സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; കെ.വി. രാമകൃഷ്ണനും ഏഴാച്ചേരിക്കും അക്കാദമി വിശിഷ്ടാംഗത്വം
Friday, June 27, 2025 2:43 AM IST
തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2024 ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭാവനാ പുരസ്കാരവും അവാർഡുകളും പ്രഖ്യാപിച്ചു.
കവികളായ കെ.വി. രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനുമാണു വിശിഷ്ടാംഗത്വം. 50,000 രൂപയും രണ്ടു പവന്റെ സ്വർണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമടങ്ങുന്നതാണു പുരസ്കാരം.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പി.കെ.എൻ. പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എം.എം. നാരായണൻ, ടി.കെ. ഗംഗാധരൻ, കെഇഎൻ, മല്ലിക യൂനിസ് എന്നിവർക്കു സമ്മാനിക്കും. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണു പുരസ്കാരം. എഴുപതു പിന്നിട്ട എഴുത്തുകാരെയാണ് സമഗ്ര സം ഭാവനയ്ക്കു പരിഗണിക്കുക.
അക്കാദമി അവാർഡുകൾ: കവിത- അനിത തമ്പി (മുരിങ്ങ വാഴ കറിവേപ്പ്), നോവൽ- ജി.ആർ. ഇന്ദുഗോപൻ (ആനോ), ചെറുകഥ- വി. ഷിനിലാൽ (ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര), നാടകം- ശശിധരൻ നടുവിൽ (പിത്തളശലഭം), സാഹിത്യവിമർശനം- ജി. ദിലീപൻ (രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ), വൈജ്ഞാനികസാഹിത്യം- പി. ദീപക് (നിർമിതബുദ്ധിക്കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം), ജീവചരിത്രം, ആത്മകഥ- ഡോ. കെ. രാജശേഖരൻ നായർ (ഞാൻ എന്ന ഭാവം), യാത്രാവിവരണം- കെ.ആർ. അജയൻ (ആരോഹണം ഹിമാലയം), വിവർത്തനം- ചിഞ്ജു പ്രകാശ് (എന്റെ രാജ്യം എന്റെ ശരീരം), ബാലസാഹിത്യം- ഇ.എൻ. ഷീജ (അമ്മമണമുള്ള കനിവുകൾ). ഹാസ സാഹിത്യം- നിരഞ്ജൻ (കേരളത്തിന്റെ മൈദാത്മകത (വറുത്തരച്ച ചരിത്രത്തോടൊപ്പം). 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് അവാർഡ്.

എൻഡോവ്മെന്റ് അവാർഡുകൾ: സി.ബി. കുമാർ അവാർഡ്- എം. സ്വരാജ് (ഉപന്യാസം- പൂക്കളുടെ പുസ്തകം) 10,000 രൂപ, കുറ്റിപ്പുഴ അവാർഡ്- ഡോ. എസ്.എസ്. ശ്രീകുമാർ (സാഹിത്യവിമർശനം- മലയാള സാഹിത്യവിമർശനത്തിലെ മാർക്സിയൻ സ്വാധീനം) 10,000 രൂപ, ജി.എൻ. പിള്ള അവാർഡ്- ഡോ. കെ.സി. സൗമ്യ (വൈജ്ഞാനികസാഹിത്യം- കഥാപ്രസംഗകലയും സമൂഹവും), ഡോ. ടി.എസ്. ശ്യാംകുമാർ (വൈജ്ഞാനികസാഹിത്യം - ആരുടെ രാമൻ) 5,000 രൂപ, ഗീത ഹിരണ്യൻ അവാർഡ്- സലീം ഷെരീഫ് (ചെറുകഥ- പൂക്കാരൻ) 10,000 രൂപ, യുവകവിത അവാർഡ്- ദുർഗപ്രസാദ് (രാത്രിയിൽ അച്ചാങ്കര) 10,000 രൂപ, തുഞ്ചൻ സ്മാരക പ്രബന്ധമത്സരം- ഡോ. കെ.പി. പ്രസീദ (എഴുത്തച്ഛന്റെ കാവ്യഭാഷ) 5000 രൂപ. അർഹമായ കൃതിയില്ലാത്തതിനാൽ 2024ലെ വിലാസിനി പുരസ്കാരം പ്രഖ്യാപിച്ചില്ല.
പത്രസമ്മേളനത്തിൽ സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ, സെക്രട്ടറി സി.പി. അബൂബക്കർ, അശോകൻ ചരുവിൽ, അക്കാദമി മാനേജർ പി.കെ. മിനി, ലൈബ്രേറിയൻ മനീഷ പാങ്ങിൽ, പബ്ലിക്കേഷൻ ഓഫീസർ എൻ.ജി. നയനതാര, സബ് എഡിറ്റർ കെ.എസ്. സൗമ്യ എന്നിവർ പങ്കെടുത്തു.
റാം ആനന്ദി അവാർഡ് വിവാദത്തിൽ അഭിപ്രായമില്ല: കെ. സച്ചിദാനന്ദൻ
തൃശൂർ: വ്യക്തമായ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം റാം കെയർ ഓഫ് ആനന്ദി എന്ന നോവലിനു കേന്ദ്രസാഹിത്യ അക്കാദമി യുവ എഴുത്തുകാർക്കുള്ള അവാർഡ് നിർണയിച്ചിട്ടുണ്ടാകുകയെന്നു കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. റാം ആനന്ദി അവാർഡ് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള സാഹിത്യ അക്കാദമിയല്ല അവാർഡ് നിർണയിച്ചത്. ഈ പ്രായത്തിൽ ഞാനതു വായിച്ചിട്ടില്ല. വായിക്കുമെന്നും തോന്നുന്നില്ല. അതിനാൽ ഇക്കാര്യത്തിൽ അഭിപ്രായത്തിനും മുതിരുന്നില്ല- അദ്ദേഹം പറഞ്ഞു.