ഡിസിഎൽ ബാലരംഗം
Thursday, June 5, 2025 2:29 AM IST
കൊച്ചേട്ടന്റെ കത്ത്
അർപ്പിക്കാം, അഭയം ദൈവത്തിൽ വർത്തിക്കാം, നിർഭയം ലോകത്തിൽ
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
ലോകത്തിൽ ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ.
വിശുദ്ധ ബൈബിളിലെ മധ്യവചനം ഏതാണ്? പതിനായിരക്കണക്കിന് വചനങ്ങളടങ്ങിയ വിശുദ്ധ ബൈബിളിന്റെ ഏറ്റവും നടുവിലുള്ള വചനം 118-ാം സങ്കീർത്തനത്തിലെ 8-ാം വചനമാണ്.
""മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ കർത്താവിൽ അഭയം തേടുന്നതു നല്ലത്!'' (സങ്കീ. 118:8).
പുതിയ അധ്യയനവർഷം വാതിൽ തുറന്നു. ആകാശംതുറന്ന് കോരിച്ചൊരിയുന്ന ജൂൺമഴത്തുള്ളികളുടെ ആരവങ്ങളിൽ അലിഞ്ഞ്, കൂട്ടുകാർ, വിദ്യാലയങ്ങളിൽ എത്തിക്കഴിഞ്ഞു! പുതിയ ക്ലാസ്, പുതിയ പാഠപുസ്തകം, പുതിയ പുതിയ പാഠങ്ങൾ! ഒപ്പം പലർക്കും പുതിയ വസ്ത്രങ്ങളും പഠനോപകരണങ്ങളും! കൂടാതെ, ചിലർക്കെങ്കിലും പുതിയ കൂട്ടുകാരും! പുത്തൻ സ്വപ്നങ്ങളും ലക്ഷ്യമുറച്ച ചുവടുവയ്പുകളുമായി മാതാപിതാക്കൾക്ക് അനുഗ്രഹവും വിദ്യാലയത്തിന് അഭിമാനവുമായി കൂട്ടുകാർ വളരണം. അതിനുള്ള മാർഗനിർദേശങ്ങളാണ് ഈ കത്തിലെ മുഖ്യ പ്രതിപാദ്യം.
പഠനവും പരിശ്രമവും വിജയം നേടാൻ ഏവരും അധിക ജാഗ്രതയും കരുതലും കരുതിവയ്ക്കേണ്ട കാലമാണിത്. കൂട്ടുകാരെ ലക്ഷ്യത്തിൽനിന്നു വ്യതിചലിപ്പിക്കുവാനും വഴിതെറ്റിക്കുവാനും ഒരുങ്ങിയിറങ്ങുന്ന കൊള്ളക്കാർ നമ്മുടെ വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ വലവിരിച്ചിട്ടുണ്ടാകും. പഴയ സിനിമയും നാടകത്തിലുമൊക്കെ കാണുന്നപോലെ കറുത്ത തുണികൊണ്ട് മുഖംമൂടിയും കൈയുറയും തോക്കും പിടിച്ചുമൊന്നുമല്ല, ഇന്നത്തെ കൊള്ളക്കാർ വരുന്നത്. അവർ കൊള്ളയടിക്കുന്നത് നിങ്ങളുടെ പൊന്നും പണവുമൊന്നുമല്ല, പൊന്നുപോലെ സൂക്ഷിക്കാൻ ദൈവം തന്നിട്ടുള്ള നിങ്ങളുടെ ഭാവി ജീവിതമാണ്.
ലഹരിക്കച്ചവടക്കാരുടെ മയക്കുമരുന്നുവ്യാപാരത്തിന്റെ ഇരകളായി, നിരവധി വിദ്യാർഥികൾ ഇടറിവീഴുന്ന ദുരന്തകാഴ്ചയാണ് കേരളം കണികണ്ടുണരുന്നത്! ജൂൺമഴപ്പെയ്ത്തിനേക്കാൾ ഭീകരമായി, നിലയ്ക്കാത്ത ഉരുളുപൊട്ടി ഒഴുകുന്നുണ്ട് നിരവധി മാതാപിതാക്കളുടെ നയനങ്ങൾ! മഹിമയും പാരന്പര്യവുമുള്ള പല കുടുംബങ്ങളും, മക്കളുടെ വിവരക്കേടിന്റെയും കള്ളത്തരത്തിന്റെയും മാതാപിതാക്കളറിയാത്ത കൂട്ടുകെട്ടിന്റെയുമൊക്കെ ദുരന്തഭൂമിയിലൂടെ അടിത്തറയിളകി ഉരുളുപൊട്ടി ഒഴുകിപ്പൊയ്ക്കഴിഞ്ഞു!
സർക്കാരും പോലീസും സ്കൂൾ പി.റ്റി.എയും ദീപിക പോലെ സാമൂഹിക പ്രതിബദ്ധതയുള്ള പത്രങ്ങളും ഡിസിഎൽ പോലുള്ള വിദ്യാർഥി സംഘടനകളും സമൂഹ നന്മയാഗ്രഹിക്കുന്ന എല്ലാവരും ജാതിമത രാഷ്ട്രീയ ഭേദമെന്യേ കൈകോർത്ത്, ലഹരിവിമുക്ത ഭാവിക്കായി പോരാട്ടം തുടങ്ങിക്കഴിഞ്ഞു!
ഇങ്ങനെ അരക്ഷിതവും ഭയങ്കരവുമായ സാഹചര്യത്തെ നമ്മൾ എങ്ങനെയാണ് തരണം ചെയ്യുക? അതാണ് ആദ്യം പറഞ്ഞത്. ദൈവത്തിൽ അഭയം തേടുക!
ദീപിക ബാലസഖ്യത്തിലെ കൂട്ടുകാർ വ്യത്യസ്ത മതധാരയിൽ വളരുന്നവരാണ്. നമ്മുടെ പഞ്ചശീലങ്ങളിൽ ഒന്നാമത്തേത് ഈശ്വരഭക്തിയല്ലേ? മാതാപിതാക്കളിൽനിന്നു ലഭിക്കുന്ന ദൈവവിശ്വാസത്തിൽ കൂട്ടുകാർ ആഴപ്പെട്ടാൽ മതി. എന്നും സന്ധ്യയിൽ മാതാപിതാക്കളോടൊപ്പം അല്പസമയം ഒന്നിച്ചു പ്രാർത്ഥിക്കണം.
കൂട്ടുകാരേ, തേനീച്ചപോലെ അവർ വന്നുപൊതിഞ്ഞാലും മുൾപ്പടർപ്പിനു തീപിടിച്ചപോലെ അവർ നമുക്കുചുറ്റും ആളിക്കത്തിയാലും ദൈവത്തിൽ അഭയം തേടുന്നവർക്ക് ഒന്നും അസാധ്യമായിരിക്കില്ല. ബൈബിൾ പറയുന്നപോലെ, ദൈവം നമ്മുടെ പക്ഷത്തെങ്കിൽ മനുഷ്യന് നമ്മെ തോല്പിക്കാനാകില്ല.
""മാതാ-പിതാ-ഗുരു ദൈവം'' എന്ന ഭാരതീയ ദർശനം ഓർക്കാം. മാതാപിതാക്കന്മാരെയും ഗുരുക്കന്മാരെയും കാണപ്പെട്ട ദൈവസാന്നിധ്യമാക്കാം. അവരിൽ നിന്ന് ഒന്നും ഒളിക്കേണ്ട, ഒളിച്ചുപോവുകയും വേണ്ട. എന്നും സുരക്ഷിതരായിരിക്കട്ടെ, എല്ലാ കൂട്ടുകാരും.
പ്രാർത്ഥനാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
ലഹരിക്കെതിരേ പോരാട്ടവുമായി ഡിസിഎൽ പുത്തൻ അധ്യയനവർഷത്തിലേക്ക്
പുതിയ അധ്യയനവർഷത്തിന്റെ ആരംഭംമുതൽ വിദ്യാർഥികളുടെ ബൗദ്ധികമായ വളർച്ചയ്ക്കുതകുന്ന നിരവധി പദ്ധതികളാണ് ഡിസിഎൽ നടപ്പാക്കാനുദ്ദേശിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ലഹരിക്കെതിരേയുള്ള പോരാട്ടമാണ്.
മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക, നേതൃപരവും സാമൂഹികവുമായ വളർച്ചയ്ക്കുതകുന്നവിധത്തിൽ കുട്ടികൾക്ക് അനൗപചാരിക വിദ്യാഭ്യാസം നല്കുക എന്നതാണ് ദീപിക ബാലസഖ്യത്തിലൂടെ ചെയ്യുന്നത്. ഈ വർഷം ദീപിക ബാലസഖ്യം സംഘടിപ്പിക്കുന്ന പ്രധാനപരിപാടികൾ താഴെ ചേർക്കുന്നു.
കിക്ക് ഔട്ട്
ദീപിക ആന്റി ഡ്രഗ്സ് സ്കൂൾ ബ്രിഗേഡ്
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലഹരിവിരുദ്ധസേന ഉണ്ടാക്കുകയാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. ഇതിനായി സ്കൂൾതലത്തിൽത്തന്നെ ലഹരിവിരുദ്ധ കൂട്ടായ്മകൾ രൂപീകരിക്കുന്നു. ദീപിക ആന്റി ഡ്രഗ് സ്കൂൾ ബ്രിഗേഡ് എന്നപേരിൽ അറിയപ്പെടുന്ന ഈ കൂട്ടായ്മകളായിരിക്കും സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. ഡിസിഎൽ അംഗങ്ങളായ സ്കൂളുകൾക്കും ഡിസിഎൽ പ്രവർത്തിക്കാത്ത സ്കൂളുകൾക്കും ഇതിൽ പങ്കുചേരാം.
സ്കൂൾ ബ്രിഗേഡ് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ?
ഡിസിഎൽ പ്രതിനിധികളായി സ്കൂളിലെ ഓരോ ഡിവിഷനിൽനിന്നും രണ്ടു വിദ്യാർഥി പ്രതിനിധികളെ തെരഞ്ഞെടുക്കുക. ഈ പ്രതിനിധികൾ ചേർന്ന് എട്ടുപേരടങ്ങുന്ന അടങ്ങുന്ന ഡിസിഎൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. ഇവർ ദീപിക ആന്റിഡ്രഗ് ബ്രിഗേഡ് അംഗങ്ങളായി പ്രവർത്തിക്കുന്നു. അവരെ നയിക്കുന്നതിന് രണ്ട് അധ്യാപക പ്രതിനിധികളെയും നിയമിക്കേണ്ടതാണ്.
ലക്ഷ്യം
മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ് എന്ന മുദ്രാവാക്യവുമായി ലഹരിക്കെതിരേ കുട്ടികളെ ബോധവത്കരിച്ച് ക്രിയാത്മക വളർച്ചയ്ക്ക് സാഹചര്യമൊരുക്കുന്ന രീതിയിലുള്ള അവബോധ സെമിനാറുകളും പരിശീലനവും ലഹരി നിർമാർജന പ്രവർത്തനങ്ങൾക്കു വിദ്യാർഥികൾതന്നെ നേതൃത്വം നൽകുന്ന പദ്ധതിയാണിത്.
ഓരോ സ്കൂളിലും ലഹരിക്കെതിരേ പ്രത്യേകം ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. അതിലൂടെ ലഹരിക്കെതിരേ കുട്ടികളുടെതന്നെ ടീമിനെ വാർത്തെടുത്തു സ്കൂൾതലങ്ങളിൽ പ്രവർത്തനം നടത്തുന്നതിനു സാധിക്കും.
മേഖല-ജില്ലാതലത്തിൽ സ്കൂൾ ബ്രിഗേഡ് സമ്മേളനങ്ങൾ, ബോധവത്കരണ സെമിനാറുകൾ, കിക്ക് ഔട്ട് പരിശീലന പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കും. ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ ലഘുലേഖകൾ വിതരണംചെയ്യുക തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ.
ഇതിന്റെ ഭാഗമായി കിക്ക് ഔട്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26-ന് കണ്ണൂരിൽ നടക്കും. തുടർന്ന് ലഹരിവിരുദ്ധ സന്ദേശറാലി കാസർഗോഡ് നിന്നും ആരംഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും പരമാവധി സ്കൂളുകളും സന്ദർശിച്ച് റാലി തിരുവനന്തപുരത്തേക്ക് സമാപിക്കും.
ഡിസിഎൽ - ദീപിക ചോക്ലേറ്റ് ക്വിസ്
ദീപിക ദിനപത്രത്തിന്റെ അനുബന്ധപ്രസിദ്ധീകരണമായ ദീപിക ചോക്ലേറ്റിനെ അടിസ്ഥാനമാക്കി വിദ്യാർഥികൾക്കായി ദീപിക ചോക്ലേറ്റ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഓരോ ആഴ്ചയിലേയും ചോക്ലേറ്റിനെ അടിസ്ഥാനമാക്കി എല്ലാ മാസവും ശാഖാ തലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കും. മേഖല, പ്രവിശ്യ സംസ്ഥാനതല മത്സരങ്ങൾ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കും.
ഡിസിഎൽ ചോക്ലേറ്റ് പ്രസംഗമത്സരം
ദീപിക ചോക്ലേറ്റിൽ വരുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രസംഗങ്ങളെ അടിസ്ഥാനമാക്കി ഡിസിഎൽ പ്രസംഗമത്സരം നടത്തുന്നു.
ഡിസിഎൽ ഐക്യു ഒളിന്പ്യാഡ്
ഡിസിഎൽ പ്രസിദ്ധീകരിക്കുന്ന പൊതുവിജ്ഞാന പുസ്തകമായ ഐക്യു വിൻമാസ്റ്ററിനെ അടിസ്ഥാനമാക്കി, ഒക്ടോബർ മാസത്തിൽ ഐക്യു ഒളിന്പ്യാഡ് നടത്തുന്നു. പുസ്തകം വാങ്ങുന്ന എല്ലാ കുട്ടികൾക്കും ഐക്യു ഒളിന്പ്യാഡിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്.
കെജി ഫെസ്റ്റ്
എൽകെജി, യുകെജി വിഭാഗങ്ങളിൽ പഠിക്കുന്ന കൊച്ചുകൂട്ടുകാർക്കായി മേഖലാതലത്തിൽ ഡിസിഎൽ കെജി ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നു. മത്സര ഇനങ്ങളും മറ്റു വിശദാംശങ്ങളും പിന്നീട് അറിയിക്കുന്നതാണ്.
ശാഖാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്
ഡിസിഎൽ ശാഖാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജൂൺ 30-നു മുന്പായി പൂർത്തിയാക്കേണ്ടതാണ്. ലീഡർ, ഡെപ്യൂട്ടി ലീഡർ, ജനറൽ സെക്രട്ടറിമാർ (ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും), പ്രോജക്ട് സെക്രട്ടറി, ട്രഷറർ, രണ്ടു കൗൺസിലർമാർ (ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും) എന്നിവരെയാണ് തെരഞ്ഞെടുക്കേണ്ടത്.
ശാഖാ ഡയറക്ടറുടെ നേതൃത്വത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. ശാഖകളിൽനിന്നുള്ള കൗൺസിലർമാർക്കാണ് മേഖല ഭാരവാഹികളായി മത്സരിക്കാൻ അർഹതയുള്ളത്.
എറണാകുളം പ്രവിശ്യാ ഡയറക്ടേഴ്സ് സംഗമം
അങ്കമാലി: ദീപിക ബാലസഖ്യം എറണാകുളം പ്രവിശ്യ ഡയറക്ടേഴ്സ് സംഗമം അങ്കമാലി വിമുക്തഭടൻ ഹാളിൽ നടന്നു. ഡിസിഎൽ സ്റ്റേറ്റ് പി.ആർ കോ-ഓർഡിനേറ്റർ ഫാ പോൾ മണവാളൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ ഈ അധ്യയനവർഷത്തെ പ്രവിശ്യയിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പെരുന്പാവൂർ മേഖല രക്ഷാധികാരി ചാക്കുണ്ണി പറക്കാടൻ മുഖ്യപ്രഭാഷണം നടത്തി.
ഫാ. പോൾ മണവാളൻ, ചാക്കുണ്ണി പറക്കാടൻ, പി.എ.ദേവസി, ജെയ്നി സാംരാജ് എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. പ്രവിശ്യാ കോ-ഓർഡിനേറ്റർ ജി.യു. വർഗീസ് ഡിസിഎൽ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കു നേതൃത്വം നൽകി.
പറവൂർ മേഖല ഓർഗനൈസർ ജെയ്നി സാംരാജ് സ്വാഗതവും മഞ്ഞപ്ര മേഖല ഓർഗനൈസർ പി.എ. ദേവസി നന്ദിയും പറഞ്ഞു.