x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭക്ഷണം കഴിച്ച ഉടൻ ശ്വാസംമുട്ടലും ചുണ്ടുകളിൽ വീക്കവും; വന്ദേ ഭാരതിലെ ഭക്ഷണത്തിനെതിരെ തെളിവുകളുമായി യാത്രക്കാരി


Published: March 31, 2026 08:08 PM IST | Updated: March 31, 2026 08:08 PM IST

വാരണാസിയിൽ നിന്ന് ദേവ്ഘറിലേക്ക് വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിക്കും മകനും ട്രെയിനിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ നിന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ സംഭവം റെയിൽവേയുടെ ഭക്ഷണ ശുചിത്വത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

മാർച്ച് 27-ന് 22500 നമ്പർ ട്രെയിനിലെ ഇ1 കോച്ചിൽ യാത്ര ചെയ്ത ആയുഷി എന്ന യാത്രക്കാരിയാണ് തനിക്കുണ്ടായ ദുരനുഭവം സാമൂഹ്യമാധ്യമമായ എക്സിലൂടെ വെളിപ്പെടുത്തിയത്. ട്രെയിനിൽ നിന്ന് വിളമ്പിയ ഉച്ചഭക്ഷണം കഴിച്ച ഉടൻ തന്നെ യുവതിക്ക് ശ്വാസതടസവും ചുണ്ടുകളിൽ അതിശക്തമായ വീക്കവും അനുഭവപ്പെടുകയായിരുന്നു. ഇതോടൊപ്പം അവരുടെ രണ്ട് വയസുകാരനായ മകന് വയറിളക്കം പിടിപെടുകയും ചെയ്തു.

തക്കസമയത്ത് വൈദ്യസഹായം ലഭിച്ചില്ലായിരുന്നെങ്കിൽ തന്‍റെ ജീവൻ പോലും അപകടത്തിലാകുമായിരുന്നു എന്ന് യുവതി ആശങ്ക പങ്കുവെച്ചു. ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടറുടെ കുറിപ്പടിയും ശാരീരിക അസ്വസ്ഥതകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും ഇവർ തെളിവായി പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ ട്രെയിനിൽ നൽകിയ കുടിവെള്ളത്തിന് അസ്വാഭാവികമായ രുചി ഉണ്ടായിരുന്നതായും ഇവർ ആരോപിക്കുന്നു.

ഈ പരാതി ശ്രദ്ധയിൽപ്പെട്ട ഐആർസിടിസി നടത്തിയ ഔദ്യോഗിക പ്രതികരണം യാത്രക്കാരെ കൂടുതൽ പ്രകോപിപ്പിക്കുന്നതായിരുന്നു. അന്ന് വിതരണം ചെയ്ത ഭക്ഷണങ്ങൾ പരിശോധിച്ചതായും അവയിൽ ഗുണനിലവാര പ്രശ്നങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നുമായിരുന്നു റെയിൽവേയുടെ നിലപാട്. മറ്റ് യാത്രക്കാരിലാരും സമാനമായ പരാതി ഉന്നയിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

എന്നാൽ റെയിൽവേയുടെ ഈ മറുപടിയിൽ അതൃപ്തി പ്രകടിപ്പിച്ച യുവതി, മറ്റാർക്കും അസുഖം വരാത്തതിൽ തനിക്ക് സന്തോഷമുണ്ടെന്നും എന്നാൽ താനും മകനും അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകൾ യാഥാർഥ്യമാണെന്നും തുറന്നടിച്ചു.

തങ്ങൾ കഴിച്ച ഏക ആഹാരം ട്രെയിനിലേതായിരുന്നുവെന്നും റെയിൽവേയ്ക്ക് ഇതിൽ ഉത്തരവാദിത്തമില്ലേ എന്നും അവർ ചോദിച്ചു. പിന്നീട് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി വിശദാംശങ്ങൾ കൈമാറാൻ റെയിൽവേ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ച് അടുത്ത കാലത്തായി തുടർച്ചയായി പരാതികൾ ഉയരുന്നത് യാത്രക്കാർക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് വന്ദേ ഭാരതിൽ നൽകിയ തൈര് പാക്കറ്റിൽ പുഴുക്കളെ കണ്ടെത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

പഴകിയ ആഹാരം, വൃത്തിഹീനമായ പാത്രങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിരന്തരം പരാതികൾ ഉയരുമ്പോഴും റെയിൽവേ കരാറുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ പരിഹരിക്കാൻ കൃത്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന വിമർശനം ശക്തമാണ്.

കർശനമായ ഗുണനിലവാര പരിശോധനകൾ നടക്കുന്നുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ആവർത്തിച്ചുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ രാജ്യത്തെ അഭിമാന ട്രെയിൻ സർവീസിന്‍റെ വിശ്വാസ്യതയെ സാരമായി ബാധിക്കുന്നുണ്ട്.

 

Tags : VandeBharatExpress IndianRailways IRCTC FoodSafety TravelNews

Recent News

Corehub Up