മത്സരം എൻഡിഎയും എൽഡിഎഫും തമ്മിൽ: കെ.സുരേന്ദ്രൻ
Wednesday, November 25, 2020 12:32 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരം ദേശീയ ജനാധിപത്യ സഖ്യവും ഇടതുമുന്നണിയും തമ്മിലാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയന്റെ അഴിമതിയും ഏകാധിപത്യവും നേരിടാൻ യുഡിഎഫിനാവില്ല. ദേശീയ ജനാധിപത്യ സഖ്യം മാത്രമാണ് ഇടതുപക്ഷത്തിന് ബദൽ.
ദേശീയതലത്തിലേതു പോലെ കോണ്‍ഗ്രസ് തകർന്നു തരിപ്പണമായി കഴിഞ്ഞു. യുഡിഎഫിൽ മുസ്ലിം ലീഗിന്റെ അപ്രമാദിത്വമാണുള്ളത്. കാലാകാലങ്ങളായി യുഡിഎഫിനെ പിന്തുണച്ചിരുന്ന ക്രൈസ്തവ ന്യൂനപക്ഷത്തിന് ഇതിൽ വലിയ ആശങ്കയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.
സ്വർണക്കള്ളക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികൾ വന്നതോടെയാണ് അഴിമതി ഓരോന്നായി പുറത്തു വരാൻ തുടങ്ങിയത്. കേന്ദ്രത്തിൽ മോദിയുള്ളതുകൊണ്ടാണ് അന്വേഷണം നല്ലരീതിയിൽ നടക്കുന്നത്. കോണ്‍ഗ്രസായിരുന്നെങ്കിൽ കേസുകൾ ഒത്തുതീർത്ത് കൊള്ളമുതൽ പങ്കിട്ടെടുത്തേനേയെന്നും സുരേന്ദ്രൻ പറഞ്ഞു.