ഫീസിളവിന് അർഹരായവരുടെ ലിസ്റ്റ്
Wednesday, October 23, 2019 11:10 PM IST
തിരുവനന്തപുരം: പ്രവേശന പരീക്ഷീ കമ്മീഷണറുടെ അലോട്ട്മെന്റ് വഴി കേരള സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലും ആർകിടെക്ചർ കോളജ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള സ്വാശ്രയ ആർകിടെക്ചർ കോളജുകളിലും പ്രവേശനം നേടിയ വിദ്യാർഥികളിൽ സർക്കാർ ഉത്തരവിലൂടെ ലഭ്യമാക്കിയിട്ടുള്ള കുറഞ്ഞ വരുമാനക്കാർക്കുള്ള ഫീസിളവിനു അർഹരായ വിദ്യാർഥികളുടെ അന്തിമ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് അർഹമായ തുക തിരികെ നൽകാൻ കോളജ് അധികാരികൾക്ക് നിർദേശം നൽകി.
കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള ഫീസിളവിനു അർഹരായ വിദ്യാർഥികളെ സർക്കാർ ഉത്തരവു പ്രകാരം അതതു കോളജ് മാനേജ്മെന്റുകൾ കണ്ടെത്തും. ഇതിനായി വിദ്യാർഥികളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ലിസ്റ്റ് കോളജുകൾക്കു ലഭ്യമാക്കിയിട്ടുണ്ട്.