തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ താൻ നേരിട്ട ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ട് അന്നപൂർണ എന്ന ഇന്ത്യൻ സഞ്ചാരി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
എല്ലാ യാത്രാരേഖകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും കൈവശമുണ്ടായിട്ടും, ഇന്ത്യൻ പാസ്പോർട്ട് ആണെന്ന കാരണത്താൽ വിയറ്റ്നാം എയർലൈൻസ് അധികൃതർ തന്നെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്നാണ് ഇവരുടെ ആരോപണം.
ലാവോസിൽ നിന്ന് കംബോഡിയയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് വിമാനത്താവള അധികൃതർ നൂലാമാലകൾ സൃഷ്ടിച്ചത്. താൻ ഒരു യഥാർഥ വിനോദസഞ്ചാരിയാണെന്ന് തെളിയിക്കാൻ 400 ഡോളർ പണമായി കാണിക്കണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചു.
തന്റെ ഡിജിറ്റൽ ബാങ്ക് രേഖകളോ മുൻകാലത്തെ കംബോഡിയൻ യാത്രാ ചരിത്രമോ പരിഗണിക്കാൻ അവർ തയ്യാറായില്ലെന്ന് യുവതി വീഡിയോയിൽ വ്യക്തമാക്കുന്നു.
ഏതാനും ആഴ്ചകൾക്ക് മുൻപ് ബാങ്കോക്ക് വഴി കംബോഡിയയിൽ പ്രവേശിച്ചപ്പോൾ കാർഡ് ഉപയോഗിച്ചാണ് വിസാ നിരക്ക് അടച്ചിരുന്നത്.
എന്നാൽ ഇത്തവണ നിയമങ്ങൾ പെട്ടെന്ന് മാറിയത് തന്നെ ബുദ്ധിമുട്ടിച്ചുവെന്നും, നിയമത്തിന്റെ ഔദ്യോഗിക രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഒരു മെസഞ്ചർ ഗ്രൂപ്പിലെ ചാറ്റുകളാണ് അധികൃതർ കാണിച്ചതെന്നും ഇവർ ആരോപിക്കുന്നു.
വിദേശ രാജ്യങ്ങളിൽ പാശ്ചാത്യ സഞ്ചാരികൾക്ക് ലഭിക്കുന്ന പരിഗണനയോ ബഹുമാനമോ പലപ്പോഴും ഇന്ത്യക്കാർക്ക് ലഭിക്കുന്നില്ലെന്ന കടുത്ത വിമർശനവും അന്നപൂർണ ഉയർത്തുന്നുണ്ട്.
ഇന്ത്യൻ യാത്രികർ അനധികൃതമായി കുടിയേറാൻ എത്തുന്നവരാണെന്ന മുൻവിധി അധികൃതരുടെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നുവെന്നും ഇവർ പറയുന്നു.
ലാവോസ് അതിർത്തി കടക്കുമ്പോഴും സമാനമായ തടസങ്ങൾ ഉണ്ടായതായി ഇവർ വെളിപ്പെടുത്തി. ഈ വീഡിയോ പുറത്തുവന്നതോടെ സമാനമായ അനുഭവങ്ങൾ നേരിട്ട നിരവധി പേർ പ്രതികരണങ്ങളുമായി എത്തി.
ഇന്ത്യൻ സഞ്ചാരികൾ മാത്രമല്ല, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരും ഇത്തരം കർശനമായ പരിശോധനകൾക്ക് വിധേയരാകാറുണ്ടെന്ന് ചിലർ കമന്റുകളിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ യാത്രകളിൽ ഇത്തരം അപ്രതീക്ഷിത തടസങ്ങൾ സ്വാഭാവികമാണെന്നും, മുൻകരുതലായി പണം കയ്യിൽ കരുതുകയാണ് വേണ്ടതെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.
ഏതായാലും ഇന്ത്യൻ സഞ്ചാരികളോടുള്ള വിദേശ വിമാനത്താവളങ്ങളിലെ മനോഭാവം ഇപ്പോൾ വീണ്ടും സജീവമായ ഒരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
Tags : TravelDiaries ViralVideo TravelStory IndianTraveler JusticeForTravelers