ബേസിലിന്റെ ആദ്യ നിർമാണ സംരംഭത്തിൽ കൈ കോർത്ത് സൈലം ലേണിംഗ് സ്ഥാപകൻ ഡോ. അനന്തുവും
Tuesday, September 16, 2025 2:55 PM IST
നടൻ ബേസിൽ ജോസഫിന്റെ ആദ്യ നിർമാണ സംരംഭം ‘സൈലം ലേണിംഗ്' കമ്പനി സ്ഥാപകൻ ഡോ. അനന്തുവുമായി ചേർന്ന്. സൈലം ലേണിംഗ് ഗ്രൂപ്പ് സ്ഥാപകനായ അനന്തു കഴിഞ്ഞ ദിവസമാണ് നിർമാണ കമ്പനി ആരംഭിക്കുന്ന വിവരം പ്രഖ്യാപിച്ചത്.
ബേസിലും അനന്തുവും ഒന്നിക്കുന്ന വിവരം സമൂഹമാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചു. ആദ്യത്തെ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ ഉടൻ പുറത്തുവിടും.
ബേസിൽ എന്റർടെയിൻമെന്റ്സും ഡോ.അനന്തു എന്റർടെയിൻമെന്റ്സും ഒന്നിച്ച് സിനിമ ചെയ്യുന്ന വിവരം രസകരമായ വീഡിയോയിലൂടെയാണ് പ്ര്യാഖാപിച്ചത്. ഇരുവരും പരസ്പരം തഗ് അടിച്ചും തമാശ പറഞ്ഞും എഗ്രിമെന്റ് ഒപ്പ് ഇടുന്നത് വീഡിയോയിൽ കാണാം. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വീഡിയോയിൽ ആശംസകളറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് രസകരമായ അനിമേഷൻ വിഡിയോയിലൂടെ ബേസിൽ തന്റെ പുതിയ നിർമാണ കമ്പനിയുടെ പ്രഖ്യാപനം നടത്തിയത്. ചരിഞ്ഞ പിസാ ഗോപുരം നേരെയാക്കാന്‍ ശ്രമിക്കുന്ന കുഞ്ഞു സൂപ്പര്‍ഹീറോയുടെ ആനിമേഷൻ വിഡിയോയാണ് ബേസിൽ പങ്കുവച്ചത്.
കൂളിംഗ് ഗ്ലാസ് ധരിച്ച് കൈയില്‍ കോലുമിഠായിയും തലയിൽ മിന്നൽ മുരളിയുടെ റഫൻസുമായി നിൽക്കുന്ന കുഞ്ഞ് സൂപ്പർഹീറോയാണ് നിർമാണ കമ്പനിയുടെ ലോഗോ. ബേസിലിന്റെ സ്വതസിദ്ധമായ ചിരിയും വീഡിയോയിൽ കേൾക്കാം.