"ലോക' ഫ്രാഞ്ചൈസിയിലെ എല്ലാ കഥകളെപ്പറ്റിയും ധാരണയുണ്ട്; ഡൊമിനിക് അരുൺ പറയുന്നു
Wednesday, September 17, 2025 11:46 AM IST
ലോക ഫ്രാഞ്ചൈസിയിലെ അടുത്ത നാല് ചിത്രങ്ങളെക്കുറിച്ചും തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും കഥയിൽ കൂടുതൽ വർക്ക് ചെയ്യേണ്ടതുണ്ടെന്നും ചിത്രത്തിന്റെ സംവിധായകൻ ഡൊമിനിക് അരുൺ.
ചന്ദ്രയുടെ ഉത്ഭവത്തെക്കുറിച്ചുള്ള കഥ എല്ലാവരും കണ്ടുകഴിഞ്ഞു ഇതുപോലെ ഓരോ കഥാപാത്രത്തിന്റെയും ഉത്ഭവകഥയും പതിനായിരം വർഷത്തിനിടെ സംഭവിച്ച കാര്യങ്ങളും അടുക്കിപ്പെറുക്കി വച്ചിട്ടുണ്ടെന്നും ഡൊമിനിക്ക് വ്യക്തമാക്കുന്നു.
സിനിമയുടെ ആരാധകർ അടുത്ത ചാപ്റ്ററുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നുള്ളത് തന്റെ ആവേശം കൂട്ടുന്നുണ്ടെന്ന് ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഡൊമിനിക്ക് അരുൺ പറഞ്ഞു.
‘‘ഞങ്ങൾക്ക് ഈ ഫ്രാഞ്ചൈസിയുടെ മുഴുവൻ രൂപത്തെക്കുറിച്ചും ഒരു ധാരണയുണ്ട്. അടുത്ത നാല് സിനിമകളെക്കുറിച്ചല്ല മറിച്ച് എല്ലാം എങ്ങനെ തുടങ്ങി എന്നതിനെക്കുറിച്ചാണ്. അതിന്റെ ഉത്ഭവം ഞങ്ങളുടെ പക്കലുണ്ട്. നീലിയുടെ ഉത്ഭവകഥ എല്ലാവരും കണ്ടുകഴിഞ്ഞു.
അതുപോലെ ഓരോ ഉത്ഭവകഥയും കഴിഞ്ഞ10,000 വർഷത്തിനിടെ സംഭവിച്ച കാര്യങ്ങളും ഞങ്ങൾ ക്രമീകരിച്ചിട്ടുണ്ട്, അത് വർത്തമാനകാലവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇത് എങ്ങനെ അവസാനിക്കുമെന്ന് ഞങ്ങൾക്കറിയാം. വരാനിരിക്കുന്ന സിനിമകളിൽ സംഭവിക്കുന്ന പ്രധാന കഥാപാശ്ചാത്തലങ്ങൾ ഞങ്ങൾക്കറിയാം.
പക്ഷേ, നാല് സിനിമകളുടെയും തിരക്കഥകളിൽ ഞങ്ങൾ ഇനിയും വർക്ക് ചെയ്യേണ്ടതുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞങ്ങൾക്ക് ഒരു ഏകദേശ ധാരണ മാത്രമേയുള്ളൂ. ചില കാര്യങ്ങൾ സംഭവിക്കുമെന്ന് ഞങ്ങൾ ഉറപ്പിച്ചു പറയുന്നു, പക്ഷേ അത് എങ്ങനെ സംഭവിക്കുമെന്ന് ഞങ്ങൾ ഇനിയും രൂപപ്പെടുത്തേണ്ടതുണ്ട്.
ഇത് വളരെ ആവേശകരമായ ഒരു സമയമാണ്. കാരണം യൂട്യൂബിലും ഇന്റർനെറ്റിലുമൊക്കെ വരുന്ന നിരവധി ആരാധകരുടെ തിയറികൾ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അതിൽ പലതും അവർ കൃത്യമായി ഊഹിച്ചെടുത്തിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.
ഇതൊക്കെ കാണുമ്പോൾ ഞാൻ മനസിലാക്കുന്നത് ആളുകൾ ഈ ലോകത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ അറിയാനും കൂടുതൽ വലിയ കാര്യങ്ങൾ കാണാനും തയാറാണെന്നാണ്. അതിനാൽ, അടുത്ത ചാപ്റ്ററിന്റെ കഥയെഴുതാൻ പറ്റിയ സമയമാണ് ഇതെന്ന് തോന്നുന്നു. ഇപ്പോൾ ഞാൻ ആ ഒരു മാനസികാവസ്ഥയിലാണ്.’’ ഡൊമിനിക് അരുൺ പറയുന്നു.