പച്ചപ്പിന്റെ കാന്‍വാസില്‍ ഒരു മഴയാത്ര
Saturday, July 29, 2017 2:54 AM IST
പച്ചപ്പിന്റെ താഴ്വരയിലേക്ക് മഴയ്ക്കൊപ്പം ഒരു യാത്രയായാലോ... പ്രകൃതിയുടെ പാട്ടിൽ മഴ കൂടുതൽ സുന്ദരിയായി പെയ്തിറങ്ങുന്ന നിലന്പൂരിലേക്ക്. അത്രമേൽ ഹരിതാഭമായ കാഴ്ചകൾ വിരുന്നൊരുക്കുന്ന, ഉൗട്ടി-മേട്ടുപ്പാളയം പാതയുടെ മിനിപതിപ്പെന്നു വിശേഷിപ്പിക്കാവുന്ന പാത വിനോദസഞ്ചാരികളുടെ മനം കവർന്ന തീവണ്ടിപ്പാതയാണ്.
തീവണ്ടി ജാലകത്തിലൂടെ പ്രകൃതിയുടെ കാഴ്ചകളിൽ അലിയാം. ഗ്രാമീണ സൗന്ദര്യത്തിൽ മതിമറക്കാം. ഹൃദ്യമായ കാഴ്ചകളുടെ മാറിലൂടെയുള്ള ട്രെയിൻ യാത്ര പ്രശാന്തമായ വനപാത പോലെ സുന്ദരം. നഗരത്തിന്റെ മനം മടുപ്പിക്കുന്ന ആരവങ്ങൾക്കിടയിൽ നിന്നും തിരക്കുകളിൽ നിന്നും മാറി തഴുകിയെത്തുന്ന കുളിർകാറ്റും ശുദ്ധവായുവും ആസ്വദിച്ചു പച്ചപ്പിൽ അഭിരമിച്ചു കഥകളുറങ്ങുന്ന തേക്കിന്റെ നാട്ടിലേക്കൊരു വണ്ടർഫുൾ ജേർണി. രാജ്യത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബ്രോഡ് ഗേജ് റെയിൽപാതയാണ് 66 കിലോമീറ്റർ വരുന്ന ഷൊർണൂർ -നിലന്പൂർ പാത.
നിറമുള്ള കാഴ്ചകളൊരുക്കുന്ന റെയിൽപാതയുടെ ദൃശ്യമനോഹാരിത യാത്രികരെ സ്വപ്ന സഞ്ചാരികളാക്കുമെന്നതിൽ സംശയമില്ല. പാടങ്ങളും പുഴകളും തേക്കിൻതോട്ടവും കുന്നുകളും ഗ്രാമീണസൗന്ദ
ര്യവും ജാലകകാഴ്ചയൊരുക്കുന്ന പാതയിലെ ട്രെയിൻ യാത്ര നവ്യാനുഭൂതിയാണ് പകരുക. പച്ചപ്പിന്റെ കാൻവാസിൽ തീവണ്ടികൾ ചൂളം വിളിച്ചുപോകുന്ന ദൃശ്യം കാമറകണ്ണുകൾക്കും പ്രിയപ്പെട്ടതാണ്. നഗരത്തിരക്കുകളിൽ നിന്നു മാറി ഗ്രാമകാഴ്ചകളിലൂടെ സഞ്ചരിക്കുന്ന തീവണ്ടി ചരിത്രഭൂമികയായ നിലന്പൂരിലെത്തുന്പോൾ കാഴ്ചയുടെ കലവറയൊരുക്കിവയ്ക്കുന്നു.
ഷൊർണൂരിൽ നിന്ന് കുലുക്കല്ലൂർ വരെ പാലക്കാടൻ കാറ്റ് ആവോളം ആസ്വദിച്ചു കുന്തിപ്പുഴ കടക്കുന്നത് മലപ്പുറത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലേക്കാണ്. വള്ളുവനാടും ഏറനാടും ചരിത്രങ്ങളേറെ പറഞ്ഞ് പച്ചപ്പുകളിലൂടെ കൂകിപ്പായുന്നു. നടപ്പാതകൾ, പുഴകൾ, പാടങ്ങൾ, കൊക്കുകളുടെ നീണ്ട നിര, മയിലുകൾ, പാടത്തെ വെള്ളക്കെട്ടിൽ കാൽപന്തുകളിക്കുന്ന കുരുന്നുകൾ, പേരാൽമരങ്ങൾ, തേക്കുമരങ്ങൾ എന്നിവ കാഴ്ചയുടെ സിംഫണി ഒരുക്കുന്നു. കുന്തിപ്പുഴ, ചാലിയാർ, വെള്ളിയാർപുഴ, ഒലിപ്പുഴ, വാണിയന്പലംപാറ എന്നിവയും കണ്ണിന് കുളിർമ പകരുന്നു. തേക്ക് മരങ്ങളാണ് പാതയിലെ പ്രധാന ആകർഷണം. മണ്‍സൂണ്‍ സമയങ്ങളിൽ ഷൊർണൂർ-നിലന്പൂർ പാത കാഴ്ചകളുടെ മഴത്തുള്ളിക്കിലുക്കം ഒരുക്കും. മണ്‍സൂണ്‍ വിരുന്നിനെ ട്രെയിൻ ജാലകത്തിലൂടെ ഒപ്പിയെടുക്കാം. ഇക്കോ ഫ്രണ്ട്ലി പാതയിൽ പ്രകൃതിയോട് പ്രണയവും പങ്കുവയ്ക്കാം. ശുദ്ധമായ വായുവും കാറ്റും അനുഭവവേദ്യമാക്കാം.
പാലക്കാട് ഡിവിഷന്റെ കീഴിലുള്ള പാത മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. കുലുക്കല്ലൂരിനും ചെറുകരയ്ക്കും ഇടയിലുള്ള കുന്തിപ്പുഴയും പട്ടിക്കാടിനും മേലാറ്റൂരിനും ഇടയിലുള്ള കടലുണ്ടിയുടെ പോഷകനദിയായ വെള്ളിയാർ പുഴയും മേലാറ്റൂരിനും തുവ്വൂരിനും ഇടയിലുള്ള കടലുണ്ടിയുടെ മറ്റൊരു പോഷകനദിയായ ഒലിപ്പുഴയും വാണിയന്പലത്തിനും നിലന്പൂർ റോഡിനും ഇടയിലുള്ള ചാലിയാറിന്റെ പോഷകനദിയായ കുതിരപ്പുഴയും യാത്രയിലെ കാഴ്ചകളാണ്. നിലന്പൂർ- ഷൊർണൂർ ലൈനിൽ വാണിയന്പലം, തൊടിയപ്പുലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര, കുലുക്കല്ലൂർ, വല്ലപ്പുഴ, വാടാനകുറുശ്ശി എന്നിവയാണ് സ്റ്റേഷനുകൾ.
പ്രകൃതി പാട്ടുപാടുന്ന കേരളാംകുണ്ട് വെള്ളച്ചാട്ടം, തേക്കുകൾ കഥപറയുന്ന കനോലിപ്ലോട്ട്, കാനനഭംഗിയിലലിഞ്ഞു നാടുകാണിചുരം, മലപ്പുറത്തിന്റെ കൊടുമുടിയായ ഉൗരകംമല, അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രവും പൂരവും. വേട്ടയ്ക്കൊരു മകൻ ക്ഷേത്രവും നിലന്പൂർ പാട്ടുത്സവവും, മലബാറിന്റെ ആത്മീയ സംഗമമായ ചുങ്കത്തറ മാർത്തോമ കണ്വൻഷൻ, മലപ്പുറം ഫുട്ബോൾ സെവൻസ് തട്ടകങ്ങൾ, തുള്ളിച്ചാടിയൊഴുകുന്ന ജലനിപാതങ്ങൾ, പൂങ്കുടി മന, സാഹസിക ടൂറിസവുമായി കൊടികുത്തിമല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ എത്തിപ്പെടുന്ന റെയിൽവേ സ്റ്റേഷനുകൾ നിലന്പൂർ-ഷൊർണൂർ പാതയിലാണ്.
തിരക്ക് കുറഞ്ഞ സമയത്ത് ഷൊർണൂർ-നിലന്പൂർ പാത മലയാള സിനിമയുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു. പാളങ്ങൾ അവസാനിക്കുന്ന സ്റ്റേഷനുകൾ വിനോദസഞ്ചാരികളുടെ സങ്കേത കേന്ദ്രമാണ്. ഷൊർണൂർ- നിലന്പൂർ പാതയിലെ അവസാനത്തെ റെയിൽവേ സ്റ്റേഷനായ നിലന്പൂരും അത്തരമൊരു ടൂറിസം ഡസ്റ്റിനേഷനാണ്. പ്രകൃതിയുടെ മടിത്തട്ടിൽ നിലന്പൂരിന്റെ ലാവണ്യം തേടിയെത്തുന്നവർക്ക് നാടിന്റെ നിശബ്ദസൗന്ദര്യം ആസ്വദിക്കാം. റൂട്ടിലെ ടൂറിസം സാധ്യതകൾ അധികൃതർ ഇതുവരെ മതിയാംവണ്ണം പ്രയോജനപ്പെടുത്തിയിട്ടില്ല. വൈവിധ്യമാർന്ന ടൂറിസം വികസന പദ്ധതികൾ പാതയിൽ ഒരുക്കിയാൽ സഞ്ചാരികൾ ഒഴുകിയെത്തുമെന്നതിൽ സംശയമില്ല.
എഴുത്തും ചിത്രങ്ങളും:
രഞ്ജിത് ജോണ്‍