മുഹ്സിൻ പരാരിയുടെ ചിത്രത്തിൽ ടൊവീനോയുടെ നായികയായി നസ്രിയ
Thursday, September 18, 2025 9:49 AM IST
മുഹ്സിൻ പെരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവീനോ തോമസ് നായകൻ. നസ്രിയ ആണ് നായിക. മുഹ്സിനും സക്കരിയയും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോൾ നടത്തുന്ന വിവരം മുഹ്സിൻ പരാരി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മുഹ്സിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് അണിയറയിൽ ഒരുങ്ങുന്നത്.
ടൊവീനോയെ നായകനാക്കി മുഹ്സിൻ പരാരി ഒരുക്കുന്ന‘തന്ത വൈബ് ഹൈബ്രിഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ വർഷമാദ്യം പുറത്തുവിട്ടിരുന്നു. ഈ ചിത്രം തന്നെയാണോ ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത് എന്ന് വ്യക്തമല്ല.
‘കെഎൽ 10 പത്ത്’ എന്ന ചിത്രമാണ് മുഹ്സിൻ പരാരി ആദ്യമായി സംവിധാനം ചെയ്തത്. നീണ്ട പത്തുവർഷങ്ങൾക്ക് ശേഷമാണ് പരാരി പുതിയ സിനിമയുമായി എത്തുന്നത്. സംവിധാനത്തിന് പുറമെ തിരക്കഥാകൃത്തായും ഗാനരചയിതാവായും പ്രശസ്തനാണ് മുഹ്സിൻ പരാരി.
ഏറ്റവുമൊടുവിലായി ഇറങ്ങിയ ലോകയിലെ ‘തനി ലോക മുറക്കാരി’ എന്ന ഗാനത്തിന് വലിയ കൈയടിയാണ് മുഹ്സിന് ലഭിക്കുന്നത്. ഗാനത്തിന്റെ വരികളെഴുതിയത് മുഹ്സിൻ പരാരിയാണ്.