കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കൽ: നിയന്ത്രണം സാന്പത്തിക വിലക്കിന് സമാനമെന്ന് സിപിഎം
Saturday, May 27, 2023 10:03 PM IST
തിരുവനന്തപുരം: കേരളത്തിന് അര്‍ഹമായ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത് സാമ്പത്തികമായി ഞെക്കി കൊല്ലാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം.
കേരളത്തിനുള്ള ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്ത് നിരന്തരമായി സംസ്ഥാനത്തെ ദ്രോഹിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. കേരളത്തില്‍ സാധ്യതയുള്ള എല്ലാ വികസന പ്രവൃത്തികള്‍ക്കും കേന്ദ്രം തുരങ്കം വയ്ക്കുകയാണ്. ഇതിന് പുറമെയാണ് നിര്‍ബന്ധമായും നല്‍കേണ്ട സാമ്പത്തിക അനുമതികളില്‍ കൈകടത്തുന്നത്.
നടപ്പു വര്‍ഷം 32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വര്‍ഷാരംഭത്തില്‍ കേന്ദ്രം നല്‍കിയിരുന്നതാണ്. എന്നാല്‍ 15,390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തില്‍ 10,000 കോടിയുടെ വെട്ടിക്കുറവ് ഈ വര്‍ഷം വരുത്തിയതിന് പുറമെയാണിത്. ഇത് കേരളത്തിലെ ജനങ്ങള്‍ക്കെതിരായുള്ള വെല്ലുവിളിയാണ്.
ധന ഉത്തരവാദിത്ത നിയമ പ്രകാരവും കേന്ദ്ര ധനക്കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പരിശോധിച്ചാലും കേന്ദ്രസര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് കാണാം. രാജ്യത്തെ സാമ്പത്തിക മാനേജ്മെന്റ് കൂടുതല്‍ സുതാര്യമാക്കുന്നതിനാണ് ഈ ആക്ട്. അത് പോലും കേന്ദ്രം അംഗീകരിക്കുന്നല്ല.
കടമെടുപ്പ് പരിധി വെട്ടിക്കുറവ് വരുത്തിയതിനുള്ള കാരണമെന്തെന്ന് പോലും വ്യക്തമാക്കാന്‍ കേന്ദ്രം തയാറായിട്ടില്ല.
സാമ്പത്തികമായി കടുത്ത വിലക്ക് ഏര്‍പ്പെടുത്തുന്നതിന് സമാനമായ നിലപാടാണ് കേന്ദ്രത്തിന്റേത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.