സഹകരണ ബാങ്കുകളിലെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി
Friday, March 14, 2025 12:03 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് ഉയർത്തി ഉത്തരവിറക്കി. ഒരു വർഷവും അതിനു മുകളിലുമുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. ഒരു വർഷം മുതൽ രണ്ടു വർഷത്തിനു താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇനി മുതൽ 8.5 ശതമാനം പലിശ ലഭിക്കും. നിലവിൽ എട്ടു ശതമാനമായിരുന്നു പലിശ നിരക്ക്.
രണ്ടു വർഷവും അതിനു മുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 8.75 ശതമാനം പലിശ ഇനി മുതൽ ലഭിക്കും. നിലവിൽ ഇതും എട്ടു ശതമാനമായിരുന്നു. മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് അര ശതമാനം അധിക പലിശ ലഭിക്കും.
എന്നാൽ, 180 മുതൽ 364 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.75 ശതമാനം പലിശ നിരക്ക് തുടരും. 91 മുതൽ 179 വരെ ദിവസങ്ങളിലെ നിക്ഷേപങ്ങൾക്ക് 7.25 ശതമാനം തന്നെയാണ് പലിശ നിരക്ക്.
46 മുതൽ 90 ദിവസം വരെ 6.75 ശതമാനവും 15 മുതൽ 45 ദിവസം വരെ 6.25 ശതമാനവുമാണ് പലിശ നിരക്ക്. മാർച്ച് അഞ്ചു മുതൽ നിക്ഷേപ സഹകരണ കാംപെയിൻ ആരംഭിച്ച സാഹചര്യത്തിലാണ് സഹകരണ ബാങ്കുകളിലെ പലിശ നിരക്ക് ഉയർത്തിയത്.