പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു വരെ
Thursday, June 5, 2025 2:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് പ്രസിദ്ധീകരിച്ച ആദ്യ അലോട്ട്മെന്റിൽ ഇടംപിടിച്ചവർക്ക് ഇന്നു വൈകുന്നേരം അഞ്ചു വരെ പ്രവേശനം നേടാം. ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഫീസ് അടച്ച് നിശ്ചിത സമയത്തിനുള്ളിൽ സ്കൂളിൽ സ്ഥിരപ്രവേശനം നേടണം.
ഫീസ് അടച്ചില്ലെങ്കിൽ ഈ സീറ്റുകൾ ഒഴിഞ്ഞതായി കണക്കാക്കും. ഈ വിദ്യാർഥികൾക്ക് പ്രവേശനത്തിന് പിന്നീട് അവസരം ലഭിക്കില്ല. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുകയും തുടർന്നുള്ള അലോട്ട്മെന്റുകളിൽ ഉയർന്ന ഓപ്ഷനിലേക്കുള്ള മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ താത്കാലിക പ്രവേശനം നേടിയാൽ മതി. ഏകജാലകം ഒന്നാം ഘട്ട പട്ടിക പുറത്തുവന്നപ്പോൾ 2,49,540 വിദ്യാർഥികൾക്കാണ് അലോട്ട്മെന്റ് ലഭിച്ചത്.
ആകെയുള്ള 3,16,507 മെറിറ്റ് സീറ്റുകളിൽ ഇനി 69,034 സീറ്റുകളാണ് പ്രവേശനത്തിനായി ബാക്കിയുള്ളത്. പ്ലസ് വണ്ണിന് സംസ്ഥാനത്ത് ആകെ 4,42,195 സീറ്റുകളാണുള്ളത്. ഇതിൽ മാനേജ്മെന്റ് ക്വോട്ടയിൽ 38,951 സീറ്റുകളും കമ്യൂണിറ്റി ക്വോട്ടയിൽ 25,322 സീറ്റുകളും അണ് എയ്ഡഡ് വിഭാഗത്തിൽ 54,855 സീറ്റുകളും സ്പോർട്സ് ക്വോട്ടയിൽ 8,199 സീറ്റുകളും ഉൾപ്പെടുന്നു.
മെറിറ്റ് സീറ്റുകളിലാണ് ഏകജാലക പ്രവേശനം നടത്തുന്നത്. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് ഈ മാസം 10നും മൂന്നാം അലോട്ട്മെന്റ് 16നും നടക്കും. മുഖ്യ ഘട്ടത്തിലെ അലോട്ട്മെന്റ് പൂർത്തിയാക്കി ഈ മാസം 18ന് ക്ലാസുകൾ ആരംഭിക്കും.