കെ-ഡിസ്കിന് സ്കോച്ച് അവാർഡ്
Thursday, May 25, 2023 1:07 AM IST
തിരുവനന്തപുരം: കേരള സർക്കാർ സംരംഭമായ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേറ്റീവ് സ്ട്രാറ്റജിക് കൗണ്‍സിലിന് (കെ-ഡിസ്ക) സ്കോച്ച് അവാർഡ്. കെ- ഡിസ്കിനു കീഴിൽ ആവിഷ്കരിച്ച കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയാണ് പുരസ്കാരത്തിന് അർഹമായത്.
ഇന്ത്യയെ മികച്ച രാഷ്ട്രമാക്കി മാറ്റുന്നതിന് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, പദ്ധതികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കു നൽകുന്ന ബഹുമതിയാണ് സ്കോച്ച് അവാർഡ്. ഇ- ഗവേണൻസ് വിഭാഗത്തിലാണു പുരസ്കാരം ലഭിച്ചത്.
അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് വ്യവസായമേഖല ആവശ്യപ്പെടുന്ന നൈപുണ്യം നൽകി തൊഴിൽ കണ്ടെത്താൻ പ്രാപ്തമാക്കുകയാണ് മിഷൻ ചെയ്യുന്നത്. ഇതിനായി പ്രത്യേകം സജ്ജീകരിച്ച ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ 20 ലക്ഷം തൊഴിൽരഹിതർക്ക് തൊഴിൽ ഉറപ്പാക്കുകയാണു ലക്ഷ്യം.
കെകെഇഎം തയാറാക്കിയ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ഉദ്യോഗാർഥികൾക്ക് അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിനായി ആശയവിനിമയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രത്യേകം പരിശീലനം നൽകിവരുന്നു.
ഇത്തരത്തിൽ കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുവാനുള്ള കെ-ഡിസ്കിനു കീഴിൽ വിഭാവനം ചെയ്ത കേരള നോളജ് ഇക്കോണമി മിഷന്റെ പ്രവർത്തനത്തിനാണ് ഇപ്പോൾ ദേശീയ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ മാസം 27ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.