ഇടുക്കിയിൽ ജലനിരപ്പുയർന്നു
Friday, June 27, 2025 2:43 AM IST
തൊടുപുഴ: കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ഇന്നലെ രാവിലെ ഏഴിന് ജലനിരപ്പ് 2356.06 അടിയായി.
സംഭരണ ശേഷിയുടെ 51 ശതമാനമാണിത്. 2,365 അടിയിലെത്തിയാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2373 അടിയാണ് റൂൾ ലെവൽ. മുല്ലപ്പെരിയാറിൽ ജലനിരപ്പ് റൂൾ കർവിലേക്ക് എത്തുകയാണ്.
ഇന്നലെ വൈകുന്നേരം ആറിന് 134.40 അടിയാണ് ജലനിരപ്പ്. 136 അടിയാണ് റൂൾലെവൽ. ജലനിരപ്പ് റൂൾ ലെവലിൽ എത്തിയാൽ അണക്കെട്ട് തുറന്നുവിടേണ്ടിവരും. ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
കാലവർഷം ആരംഭിച്ച് ഒരുമാസം തികയുന്പോൾ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്ന തോതിലാണ്. ഇടുക്കി അണക്കെട്ടിൽ ഒരുമാസത്തിനിടെ 14 അടിയോളം വെള്ളമുയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം 2331.70 അടിയായിരുന്നു ജലനിരപ്പ്. ഇതു സംഭരണശേഷിയുടെ 34 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിലവിൽ 21 അടിയോളം വെള്ളം കൂടുതലുണ്ട്. 2023-ൽ 2305 അടിയും 2022-ൽ 2338.06 അടിയുമായിരുന്നു ഇതേ ദിവസത്തെ ജലനിരപ്പ്.
മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. ഇന്നലെ 17.182 ദശലക്ഷം യൂണിറ്റായിരുന്നു ഇവിടത്തെ ഉത്പാദനം. 47.174 ദശലക്ഷം യൂണിറ്റായിരുന്നു ആഭ്യന്തര ഉത്പാദനം. മഴ ശക്തമായതിനാൽ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് 82.321 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം.
ടൂറിസത്തിന് നിരോധനം
ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി ജില്ലയിലെ വിനോദസഞ്ചാരത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. ജലവിനോദം, ട്രക്കിംഗ് എന്നിവ നാളെ വരെ പൂർണമായും നിരോധിച്ചു.
ഇതോടൊപ്പം കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രികാല യാത്രയും ഈ ഭാഗത്ത് വാഹനപാർക്കിംഗും നാളെ വരെ പൂർണമായി നിരോധിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.