ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ അപകടം; മെക്കാനിക്കിന് ദാരുണാന്ത്യം
Saturday, June 7, 2025 1:48 AM IST
കൂത്തുപറമ്പ്: ടൂറിസ്റ്റ് ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ എയർ സസ്പെൻഷൻ താഴ്ന്ന് ഉള്ളിൽ കുടുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം.
പാട്യം പാലാ ബസാറിലെ കൃഷ്ണ ഹൗസിൽ സി.വി. സുകുമാരൻ (64) ആണു മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. വീടിനു സമീപത്ത് വാഹനങ്ങളും മറ്റും നിർത്തിയിടാറുള്ള ഗ്രൗണ്ടിൽ വച്ചായിരുന്നു സുകുമാരൻ ബസിന്റെ എയർ ലീക്ക് പരിശോധിച്ചുകൊണ്ടിരുന്നത്.
തല ഉള്ളിലേക്കിട്ടു പ്രവൃത്തി നടത്തിക്കൊണ്ടിരിക്കവെ എയർ സസ്പെൻഷൻ പെട്ടെന്ന് താഴുകയായിരുന്നു. സുകുമാരന് വീട്ടിൽ ഒരു ഫോൺകോൾ വന്നിട്ടുണ്ടെന്ന് അറിയിക്കാനെത്തിയ മകന്റെ ഭാര്യയാണ് ഇയാൾ അപകടത്തിൽപ്പെട്ടു കിടക്കുന്ന കാഴ്ച ആദ്യം കണ്ടത്.
ഇവർ ബഹളം വച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ഉള്ളിൽ കുടുങ്ങിയ സുകുമാരനെ സാഹസികമായി പുറത്തെടുക്കുകയായിരുന്നു. സാധാരണ സുകുമാരനോടൊപ്പം സഹായികൾ ഉണ്ടാകാറുണ്ടെങ്കിലും ഇന്നലെ തനിച്ചായിരുന്നു.
ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ സി.വി. കൃഷ്ണൻ- മാതു ദന്പതികളുടെ മകനാണ്.
ഭാര്യ: രഞ്ജിനി. മക്കൾ: സരിൻ (അബുദാബി), സച്ചിൻ (സൗദി), സയന. മരുമക്കൾ: ജൂഹി, അയന, ഹെലൻ.