ലൂവ്റെ മ്യൂസിയവും ഈഫൽ ടവറും കാണാൻ പാരീസിലെത്തുന്ന സഞ്ചാരികളെ എന്നും ഭയപ്പെടുത്തുന്ന ഒന്നാണ് അവിടെയുള്ള പോക്കറ്റടിക്കാരുടെ ശല്യം.
ജനത്തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് യാത്രാ പ്രേമികളും വിവിധ രാജ്യങ്ങളും മുന്നറിയിപ്പ് നൽകുന്നത് പതിവാണ്.
എന്നാൽ ഇപ്പോൾ, പാരീസിലെ തെരുവുകളിൽ വെച്ച് വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോകാതിരിക്കാൻ ഒരു യുവതി കണ്ടെത്തിയ വേറിട്ട സുരക്ഷാ മാർഗമാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്.
വിക്ടോറിയ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് പാരീസ് നഗരത്തിൽ ഇറങ്ങുന്നതിന് മുൻപ് താൻ നടത്തുന്ന സുരക്ഷാ മുൻകരുതലുകൾ വീഡിയോയായി പങ്കുവെച്ചത്.
കൈയിലെ വളകളും മോതിരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ബ്രൗൺ പാക്കിംഗ് ടേപ്പ് കൊണ്ട് വിരലുകളും കൈത്തണ്ടയും ചുറ്റിവരിയുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്.
തുടർന്ന് ധരിച്ചിരിക്കുന്ന വസ്ത്രത്തോടു ചേർത്ത് ബാഗും അതിന്റെ ബക്കിളുകളും ടേപ്പ് ഉപയോഗിച്ച് ഉറപ്പിക്കുന്നു. ഇതിനു പുറമെ കമ്മൽ, മാല, സൺഗ്ലാസ് എന്നിവയ്ക്ക് മുകളിലും ടേപ്പ് ഒട്ടിച്ച ശേഷമാണ് കൈയിൽ നിന്ന് വീണുപോകാത്ത വിധം ഫോണും ടേപ്പ് ചെയ്തു വെക്കുന്നത്.
ഇത്രയും തയ്യാറെടുപ്പുകൾക്ക് ശേഷമാണ് യുവതി ലൂവ്റെ മ്യൂസിയവും നഗരവും കാണാൻ ഇറങ്ങുന്നത്. മനോഹരമായ പാരീസ് നഗരത്തിൽ പോക്കറ്റടിക്കാരിൽ നിന്ന് സ്വയം രക്ഷപ്പെടാൻ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരുന്നത് സങ്കടകരമാണെങ്കിലും ഇതാണ് സുരക്ഷിതമെന്നാണ് യുവതി കുറിച്ചത്.
യുവതിയുടെ ഈ അസാധാരണ പ്രവർത്തി ഇന്റർനെറ്റിൽ ചിരിക്കും വൻ ചർച്ചകൾക്കും വഴിവെച്ചു. ലണ്ടൻ, ന്യൂയോർക്ക്, ബെർലിൻ തുടങ്ങിയ നഗരങ്ങളിലെയും ഇന്നത്തെ യാഥാർഥ്യം ഇതുതന്നെയാണെന്നും അതിനാൽ ഈ മുൻകരുതൽ ന്യായമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
തങ്ങൾക്ക് പാരീസിൽ വെച്ച് സാധനങ്ങൾ നഷ്ടപ്പെട്ട മുൻ അനുഭവങ്ങൾ പങ്കുവെച്ചവരും ഇതിനെ പിന്തുണച്ചു. എന്നാൽ, കാര്യങ്ങളെ ഇത്രയധികം സങ്കീർണമാക്കേണ്ടതില്ലെന്നും വിലപിടിപ്പുള്ള സാധനങ്ങൾ വീട്ടിൽ വെച്ച ശേഷം യാത്ര നടത്തുന്നതാണ് പ്രായോഗികമെന്നും ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു.
അതേസമയം, പാരീസിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്നും, നഗരത്തിൽ ജീവിക്കുന്ന തങ്ങൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി ചില പ്രാദേശികവാസികളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Tags : ParisTravel AntiTheftHack TravelSafety ParisPickpockets TravelHacks