കൊച്ചിയെ രാജ്യാന്തര ബിസിനസിനൊരുക്കി വേൾഡ് ട്രേഡ് സെന്റർ
കൊച്ചിയെ രാജ്യാന്തര ബിസിനസിനൊരുക്കി വേൾഡ് ട്രേഡ് സെന്റർ
Wednesday, November 23, 2016 6:46 AM IST
വിനോദസഞ്ചാരത്തിനപ്പുറത്ത് ബിസിനസ് ചെയ്യാൻ പറ്റിയ സ്‌ഥലമായി കൊച്ചിയും തിരുവനന്തപുരവും സ്‌ഥാനം പിടിക്കുകയാണ്. വേൾഡ് ട്രേഡ് സെന്ററിന്റെ (ഡബ്ള്യുടിസി) കൈയൊപ്പ് ഈ രണ്ടു നഗരങ്ങളുടേയും ബിസിനസ് സാധ്യതകളെ ലോകത്തിനു മുമ്പിൽ ഉറപ്പിച്ചു കാണിക്കുകയും ചെയ്യുന്നു.

കൊച്ചിയിൽ വേൾഡ് ട്രേഡ് സെന്റർ പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. ഐടി, ഐടിഇഎസ് ബിസിനസുകൾക്കുള്ള പ്രത്യേക സാമ്പത്തിക മേഖലയിലെ കൊച്ചി ഇൻഫോ പാർക്കിലാണ് വേൾഡ് ട്രേഡ് സെന്ററിന്റെ പ്രവർത്തം ആരംഭിച്ചിട്ടുള്ളത്. അവിടെ അഞ്ച് ഏക്കറിൽ ഏഴര ലക്ഷം ചതുരശ്രയടിയിലാണ് സെന്റർ ഉയരുന്നത്. ആദ്യഘട്ടമായ മൂന്നര ലക്ഷം ചതുരശ്രയടിയുടെ നിർമാണം പൂർത്തിയാക്കി. ആറു കമ്പനികൾ ഇതിനകം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വൻകിട കമ്പനികളായ സീറോക്സ്, കെപി എംജി തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

കൊച്ചി ഡബ്ള്യുടിസിയുടെ ഒദ്യോഗിക ഉദ്ഘാടനം ഈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് കൊച്ചി, ബംഗളരൂ ഡബ്ള്യുടിസികളുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റുമായ ബലറാം മേനോൻ അറിയിച്ചു.

എന്താണ് വേൾഡ് ട്രേഡ് സെന്റർ

വേൾഡ് ട്രേഡ് സെന്റർ ലോക വാണിജ്യ മേഖലയിലെ ഏറ്റവും വലിയ ബ്രാൻഡാണ്. ബിസിനസിനും വ്യാപാരത്തിനുമായി രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ലൈസൻസിംഗിലൂടെ ഒരുക്കുന്ന അസോസിയേഷൻ. സാക്ഷാൽ ന്യൂയോർക്ക് വേൾഡ് സെന്ററിന്റെ നടത്തിപ്പുകാർ. ന്യൂയോർക്ക് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് ട്രേഡ് സെന്റർ അസോസിയേഷനെ രാജ്യാന്തര വ്യാപാരത്തേയും നിക്ഷേപാവസരങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രധാന പ്ലാറ്റ്ഫോമായിട്ടാണ് കണക്കാക്കുന്നത്.

ലൈസൻസിംഗിലൂടെ ലോകത്തെ 100 രാജ്യങ്ങളിലായി 332 വേൾഡ് ട്രേഡ് സെന്ററുകളുടെ ശൃംഖലയാണ് ഇപ്പോൾ അസോസിയേഷനിലുള്ളത്. ഈ സെന്ററുകളിലെല്ലാം ഡബ്ള്യുടിസി നിഷ്കർഷിച്ചിട്ടുള്ള നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും.

മറ്റു വാക്കിൽ പറഞ്ഞാൽ ലോകത്തിലെ ഏതു കമ്പനിക്കും കണ്ണും പൂട്ടി ഈ സെന്ററുകളിൽ ബിസിനസ് തുറക്കാം. ലോക നിലവാരത്തിലുള്ള സൗകര്യങ്ങൾ അവിടെയുണ്ടായിരിക്കും.

മറ്റു നിരവധി സൗകര്യങ്ങളും അസോസിയേഷൻ ഒരുക്കുന്നു. അസോസിയേഷൻ ലോക വാണിജ്യത്തെക്കുറിച്ചുള്ള അറിവിന്റെ കേന്ദ്രം കൂടിയാണ്. ഓരോ സ്‌ഥലത്തേയും ബിസിനസ് സാഹചര്യങ്ങളെക്കുറിച്ചും നിക്ഷേപാവസരങ്ങളെക്കുറിച്ചും നിക്ഷേപകർക്കു വിവരം ലഭ്യമാക്കുന്നു. അതിന്റെ അടിസ്‌ഥാനത്തിൽ തീരുമാനമെടുത്തു ബിസിനസ് ചെയ്യാൻ ആ സ്‌ഥലത്തെത്തിയാൽ മതി. ബാക്കി സൗകര്യങ്ങളെല്ലാം അതാതു സ്‌ഥലത്തെ വേൾഡ് ട്രേഡ് സെന്ററിൽ ഉണ്ടായിരിക്കും.

ഡബ്ല്യൂടിസി കൊച്ചി

ലോക വാണിജ്യ വ്യാപാരത്തിൽ ഏർപ്പെടുന്നവർക്ക് ഡബ്ള്യുടിസി നിലവാരത്തിൽ സൗകര്യമൊരുക്കുന്നതാണ് കൊച്ചിയിലെ വേൾഡ് ട്രേഡ് സെന്റർ. ഐടി, ഐടിഇഎസിനപ്പുറത്ത് വൈവിധ്യമാർന്ന മേഖലയിലുള്ള ബിസിനസുകൾ ഇവിടെ തുടങ്ങാം. ഈ മേഖലയിലുള്ളവർക്കു ഡബ്ള്യുടിസി ശൃംഖലയിലൂടെ ആഗോള തലത്തിലേക്കു വളരാം.

നേരത്തെ സൂചിപ്പിച്ചതുപോലെ കൊച്ചി ഡബ്ള്യുടിസിയും രാജ്യാന്തര വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്ഫോമായി വർത്തിക്കുന്നു. രാജ്യാന്തര ബിസിനസ് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നു. മീറ്റിംഗും സെമിനാറുകളും നടത്തുവാൻ സൗകര്യം ലഭിക്കുന്നു. രാജ്യാന്തര ഇടപാടുകാരെ ആകർഷിക്കുവാനുള്ള ബിസിനസ് മീറ്റിംഗുകൾക്കു സൗകര്യം ലഭിക്കുന്നു.

ചുരുക്കത്തിൽ കൊച്ചിയെ രാജ്യാന്തര ബിസിനസിനും നിക്ഷേപത്തിനുമുള്ള ലക്ഷ്യസ്‌ഥലമായി വേൾഡ് ട്രേഡ് സെന്റർ പ്രമോട്ടു ചെയ്യുന്നു. ഇതിനായി പ്രാദേശിക ചേംബറുകളുടേയും സംഘടനകളുടേയും സഹായവും സെന്റർ തേടുന്നു. കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, രാജ്യാന്തര ബിസിനസ് സ്‌ഥാപനങ്ങൾ, ചെറുകിട ഇടത്തരം സ്‌ഥാപനങ്ങൾ തുടങ്ങിയവയ്ക്കാവശ്യമായ സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.


‘‘വ്യാപാരം, നിക്ഷേപം എന്നിവയിൽ ബംഗളരൂവിലെ ഹോട്ട് സ്പോട്ടായിട്ടാണ് അവിടുത്തെ ഡബ്ള്യുടിസിയെ ഇന്നു കണക്കാക്കുന്നത്. ഡബ്ള്യുടിസി കൊച്ചിക്കും ഇതേ സ്‌ഥാനമായിരിക്കും ഭാവിയിൽ കിട്ടുകയെന്നും ഈ മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്കു രാസത്വരകമായി ഡബ്ള്യുടിസി മാറുമെന്നുമാണ് ഞങ്ങളുടെ വിശ്വാസം. വേൾഡ് ട്രേഡ് സെന്ററിന്റെ സൗകര്യങ്ങൾ ലഭ്യമാകുന്നതോടെ വിദേശനിക്ഷേപവും മൾട്ടിനാഷണൽ കമ്പനികളും ഇവിടേയ്ക്കു ആകർഷിക്കപ്പെടുമെന്നാണ് ഞങ്ങളുടെ വിശ്വാസം. മാത്രവുമല്ല, ഡബ്ള്യുടിസി കൊച്ചി നൽകുന്ന സേവനങ്ങൾ പ്രാദേശിക ബിസിനസിനെ കൂടുതൽ മത്സരക്ഷമമാക്കുകയും ആഗോളതലത്തിൽ ശേഷി കൂട്ടുവാനും സഹായിക്കും ’’ ബലറാം മേനോൻ ചൂണ്ടിക്കാണിക്കുന്നു.

ബ്രിഗേഡ് ഗ്രൂപ്പ്

രാജ്യത്തെ പ്രമുഖ ഭൂവികസനം– കെട്ടിട നിർമാണ കമ്പനിയായ ബ്രിഗേഡ് ഗ്രൂപ്പിന്റെ ഉപകമ്പനിയായ ഡബ്ള്യുടിസി ട്രേഡ്സ് ആൻഡ് പ്രോജക്ട്സിന് ആണ് ഇന്ത്യയിലെ അഞ്ചു നഗരങ്ങളിൽ സെന്ററുകൾ സ്‌ഥാപിക്കുവാൻ ലൈസൻസ് ലഭിച്ചിട്ടുള്ളത്.

കൊച്ചി ഡബ്ള്യുടിസി സ്‌ഥാപിക്കുന്നതിനു മുമ്പ് ആദ്യത്തെ ഡബ്ള്യുടിസി ബംഗളരൂവിൽ കമ്പനി സ്‌ഥാപിച്ചിരുന്നു.

കൊച്ചിക്കു പുറമേ ചെന്നൈ, തിരുവന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലും ഡബ്ള്യുടിസി സ്‌ഥാപിക്കുവാൻ കമ്പനി ഉദ്ദേശിക്കുന്നതായി ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗവും എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായ ബലറാം മേനോൻ അറിയിച്ചു. ഡിസംബറോടെ ചെന്നൈ സെന്റർ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

കെട്ടിടനിർമാണരംഗത്ത് മൂന്നു ദശകത്തിലധികം കാലത്തെ പരിചയമുള്ള ബ്രിഗേഡ് ഗ്രൂപ്പ് ദക്ഷിണേന്ത്യയിലെ നഗരങ്ങളെ സ്കൈലൈൻ സിറ്റികളായി വികസനത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ബംഗളരൂ, മൈസൂർ, മാംഗളൂർ, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ വൈവിധ്യമാർന്ന നിർമാണ ജോലികളാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഭവന സമുച്ചയം, വാണിജ്യ ഓഫീസുകൾ, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസമേഖലകളിൽ കമ്പനിയുടെ നിർമാണ മുദ്രകൾ കാണാം.

പെന്റ് ഹൗസ്, വില്ല, പ്രീമിയം വീടുകൾ, ലക്ഷ്വറി അപ്പാർട്ട്മെന്റ്, റിട്ടയർമെന്റ് ഭവനങ്ങൾ, ലൈഫ്സ്റ്റൈൽ എൻക്ലേവുകൾ തുടങ്ങി വൈവിധ്യമാർന്ന റേഞ്ചിലുള്ളവയാണ് ബ്രിഗേഡിന്റെ ഭവന നിർമാണ ശേഖരത്തിലുള്ളത്.

ഗ്രേഡ് എ നിലവാരത്തിലുള്ള നിരവധി വാണിജ്യ പദ്ധതികൾ കമ്പനി നിർമിച്ചിട്ടുണ്ട്. കൊച്ചിയിലേയും ബംഗളുരൂവിലേയും വേൾഡ് ട്രേഡ് സെന്ററുകൾ, സോഫ്റ്റ്വേർ, ഐടി പാർക്കുകൾ, പ്രത്യേക സാമ്പത്തിക മേഖലകളിലെ ഓഫീസുകൾ തുടങ്ങിയ കമ്പനി തീർത്തിട്ടുണ്ട്.

ഒറിയോൺ മാൾ, ഒറിയോൺ ഈസ്റ് തുടങ്ങിയ റീട്ടെയിൽ പദ്ധതികൾ തനതായ ഷോപ്പിംഗ് അനുഭവങ്ങൾ പകരുന്നവയാണ്. സ്റ്റാർ ഹോട്ടലുകളിലെ ഷോപ്പിംഗ് മേഖലകൾ, ഹൈപ്പർമാർക്കറ്റ് ഫോർമാറ്റുകൾ തുടങ്ങിയവയും കമ്പനിയുടെ നിർമാണ വൈദ്യഗ്ധ്യത്തിനു ഉദാഹരണങ്ങളാണ്.

ബംഗളരൂ ഉൾപ്പെടെ ദക്ഷിണേന്ത്യൻ നഗരങ്ങളിൽ പഞ്ചനക്ഷത്ര ഹോട്ടലുകളും റിക്രിയേഷണൽ ക്ലബ്ബുകളും കൺവൻഷൻ സെന്ററുകളും കമ്പനി നിർമിച്ചിട്ടുണ്ട്.

വീട്, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി വിഭാഗങ്ങളിലായി ബ്രിഗേഡ് ഗ്രൂപ്പ് ഇതുവരെ നൂറ്റമ്പതിലധികം വൈവിധ്യമാർന്ന കെട്ടിടങ്ങൾ തീർത്തിട്ടുണ്ട്. ഇവയുടെ മൊത്തം വിസ്തീർണം 25 ദശലക്ഷത്തിലധികം ചതുരശ്രയടി വരും.

അടുത്ത അഞ്ചുവർഷത്തേക്കു വൻ പദ്ധതിയാണ് കമ്പനിക്കുള്ളത്. അഞ്ചുവർഷം കൊണ്ട് വിവിധ വിഭാഗങ്ങളിലായി രാജ്യത്തെ ഏഴു നഗരങ്ങളിൽ 30 ദശലക്ഷം ചതുരശ്രയടി കെട്ടിടം നിർമിക്കുന്ന പദ്ധതികൾ കമ്പനി നടപ്പാക്കി വരികയാണ്.