പര്യടനത്തിനു കൊടിയിറങ്ങി; ഇ​ന്നു നി​ശ​ബ്ദ പ്ര​ചാ​ര​ണം
Thursday, April 25, 2024 2:45 AM IST
തൊ​ടു​പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പൊ​തു പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ. വി​ജ​യപ്ര​തീ​ക്ഷ പ​ങ്കുവ​ച്ചാ​ണ് യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ ര​ണ്ടു മാ​സ​ത്തോ​ളം നീ​ണ്ടു നി​ന്ന പ​ര്യ​ട​ന​ം അവസാനിപ്പിച്ചത്.

ഇ​തി​നോ​ട​കംത​ന്നെ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ര​ണ്ടു വ​ട്ടം പ​ര്യ​ട​ന​മെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പ​ര​മാ​വ​ധി വോ​ട്ടു​ക​ൾ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക്ക് അ​നു​കൂ​ല​മാ​ക്കാ​നു​ള്ള അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​രും.

ക​ന​ത്ത ചൂ​ടി​നെ വ​കവ​യ്ക്കാ​തെ വാ​ശി​യോ​ടെ​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​ണ് ജി​ല്ലാ സാ​ക്ഷ്യം വ​ഹി​ച്ച​ത്. പ​ര​സ്യ​പ്ര​ചാ​ര​ണ​മി​ല്ലാ​ത്ത ഇ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രി​ക്കും.

അ​യ്യ​പ്പ​ൻകോ​വി​ൽ, കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ അ​വ​സാ​ന വ​ട്ട പൊ​തു പ​ര്യ​ട​നം. ച​പ്പാ​ത്ത്, മാ​ട്ടു​ക്ക​ട്ട, വെ​ള്ളി​ലാം​ക​ണ്ടം, കി​ഴ​ക്കേ മാ​ട്ടു​ക്ക​ട്ട, കോ​ഴി​മ​ല, സ്വ​രാ​ജ്, ല​ബ്ബ​ക്കട, ക​ൽ​ത്തൊ​ട്ടി, കാ​ഞ്ചി​യാ​ർ പ​ള്ളി​ക്ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡീ​ൻ ഇ​ന്ന​ലെ പ​ര്യ​ട​നം ന​ട​ത്തി​യ​ത്.

രാ​വി​ലെ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ക​ട്ട​പ്പ​ന​യി​ൽ റോ​ഡ് ഷോ​യി​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്തു. ഉ​ച്ച ക​ഴി​ഞ്ഞ് കോ​ത​മം​ഗ​ല​ത്ത് ന​ട​ന്ന റോ​ഡ്ഷോ​യി​ലും മൂവാ​റ്റു​പു​ഴ​യി​ലും തൊ​ടു​പു​ഴ​യി​ലും ന​ട​ന്ന കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ലും പങ്കെടുത്തു.

രാ​വി​ലെ അ​റ​ക്കു​ളം, കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന്‍റെ പ​ര്യ​ട​നം. രാ​വി​ലെ മു​ത​ൽ നി​ര​വ​ധി​യാ​ളു​ക​ൾ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കാ​ൻ കാ​ത്തുനി​ന്നി​രു​ന്നു. സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റുവാ​ങ്ങി​യ ശേ​ഷം ചെ​റു​തോ​ണി​യി​ൽ ന​ട​ന്ന റോ​ഡ്ഷോ​യി​ൽ പ​ങ്കെ​ടു​ത്തു. പി​ന്നീ​ട് ത​ങ്ക​മ​ണി, ഇ​ര​ട്ട​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്ന ആ​വേശ​ക​ര​മാ​യ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്തു.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ ഇ​ന്ന​ലെ പ​ഴ​യ​രി​ക്ക​ണ്ട​ത്തുനി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഇ​ടു​ക്കി എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഓ​ഫീ​സും സന്ദർശിച്ചു. നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്ന കൊ​ട്ടി​ക്ക​ലാ​ശം മു​ൻ കേ​ന്ദ്ര​മ​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്തു.