ജനസംഖ്യാടിസ്ഥാനത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ്: ഉത്തരവ് ഇറങ്ങി
Friday, July 23, 2021 12:43 AM IST
തിരുവനന്തപുരം: ജനസംഖ്യാ അടിസ്ഥാനത്തിൽ ഒരു സമുദായത്തിനും നഷ്ടമുണ്ടാകാത്ത വിധത്തിൽ ന്യുനപക്ഷ വിദ്യാർഥി സ്കോളർഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെൻസസിലെ ജനസംഖ്യ ആധാരമാക്കി ബന്ധപ്പെട്ട എല്ലാ സമുദായങ്ങൾക്കും ന്യൂനപക്ഷ സ്കോളർഷിപ്പ് നൽകുമെന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മുസ്ലിം- 26.56%, ക്രിസ്ത്യൻ- 18.38%, ബുദ്ധർ- 0.01%, ജൈനർ- 0.01%, സിക്ക്- 0.01 ശതമാനമുള്ളത്. ഇതിനെ 100 ആയി കണക്കാക്കിയാണ് സ്കോളർഷിപ്പ് നൽകുക. നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന സ്കോളർഷിപ്പിന്റെ എണ്ണത്തിലോ തുകയിലോ കുറവുണ്ടാകാതിരിക്കണമെങ്കിൽ സ്കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുണ്ട്. ഇതിനായി ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും നിർദേശിച്ചു.
അധിക തുകയ്ക്കുള്ള അനുമതിക്കായി വിശദ നിർദേശം ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ അടിയന്തരമായി സർക്കാരിനു സമർപ്പിക്കണം. കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭായോഗമാണു ന്യൂനപക്ഷ സ്കോളർഷിപ്പ് ജനസംഖ്യാടിസ്ഥാനത്തിൽ നൽകാൻ തീരുമാനിച്ചത്.