ഏഴുതവണ ജീവനൊടുക്കാൻ ശ്രമിച്ചു, അതിൽ നിന്നെല്ലാം രക്ഷിച്ചത് ജീസസ് ആണെന്ന് നടി മോഹിനി
Wednesday, September 17, 2025 3:31 PM IST
ഏഴു തവണ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും അതിൽ നിന്നെല്ലാം രക്ഷപ്പെട്ട് അഭയം പ്രാപിച്ചത് യേശുവിന്റെ മുന്നിലാണെന്നും തുറന്നുപറഞ്ഞ് നടി മോഹിനി. തനിക്ക് വിഷാദരോഗമായിരുന്നുവെന്നും ആ അവസ്ഥയില്‍ നിന്നും തന്നെ രക്ഷിച്ചത് ജീസസ് ആണെന്നും താരം പറയുന്നു.
""വിവാഹശേഷം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു. പക്ഷെ ഒരു ഘട്ടത്തില്‍ ഞാന്‍ വിഷാദത്തിലേക്ക് വീണുപോയി. എന്റെ ജീവിതത്തില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും എനിക്ക് വിഷാദമുണ്ടായി. ഒരു ഘട്ടത്തില്‍ ഞാന്‍ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. ഒരിക്കലല്ല, ഏഴ് വട്ടം.
ഒരിക്കല്‍ ഞാനൊരു ജോത്സ്യനെ കണ്ടു. അദ്ദേഹമാണ് പറയുന്നത് ആരോ എനിക്ക് കൂടോത്രം ചെയ്തതാണെന്ന്. ആദ്യം ഞാന്‍ ചിരിച്ചുതള്ളി. പിന്നെയാണ് എങ്ങനെയാണ് എനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായതെന്ന് ചിന്തിക്കുന്നത്. അപ്പോഴാണ് ഞാന്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നതും പുറത്ത് വരാന്‍ ശ്രമിക്കുന്നതും. എന്റെ ജീസസാണ് എനിക്ക് കരുത്ത് തന്നത്.
ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടുമ്പോള്‍ മനുഷ്യന് ഡിപ്രഷനുണ്ടാവുക സ്വാഭാവികം. എന്നാല്‍ ഒരു കാരണവുമില്ലാതെ ഇത് സംഭവിക്കുകയാണ്. പ്രയാസങ്ങളിലൂടെ കടന്നു പോയ നാളുകള്‍ ഒട്ടും എളുപ്പമുളളതായിരുന്നില്ല. പുറമെ നിന്ന് കാണുന്നവര്‍ക്കോ എന്തിന് കുടുംബാംഗങ്ങള്‍ക്ക് പോലും ഞാന്‍ ഏതെങ്കിലൂം വിഷമത്തിലൂടെ കടന്നു പോകുന്നതായി അനുഭവപ്പെട്ടിട്ടില്ല. പക്ഷെ
ഉളളിന്റെയുളളില്‍ ശരിക്കും കഷ്ടപ്പെട്ടിരുന്നു. വല്ലാത്ത ഒരു തരം ദുഃഖം മനസിനെ ആക്രമിച്ചു. അതില്‍ നിന്ന് എങ്ങനെ പുറത്ത് കടക്കണമെന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല. എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന് ഞാന്‍ തന്നെ അതിശയിച്ചു. കാരണം ഡിപ്രഷന് പോലെ ഒന്നിന് പെട്ടെന്ന് അടിമപ്പെടുന്ന തരം മാനസിക നിലയുളള ഒരു സ്ത്രീയായിരുന്നില്ല ഞാന്‍.
അടിസ്ഥാനപരമായി ഞാന്‍ വളരെ ബോള്‍ഡാണ്. എത്ര വലിയ പ്രശ്നങ്ങളെയും പതറാതെ നേരിടാന്‍ കഴിയും. വലിയ പ്രതിസന്ധികളെ നിസാരമായി തളളിക്കളയാന്‍ തക്ക മനക്കരുത്തുളള എന്നെ ചുറ്റുമുളളവര്‍ അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്.
അങ്ങനെയൊരാള്‍ക്ക് ഇത്ര കടുത്ത വിഷാദം വരേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ പ്രയാസങ്ങള്‍ വന്നപ്പോഴും സംയമനത്തോടെ നേരിടാന്‍ ശ്രമിച്ചു. അപ്പോഴും ഒരു കാര്യത്തില്‍ ഞാന്‍ അതിശയിച്ചു. ഒരു പ്രശ്നം നേരിടുമ്പോഴാണ് സാധരണഗതിയില്‍ ഇങ്ങനെയൊക്കെ സംഭവിക്കാറുളളത്. എന്നാല്‍ ഒരു കാരണവുമില്ലാതെ ഡിപ്രഷന് വന്നപ്പോള്‍ അമ്പരപ്പും അതിലേറെ ഭയവും തോന്നി.
ദുഃഖിക്കത്തക്ക ഒരു സാഹചര്യവും എന്റെ മുന്നിലില്ല. എന്നിട്ടും ഞാന്‍ തീവ്രവിഷാദത്തില്‍ മുങ്ങിപ്പോവുകയാണ്. ജീവിതം അവസാനിപ്പിക്കാമെന്ന് തന്നെ തീരുമാനിച്ചു. ഏഴു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരണം പോലും പിടി തന്നില്ല.
എന്റെ പ്രശ്നങ്ങള്‍ അറിഞ്ഞ ജോത്സ്യന്മാര് പറഞ്ഞത് ഒരേ കാരണമാണ്. ആരോ ക്ഷുദ്രപ്രയോഗം ചെയ്തിരിക്കുന്നു പോലും. എനിക്ക് ചിരിയാണ് വന്നത്. ഇതെന്താ ഹാരി പോട്ടര്‍ സ്റ്റോറിയോ എന്ന് മനസില്‍ തോന്നി. ഇത്തരം കാര്യങ്ങള്‍ക്ക് ഒരു സിനിമാക്കഥയ്ക്ക് അപ്പുറം പ്രാധാന്യം കൊടുത്തിരുന്നില്ല ഞാന്‍.
അതേ സമയം കടുത്ത ട്രോമയിലുടെ കടന്നു പോകുകയാണ്. ഭര്‍ത്താവിനോടും കുട്ടികളോടും അടുത്ത സുഹൃത്തുക്കളോടും ഇതേക്കുറിച്ച് പറഞ്ഞു. അവര്‍ക്കും എന്ത് ചെയ്യണമെന്ന് ഒരു ധാരണയുണ്ടായിരുന്നില്ല. അപ്പോഴും ഞാനാലോചിച്ചു. നാം ഒരു വിഷമഘട്ടത്തിലുടെ കടന്നുപോകുന്നതായി അനുഭവപ്പെടുമ്പോള്‍ അങ്ങനെയൊരു പ്രശ്നം നമുക്കുണ്ടോ എന്ന് ഉറപ്പിക്കുകയാണ് വേണ്ടത്. പെട്ടെന്ന് തന്നെ ഞാന്‍ ഒരു കാര്യം തിരിച്ചറിഞ്ഞു.
കരിയറിലോ കുടുംബത്തിലോ ഒരു വിഷമങ്ങളും നേരിടാത്ത ഒരു സമയത്ത് ഞാന്‍ കടുത്ത ഡിപ്രഷന് അടിപ്പെട്ട് അനുദിനം ഒരു ആഴക്കയത്തിലേക്ക് മുങ്ങിത്താഴ്ന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. അതേ സമയം അത് അനുഭവിക്കുകയും ചെയ്യുന്നു. ഏത് വിധേനയും മറികടന്നേ തീരു. ആ സമയത്ത് എനിക്ക് ലഭിച്ച ഉത്തരമാണ് ജീസസ്.
അസാധ്യകാര്യങ്ങളെ സാധ്യമാക്കുന്ന, ഏതിനും നമുക്ക് ഉത്തരം തരുന്ന ജീസസ്. ഞാനൊരു സ്വപ്നജീവിയല്ല. സങ്കല്പ്പങ്ങളാലോ ഭാവനകളാലോ നയിക്കപ്പെടുന്നവളുമല്ല. യാഥാർഥ്യങ്ങളാണ് എന്നെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ജീസസ് എന്നത് എന്നെ സംബന്ധിച്ച് തികഞ്ഞ ബോധ്യം തന്നെയാണ്.
ഏത് നെഗറ്റിവിറ്റിയെയും പോസിറ്റീവാക്കാന്‍ അദ്ദേഹത്തിന് കഴിയും. കടുത്ത വിഷാദത്തിന് അടിമയായി പലകുറി ആത്മഹത്യയ്ക്ക് ശ്രമിച്ച എനിക്ക് ഓരോ തവണയും തടസങ്ങളുണ്ടായി. ഞാന്‍ ജീവിച്ചിരിക്കണമെന്നത് യേശുവിന്റെ ആഗ്രഹവും തീരുമാനവുമാണെന്ന് മനസ്സ് എന്നോട് പറഞ്ഞു. പിന്നീടൊരിക്കലും മരണത്തെക്കുറിച്ച് ചിന്തിച്ചില്ല. ആ നാളുകള്‍ എന്നെ പഠിപ്പിച്ച ഒരു പാഠമുണ്ട്. യേശു കൂടെയുണ്ടെങ്കില്‍ ഒരു അനർഥവും സംഭവിക്കുകയില്ല''. മോഹിനി പറഞ്ഞു.
മഹാലക്ഷ്മി ശ്രീനിവാസന് എന്നായിരുന്നു മോഹിനിയുടെ യഥാർഥ പേര്. സിനിമയ്ക്ക് വേണ്ടി അവര്‍ മോഹിനിയായി. ഈറമാന റോജാവേ എന്ന തമിഴ്ചിത്രത്തിലുടെ നായികയായി രംഗത്ത് വന്ന മോഹിനി 8 വര്‍ഷത്തിനുളളില്‍ നൂറിലധികം സിനിമകളില്‍ അഭിനയിച്ചു.
കരിയറില്‍ മുന്‍നിരയില്‍ നില്‍ക്കെ 23-ാം വയസിൽ തൃത്താല സ്വദേശി ബിസിനസുകാരനായ ഭരതിനെ വിവാഹം കഴിച്ച് അമേരിക്കയില്‍ താമസമാക്കി. ഈ ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുമുണ്ട്. ബ്രാഹ്മണയായിരുന്ന മോഹിനി 2006ലാണ് ക്രിസ്തുമതം സ്വീകരിക്കുന്നത്.