ആര്യന് ഖാന്റെ "ബാഡ്സ് ഓഫ് ബോളിവുഡ്'; പേര് തെറ്റിച്ച് കജോൾ, ചിരിയടക്കനാകാതെ ഷാരുഖ്
Friday, September 19, 2025 8:26 AM IST
ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത വെബ് സീരിസിന്റെ പ്രീമിയർ ഷോയിൽ പങ്കെടുക്കാനെത്തി ബോളിവുഡ് നിര. ആര്യന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ പ്രീമിയർ വളരെ വിപുലമായ ചടങ്ങായാണ് സംഘടിപ്പിച്ചത്.
ആര്യന്റെ സീരീസിന്റെ പേര് തെറ്റിച്ച് പറഞ്ഞ് നടി കജോളും ചടങ്ങിൽ എല്ലാവരെയും ചിരിപ്പിച്ചു. ‘ദ് ബാഡ്സ് ഓഫ് ബോളിവുഡ്’ എന്ന പേരിന് പകരം ‘ബീപ് ബീപ്സ് ഓഫ് ബോളിവുഡ്’ എന്നാണ് കജോൾ പറഞ്ഞത്.
കജോളും അജയ് ദേവ്ഗണും ഷാറുഖും ഒരുമിച്ച് വേദിയിലെത്തിയപ്പോഴാണ് കാജോളിന് അബദ്ധം പിണഞ്ഞത്. കജോൾ പറയുന്നത് കേട്ട് അജയ് ദേവ്ഗണും ഷാറുഖും ഉൾപ്പടെ എല്ലാവരും ചിരിക്കുന്നതും കാണാം.
ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന ബാഡ്സ് ഓഫ് ബോളിവുഡ് സെപ്റ്റംബർ 18ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. ലക്ഷ്യ, സഹേർ ബംബ, ബോബി ഡിയോൾ, മോണ സിംഗ്, വിജയാന്ത് കോഹ്ലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ബാഡ്സ് ഓഫ് ബോളിവുഡ്’ പ്രധാനമായും ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി അണിയിച്ചൊരുക്കിയതാണ്.
ബോളിവുഡിലെ പാപ്പരാസി കൾച്ചർ, നെപോട്ടിസം, രാഷ്ട്രീയം എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോവുന്നത്. ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്‍, സ്പൂഫ് എലെമെന്റും സീരിസിൽ ഉണ്ടാകുമെന്നും ട്രെയിലർ ഉറപ്പുനൽകുന്നുണ്ട്.
സീരീസിൽ അതിഥി താരങ്ങളായി ഷാരുഖ് ഖാൻ, ആമിർ ഖാൻ, സല്മാൻ ഖാൻ, രാജ്കുമാർ റാവു, സിദ്ധാന്ത് ചതുര്‍വേദി, അർജുൻ കപൂർ, ദിഷ പടാനി, ബാദ്ഷാ, എസ്.എസ്. രാജമൗലി, കരൺ ജോഹർ തുടങ്ങി നിരവധിപേർ അണിനിരക്കുന്നു.