ജോലിത്തിരക്കും വിശ്രമമില്ലാത്ത ഷെഡ്യൂളുകളും മനുഷ്യജീവിതത്തെ എത്രത്തോളം അപകടകരമായ അവസ്ഥയിലെത്തിക്കാം എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് ചണ്ഡീഗഡ്-മണാലി ഹൈവേയിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ.
അതിവേഗത്തിൽ പാതയിലൂടെ കുതിക്കുന്ന വാഹനത്തിന്റെ ഡ്രൈവർ സ്റ്റിയറിംഗിലിരുന്ന് ഉറങ്ങിപ്പോയ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഏകദേശം 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ വാഹനം മുന്നോട്ട് നീങ്ങുമ്പോഴും ഡ്രൈവർ പൂർണമായും ബോധരഹിതനായി ഉറക്കത്തിലായിരുന്നു എന്നത് കാഴ്ചക്കാരിൽ ഭീതിയുണർത്തുന്നു.
ഈ അപകടസാഹചര്യം ശ്രദ്ധയിൽപ്പെട്ട മറ്റ് യാത്രക്കാരുടെ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. വാഹനത്തിന് പിന്നാലെ വന്നവർ നിരന്തരമായി ഹോൺ മുഴക്കിയും ഒച്ചവെച്ചും ഡ്രൈവറെ ഉണർത്താൻ ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
ഡ്രൈവർ ഉറക്കത്തിലാണെന്ന് ഉറക്കെ വിളിച്ചുപറയുന്ന ട്രക്ക് ഡ്രൈവറുടെ ശബ്ദവും ദൃശ്യങ്ങളിലുണ്ട്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ശബ്ദം കേട്ട് ഡ്രൈവർ ഉണരുകയും വാഹനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയും ചെയ്തതോടെ വലിയ ദുരന്തമാണ് ഒഴിവായത്.
ഈ സംഭവം പുറത്തുവന്നതോടെ ടാക്സി-ട്രക്ക് ഡ്രൈവർമാരുടെ ദുരിതപൂർണമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് വലിയ തോതിലുള്ള പ്രതിഷേധങ്ങളും ചർച്ചകളും ഉയരുന്നുണ്ട്.
ഡ്രൈവർമാരുടെ ശാരീരിക തളർച്ച കേവലം ഒരു വ്യക്തിപരമായ പ്രശ്നമല്ലെന്നും മറിച്ച് നിലവിലുള്ള സംവിധാനത്തിന്റെ പരാജയമാണെന്നും സാമൂഹിക മാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടുന്നു.
അധികസമയം ജോലി ചെയ്യേണ്ടി വരുന്നതും ട്രിപ്പുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മാത്രം വരുമാനം ലഭിക്കുന്ന രീതിയും ഡ്രൈവർമാരെ വിശ്രമമില്ലാതെ വണ്ടിയോടിക്കാൻ നിർബന്ധിതരാക്കുകയാണ്.
ഇത്തരം സാഹചര്യം ഒഴിവാക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്നും ഡ്രൈവർമാരുടെ ക്ഷേമവും റോഡ് സുരക്ഷയും ഉറപ്പാക്കാൻ കർശനമായ നിയമങ്ങൾ വേണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമാകുകയാണ്.
Video from CHD Manali highway. A driver is clearly seen dozing off while the car continues at nearly 80 plus kmph. A truck driver keeps honking to alert him. Work load on taxi and truck drivers in India has become a serious issue and their working conditions urgently need… pic.twitter.com/TYnSr310jO
— Nikhil saini (@iNikhilsaini) January 5, 2026
Tags : RoadSafety ViralVideo ChandigarhManaliHighway HighwaySafety BreakingNews