വിയറ്റ്ജെറ്റ് തിരുച്ചിറപ്പള്ളി-ഹോ ചി മിന് സിറ്റി സർവീസ് തുടങ്ങും
Sunday, October 1, 2023 10:57 PM IST
കൊച്ചി: വിയറ്റ്ജെറ്റ് കൊച്ചിക്ക് പിന്നാലെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്ന് വിയറ്റ്നാമിലെ ഹോ ചി മിന് സിറ്റിയിലേക്കുള്ള സര്‍വീസ് തുടങ്ങുന്നു. നവംബര്‍ രണ്ട് മുതൽ തിരുച്ചിറപ്പള്ളിയില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണുണ്ടാവുക.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 12.30 ന് പുറപ്പെട്ട് രാവിലെ ഏഴിന്(പ്രാദേശിക സമയം) ഹോ ചി മിന് സിറ്റിയിലെത്തും. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാത്രി എട്ടിനാണ് അവിടെ നിന്ന് തിരിക്കുക. രാത്രി11.30 ന് തിരുച്ചിറപ്പള്ളിയിലെത്തും.
കൊച്ചി, ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് നഗരങ്ങളില്‍ നിന്നു നിലവില്‍ വിയറ്റ്ജെറ്റിന് സര്‍വീസുണ്ട്. ഇതോടെ ഇന്ത്യയില്‍ നിന്ന് വിയറ്റ്നാമിലേക്കും തിരിച്ചുമുള്ള വിയറ്റ്ജെറ്റ് സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 35 ആകും.
ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ വര്‍ധിക്കുന്നതിനോടൊപ്പം ബിസിനസ്, സ്കൈ ബോസ് ക്ലാസുകളില്‍ ഇന്ത്യക്കാര്‍ക്കായി വിയറ്റ് ജെറ്റ് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 30 വരെ യാത്ര ചെയ്യുന്നതിനായി ഒക്ടോബര്‍ 25നു മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ് ലഭിക്കുക.
എല്ലാ ബുധന്‍, വ്യാഴം, വെളളി ദിവസങ്ങളിലും നികുതികളും മറ്റ് ഫീസുകളുമടക്കം 5,555 രൂപയ്ക്ക് യാത്ര ചെയ്യാം.