ലോകയുടെ ബജറ്റിനെക്കുറിച്ചോർത്ത് വാപ്പച്ചിക്ക് ടെൻഷനുണ്ടായിരുന്നു; ദുൽഖർ പറയുന്നു
Wednesday, September 17, 2025 10:15 AM IST
ലോക സിനിമയുടെ നിർമാണചിലവിനെക്കുറിച്ച് കല്യാണിയുടെ പിതാവ് പ്രിയദർശനും സ്വന്തം പിതാവ് മമ്മൂട്ടിക്കും തുടക്കത്തിൽ ആശങ്ക ഉണ്ടായിരുന്നുവെന്ന് ചിത്രത്തിന്റെ ദുൽഖർ സൽമാൻ.
സിനിമയുടെ ഉയർന്ന ബജനെക്കുറിച്ചായിരുന്നു മമ്മൂട്ടിക്ക് ടെൻഷനെന്നും നീ എന്തിനാണ് ഇങ്ങനെയൊരു റിസ്ക് എടുക്കുന്നത് എന്നാണ് പ്രിയദർശൻ ചോദിച്ചതെന്നും ദുൽഖർ പറഞ്ഞു.
ഇപ്പോൾ സിനിമയുടെ വിജയത്തിൽ അവർ രണ്ടുപേരും സന്തോഷിക്കുന്നുണ്ടെന്നും തങ്ങളെക്കുറിച്ച് അവർക്കിപ്പോൾ അഭിമാനമുണ്ടെന്നും ദ് ഹോളിവുഡ് റിപ്പോർട്ടറിനു നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.
‘‘മൂത്തോൻ എന്ന കഥാപാത്രം ഞങ്ങളെല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. അതേക്കുറിച്ച് വാപ്പച്ചിയെ കൂടുതൽ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിങ്ങൾ തെളിയിച്ച് കാണിക്കൂ എന്ന നിലപാടാണ് അദ്ദേഹത്തിന് എപ്പോഴും. ലോകയുടെ ഒന്നാമത്തെ ചാപ്റ്റർ കൊള്ളാം, പക്ഷേ ഇത് ഇതിലും വലുതും മികച്ചതുമാകണം, എങ്കിൽ മാത്രമേ ഞാൻ സമ്മതിക്കൂ എന്നൊക്കെയാണ് അദ്ദേഹത്തിന്റെ ചിന്ത.
എന്തെങ്കിലും കാര്യം പറഞ്ഞ് സമ്മതിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള വ്യക്തി അദ്ദേഹമാണ്. നമ്മുടെ കഴിവ് തെളിയിച്ച് അദ്ദേഹത്തിന്റെ സമ്മതം നേടിയെടുക്കണം എന്ന് തന്നെയാണ് എന്റെയും നിലപാട്. അല്ലാതെ അദ്ദേഹത്തെ എളുപ്പത്തിൽ സമീപിക്കാൻ കഴിയുന്നതുകൊണ്ട് മാത്രം അത് സംഭവിക്കരുത്.
ഈ സിനിമയെക്കുറിച്ചും ഞങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അഭിപ്രായമാണ്. ഇങ്ങനെ ഒന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. സത്യം പറഞ്ഞാൽ കല്യാണിയുടെ അച്ഛനും ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. വാപ്പച്ചിക്ക് സിനിമയുടെ നിർമാണച്ചെലവ് ഓർത്ത് ടെൻഷനുണ്ടായിരുന്നു.
കല്യാണിയുടെ അച്ഛൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, ‘നീ എന്താണ് കരുതുന്നത്, എന്തിനാണ് ഇത്രയും വലിയ റിസ്ക് നീ എടുത്തത്? നീ എടുത്തത് ഒരു ചെറിയ സിനിമയല്ല, ഒരു വലിയ സിനിമയാണ്.’ ഞാൻ പറഞ്ഞു, ‘എനിക്കറിയില്ല സർ, എനിക്ക് ശരിക്കും അറിയില്ല. ഈ സിനിമയുടെ ആശയത്തിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു.’
അദ്ദേഹം അതേക്കുറിച്ച് തന്നെ വീണ്ടും വീണ്ടും സംസാരിച്ചുകൊണ്ടിരുന്നു. ഞങ്ങൾ ചെയ്യുന്നത് എത്രമാത്രം റിസ്ക് ഉള്ള കാര്യമാണ് എന്നതിൽ അവർക്ക് വലിയ ആശങ്കയുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അവർ ഞങ്ങളെ ഓർത്ത് അഭിമാനിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
ഇപ്പോൾ ഞങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സിനിമകൾ ചെയ്യാൻ സ്വാതന്ത്ര്യം ലഭിച്ചെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ അവർക്ക് ഞങ്ങളെ മനസ്സിലായി. ‘ഒരുപക്ഷേ നിങ്ങൾക്ക് അറിയാമായിരിക്കും നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന്’ എന്നാണ് അവർ ഇപ്പോൾ പറയുന്നത്. ദുൽഖർ സൽമാന്റെ വാക്കുകൾ.
തന്നെ സംബന്ധിച്ചിടത്തോളം പിതാവിന്റെ പ്രതികരണം ഒരു ആഘോഷം മാത്രമല്ല, ജീവിതത്തിൽ വേരുറപ്പിക്കാൻ സഹായിക്കുന്ന ഒന്നുമായിരുന്നു എന്നാണ് കല്യാണി പറയുന്നത്.
“സിനിമയുടെ വിജയത്തിന് ശേഷം അദ്ദേഹം അയച്ച ആദ്യ സന്ദേശം, 'വിജയം തലയ്ക്ക് പിടിക്കരുത്, പരാജയം ഹൃദയത്തെ തകർക്കരുത്' എന്നായിരുന്നു. അദ്ദേഹം ഇത് പലപ്പോഴും പറയാറുണ്ടെങ്കിലും, ഇത്തവണ അതൊരു പ്രത്യേക ഓർമപ്പെടുത്തലായി തോന്നി. അദ്ദേഹം പറഞ്ഞത് ഞാൻ എന്നും മനസിൽ സൂക്ഷിക്കും. കല്യാണി പറഞ്ഞു.