തുടർച്ചയായ ഏഴാം സെഷനിലും നേട്ടമുണ്ടാക്കി ഓഹരിസൂചികകൾ
Thursday, December 7, 2023 1:02 AM IST
മുംബൈ: തുടർച്ചയായ മൂന്നാം സെഷനിലും റിക്കാർഡ് കുതിപ്പ് തുടർന്ന് ഇന്ത്യൻ ഓഹരിസൂചികകളായ സെൻസെക്സും നിഫ്റ്റിയും.
തുടർച്ചയായ ഏഴാം സെഷനിലും നേട്ടമുണ്ടാക്കിയ നിഫ്റ്റി50 ഇന്നലെ 5.8 ശതമാനം ഉയർന്ന് 20,937.70 പോയിന്റിൽ ക്ലോസ് ചെയ്തു; 83 പോയിന്റ് വർധന. സെൻസെക്സാകട്ടെ 358 പോയിന്റുയർന്ന് 69,653.73ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ 20,961.95 പോയിന്റിലെത്തിയ നിഫ്റ്റി 50യും 69,744.62 പോയിന്റിലെത്തിയ സെൻസെക്സും സർവകാല റിക്കാർഡിലാണ്.
ജിഡിപി വളർച്ച സംബന്ധിച്ച പ്രവചനം, പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകൾ, പലിശനിരക്കിലെ സ്ഥിരത, അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സ്ഥിരതയുണ്ടാകുമെന്ന പ്രതീക്ഷ എന്നിങ്ങനെയുള്ള കാരണങ്ങളാണു വിപണിയുടെ റിക്കാർഡ് കുതിപ്പിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദേശ-ആഭ്യന്തര നിക്ഷേപകരുടെ വാങ്ങൽതാത്പര്യം വർധിച്ചതും ഗുണകരമായി.
ബിഎസ്ഇ മിഡ്ക്യാപ്-സ്മോൾക്യാപ് സൂചികകളും റിക്കാർഡിലാണ്. ഇന്നലെ 0.19 ശതമാനം ഉയർന്ന മിഡ്ക്യാപ് സൂചിക 35,245.77ലും സ്മോൾക്യാപ് 0.18 ശതമാനം ഉയർന്ന് 41,174.45 പോയിന്റിലുമെത്തി ചരിത്രനേട്ടം കുറിച്ചു.
എൽ&ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നെസ്ലെ, എൻടിപിസി, സണ്‍ ഫാർമ, ടാറ്റ മോട്ടോഴ്സ്, ടൈറ്റൻ എന്നീ ഓഹരികൾ സെൻസെക്സിലും വിപ്രോ, ഐടിസി തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിലും വലിയ നേട്ടമുണ്ടാക്കി. അദാനി ഗ്രൂപ്പ് ഓഹരികളും വലിയ നേട്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്.
349 ലക്ഷം കോടി
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ ആകെ മൂല്യം 349 ലക്ഷം കോടി രൂപയാണ്. ഒറ്റ സെഷൻകൊണ്ട് 2.5 ലക്ഷം കോടി രൂപയുടെ വർധന. ഏഴു ദിവസത്തെ വിപണിക്കുതിപ്പിൽ നിക്ഷേപകർക്ക് 20 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായതായാണു കണക്ക്.