വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ നാളെ
Saturday, June 7, 2025 1:48 AM IST
കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യ-ധന്യൻ ജോസഫ് വിതയത്തിൽ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ നാളെ ആഘോഷിക്കും. കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധയുടെ തിരുനാളിനു തീർഥാടനകേന്ദ്രം ഒരുങ്ങി.
നാളെ രാവിലെ ആറു മുതൽ തുടർച്ചയായി ദിവ്യബലി, രാവിലെ 8.30ന് നേർച്ചഭക്ഷണം വെഞ്ചരിപ്പ്, രാത്രി എട്ടുവരെ നേർച്ചവിതരണം. നേർച്ചഭക്ഷണ വെഞ്ചരിപ്പ് പുത്തൻചിറ സെന്റ് മേരിസ് ഫൊറോന പള്ളി വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പിൽ നിർവഹിക്കും.
9.30നു തിരുനാൾകുർബാനയിൽ ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികനാകും. ഉച്ചകഴിഞ്ഞു മൂന്നിനുള്ള ദിവ്യബലിയെത്തുടർന്ന് ഭക്തിനിർഭരമായ തിരുനാൾപ്രദക്ഷിണം. അലംകൃതമായ വീഥിയിലൂടെ പ്രാർഥനാഗീതങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന പ്രദക്ഷിണത്തിൽ പൊൻ- വെള്ളിക്കുരിശുകളും മുത്തുക്കുടകളും പേപ്പൽ പതാകകളും ഏന്തി അനേകർ പങ്കെടുക്കും. തുടർന്നു വിശുദ്ധയുടെ തിരുശേഷിപ്പുവണക്കം.
തിരുനാൾദിനത്തിൽ എത്തുന്ന ആയിരങ്ങളെ സ്വീകരിക്കാനുള്ള വിപുലമായ ഒരുക്കങ്ങൾ ഇതിനകം പൂർത്തിയായി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോളി വടക്കൻ ചെയർമാനായി തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഹോളിഫാമിലി സന്യാസിനീസമൂഹം സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, അഡ്മിനിസ്ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവ്യർ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ, ജനറൽ കൺവീനർ സണ്ണി പഴയാറ്റിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
തിരുനാളിന്റെ എട്ടാമിടം 15നു രാവിലെ 10.30നു ദിവ്യബലി, പ്രദക്ഷിണം, തിരുശേഷിപ്പുവണക്കം എന്നീ പരിപാടികളോടെ നടത്തും.