിയും പങ്കാളി സെനിഡ് ഓവനും വാരാന്ത്യ അവധിക്ക് അകലെയുള്ള അബെറിസ്റ്റ്വിത്തിലേക്ക് യാത്ര തിരിക്കാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ ലൂസിക്ക് വൃക്ക രോഗമായതിനാല്‍ അവര്‍ ദീര്‍ഘയാത്ര മാറ്റിവച്ചു.
പകരം സൗത്ത് വെയില്‍സിലെ ഒരു ബീച്ചിലേക്ക് പോയി. തങ്ങളുടെ വളര്‍ത്തുനായ്ക്കളായ ജേക്കിനെയും ഇന്‍ഡിയെയും അവര്‍ കൂടെ കൂട്ടിയിരുന്നു. ഏറെ നാളായി ഡയാലിസിസ് ചെയ്യുന്ന ആളാണ് ലൂസി.
ഒരു വൃക്ക ദാതാവിനെ കണ്ടെത്താന്‍ കഴിയാതെ കഴിയുകയായിരുന്നു അവര്‍. വൃക്ക ലഭിക്കാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാത്തിരിപ്പ് ഏറെ നീണ്ട ഒരു സമയമായിരുന്നത്.
ബീച്ചിലങ്ങനെ അവര്‍ സമയം ചിലവഴിക്കുമ്പോള്‍ പെട്ടെന്ന് നായകളിലൊന്ന് 100 മീറ്റര്‍ അകലെയുള്ള ഒരു യുവതിയുടെ അടുത്തേക്ക് പോയി. ഇന്‍ഡി എന്ന നായയാണ് ഇത്തരത്തില്‍ പെരുമാറിയത്. കാറ്റി ജയിംസ് എന്ന യുവതിക്ക് അടുത്തേക്കാണ് ഇന്‍ഡി പോയത്.
ഡോബര്മാന് ഇനത്തിലെ നായയെ കണ്ട് കാറ്റി ആദ്യമൊന്ന് ഭയന്ന്. ലൂസി ഉടനടി അവിടെത്തി. കാറ്റിയോട് മാപ്പും പറഞ്ഞു. എന്നാല്‍ എത്ര വിളിച്ചിട്ടും നായ കാറ്റിക്ക് അരികില്‍ തന്നെ നിലയുറപ്പിച്ചത് ലൂസിയെ ആശയക്കുഴപ്പത്തിലാക്കി. ഇതുനിമിത്തം ലൂസിയും കാറ്റിയും കുറച്ചുനേരം സമയം ചെലവിട്ടു.
ലൂസിയും പങ്കാളി സെനിഡും കാറ്റിയെ ഒരു ചായ സത്ക്കാരത്തിനായി ക്ഷണിച്ചു. വൈകാതെ ഇവര്‍ തമ്മില്‍ ചങ്ങാത്തമുണ്ടാവുകയും ചെയ്തു.
സംഭാഷണത്തിനിടയിലാണ് ലൂസിക്ക് അഞ്ചുവര്‍ഷത്തിനുള്ളില്‍ വൃക്ക മാറ്റിവയ്ക്കേണ്ടി വരുമെന്ന കാര്യം കാറ്റിക്ക് മനസിലായത്. താന്‍ വൃക്ക ദാനം ചെയ്യാന്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത ആളാണെന്നും അത് ലൂസിക്ക് ആണെങ്കില്‍ സന്തോഷമെന്നും കാറ്റി പറഞ്ഞു.
പിന്നീട് നടന്നതൊക്കെ ഏവരേയും അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ്. കാരണം അപൂര്‍വമായ അവസ്ഥ നിമിത്തം ലൂസിക്ക് ചേരുന്ന ഒരു വൃക്ക ലഭിക്കുക ഏറെ ക്ലേശകരമായിരുന്നു. 22 ദശലക്ഷത്തില്‍ ഒരാളുടെ വൃക്ക മാത്രമേ കൃത്യമായി ചേരുകയുള്ളു.
എന്നാല്‍ കാറ്റിയുടെ വൃക്ക ലൂസിക്ക് 100 ശതമാനവും യോജിച്ചതായിരുന്നു. ഇക്കാര്യം ചികിത്സിച്ച ഡോക്ടറെ പോലും അമ്പരപ്പിച്ചുകളഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് രണ്ട് സ്ത്രീകളും കാര്‍ഡിഫിലെ വെയില്‍സ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് പോയി.
ശസ്ത്രക്രിയ വിജയകരമായിരുന്നു. ലൂസി ഇപ്പോള്‍ പൂര്‍ണമായി സുഖം പ്രാപിക്കുകയും സന്തോഷകരമായ, സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്നു.
സംഭവം വലിയ വാര്‍ത്ത ആയതോടെ ആളുകളും അമ്പരപ്പിലാണ്. ഇന്‍ഡി എന്ന നായ നെറ്റിസനും പ്രിയപ്പെട്ടതായി മാറി. "തികച്ചും യാദൃശ്ചികം എന്നാല്‍ ദൈവീകം' എന്നാണൊരാള്‍ ഈ സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.