റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ മുങ്ങിയ കാറിൽ നിന്നും യാത്രികരെ രക്ഷപെടുത്തി
Tuesday, October 3, 2023 7:09 AM IST
തിരുവല്ല: തിരുവല്ലയിൽ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ മുങ്ങിയ കാറിൽ നിന്നും മൂന്ന് പേർ അത്ഭുതകരമായി രക്ഷപെട്ടു.
എംസി റോഡിനെയും ടികെ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തിരുമൂലപുരം - കറ്റോട് റോഡിലെ ഇരുവള്ളിപ്പറ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിലാണ് കാർ മുങ്ങിയത്.
കാറിലുണ്ടായിരുന്ന വയോധികൻ അടക്കം മൂന്ന് യാത്രക്കാരെയും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലാണ് രക്ഷപ്പെടുത്തുവാൻ സാധിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ഏഴിനായിരുന്നു സംഭവം. ചെങ്ങന്നൂർ ഭാഗത്തുനിന്നും കവിയൂരിലേക്ക് പോവുകയായിരുന്നു തിരുവനന്തപുരം സ്വദേശി കൃഷ്ണൻ നമ്പൂതിരിയും മകളും ഭർത്താവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
അടിപ്പാതയിലെ വെള്ളക്കെട്ടിന്റെ ആഴം തിരിച്ചറിയാതെ മുന്നോട്ടെടുത്തപ്പോഴാണ് അപകടം മനസിലാക്കിയത്. കാർ ഓഫായി വെള്ളത്തിൽ മുങ്ങിയത് കണ്ട് നാട്ടുകാർ ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
അതേസമയം, മണിമലയാറിൽ നിന്നും നേരിട്ട് വെള്ളം കയറുന്ന അടിപ്പാതയിൽ നിലവിൽ അഞ്ചടിയോളം ഉയരത്തിൽ വെള്ളമാണ്. ഇതോടെ ഗതാഗതം പൂർണമായും തടസപ്പെട്ട നിലയിലാണ്.
അടിപ്പാതയിലെ വെള്ളക്കെട്ട് നീക്കുവാൻ റെയിൽവേ എൻജിനീയറിംഗ് വിഭാഗം പലതരത്തിലുള്ള മാർഗങ്ങളും നോക്കിയിരുന്നുവെങ്കിലും ഇവയെല്ലാം പരാജയപ്പെട്ടിരുന്നു.