ഇന്ത്യയും റഷ്യയും 32,000 കോടിയുടെ കരാറുകളില്‍ ഒപ്പുവച്ചു
ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 32,000 കോടി രൂപയുടെ പ്രതിരോധ- സാമ്പത്തിക കരാറില്‍ ഒപ്പിട്ടു. നേരിട്ടുള്ള വിദേശനിക്ഷേപത്തിനു സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും റഷ്യ ഫൌണ്േടഷന്‍ ഫോര്‍ ഡയറക്ട് ഇന്‍വെസ്റ്മെന്റ്സും (ആര്‍ഡിഐഎഫ്) തമ്മില്‍ കരാറില്‍ ഒപ്പിട്ടു. 200 കോടി രൂപയുടെ നിക്ഷേപപദ്ധതികളാണു കരാറിലുള്ളത്.

പതിമ്മൂന്നാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും തമ്മിലാണു ചര്‍ച്ച നടത്തിയത്. വ്യോമസേന ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത എസ്യു 30 എംകെഐ സുഖോയി വിമാനങ്ങളുടെ എണ്ണം നാലു ഘട്ടങ്ങളിലായി 272 ആയി ഉയര്‍ത്താന്‍ ചര്‍ച്ചയില്‍ ധാരണയായി. 71 എംഐ-17വി ഹെലികോപ്ടറുകള്‍ റഷ്യ ഉടന്‍ നല്കും. റഷ്യന്‍ ഹെലികോപ്ടറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള വ്യവസായ സംരംഭത്തില്‍ എല്‍കോം സിസ്റംസും റഷ്യന്‍ കമ്പനി ജെഎസ്സിയും ഒരുമിച്ചു പ്രവര്‍ത്തിക്കും.

സുഖോയി വിമാനങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനു റഷ്യ കൈമാറും. 2013-17 കാലഘട്ടത്തില്‍ 140 വിമാനങ്ങള്‍ നിര്‍മിക്കാനാണ് എച്ച്എഎല്‍ ലക്ഷ്യമിടുന്നത്. ഇതുപ്രകാരം വിമാനങ്ങളുടെ ചട്ടക്കൂട് നാസിക്കിലും എന്‍ജിന്‍ കോരാപുടിലും ഉപകരണങ്ങള്‍ ഹൈദരാബാദിലും ലക്നോവിലുമായി നിര്‍മിക്കും. രണ്ടു സീറ്റുള്ള സുഖോയി സൂപ്പര്‍സോണിക് വിമാനങ്ങള്‍ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചു യുദ്ധമുഖത്തു നിലകൊള്ളാന്‍ പര്യാപ്തമായവയാണ്. 1996ലാണു സുഖോയി യുദ്ധവിമാനങ്ങള്‍ വാ ങ്ങുന്ന കരാറില്‍ ഇന്ത്യ റഷ്യയുമായി കരാര്‍ ഒപ്പിട്ടത്.

റഷ്യയുടെ വിദേശനയത്തില്‍ ഇന്ത്യയുമായി സഹകരണം മെച്ചപ്പെടുത്തുന്നതിനു പ്രമുഖ സ്ഥാനമാണുള്ളതെന്നും ഉത്തരവാദിത്വമുള്ള നേതൃത്വത്തിന് ഇരുരാജ്യങ്ങളും മാതൃകയാണെന്നും വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു.


ഇന്ത്യ-റഷ്യ ഉഭയകക്ഷിബന്ധത്തിലൂടെ ഈ വര്‍ഷം വ്യാപാരം 30 ശതമാനം വര്‍ധിച്ചതായി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു.മരുന്നുകള്‍, രാസവളം, ഖനനം, സ്റീല്‍, വാര്‍ത്താവിനിമയം, ഭക്ഷ്യസംഭരണം എന്നീ മേഖലകളില്‍ നിക്ഷേപസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.

ശാസ്ത്രസാങ്കേതിക മേഖലയില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിലും റഷ്യയിലും ശാസ്ത്രസാങ്കേതിക സെന്ററുകള്‍ ആരംഭിക്കും. നാനോ ടെക്നോളജി, ബയോ-മെഡിസിന്‍, സൂപ്പര്‍-കംപ്യൂട്ടിംഗ് എന്നീ മേഖലകളില്‍ ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളായി ഈ സെന്ററുകളെ ഉയര്‍ത്തും.

ഇന്ത്യയുടെ മൂല്യമുള്ള സുഹൃത്ത് എന്നാണു പുടിനെ മന്‍മോഹന്‍ സിംഗ് വിശേഷിപ്പിച്ചത്. സംയുക്ത സഹകരണത്തോടെ ഊര്‍ജമേഖലയില്‍ വിപ്ളവകരമായ മാറ്റം വരുത്താന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിക്കുമെന്നു മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൌണ്‍സിലിലും ബ്രിക്സ് ഉച്ചകോടിയിലും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇതുപ്രകാരം അഫ്ഗാനിസ്ഥാനില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. തീവ്രവാദം, വിദേശ ഇടപെടല്‍ എന്നിവയില്‍നിന്ന് അഫ്ഗാനിസ്ഥാനെ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ത്യയും റഷ്യയും കൈകോര്‍ക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധസഹകരണത്തിന്റെ 65-ാം വാര്‍ഷികം കൂടിയാണിതെന്നും മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

കൂടംകുളം ആണവനിലയത്തില്‍ വൈദ്യുതി ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്നു മന്‍മോഹന്‍ സിംഗ് പറഞ്ഞു. കൂടംകുളത്തു രണ്ടാംഘട്ട പ്രവര്‍ത്തനം അടുത്തവര്‍ഷം ആരംഭിക്കും. പ്രതിഷേധം ഭയന്നോടുന്ന സര്‍ക്കാരല്ല ഇപ്പോഴുള്ളതെന്നും ഊര്‍ജ സംരക്ഷണത്തില്‍ കൂടംകുളം വലിയൊരു കാല്‍വയ്പാണെന്നും സംയുക്ത വാര്‍ത്താ സമ്മേളന ത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.