പോലീസ് നടപടി കോടതി നിർദേശ പ്രകാരം; എ.കെ.ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി
Thursday, September 18, 2025 11:13 AM IST
തിരുവനന്തപുരം: കോടതി നിർദേശ പ്രകാരമാണ് 1995 ൽ ശിവഗിരിയിൽ പോലീസ് നടപടിയുണ്ടായതെന്നും അത് അനിവാര്യമായിരുന്നെന്നും മഠാധിപതി സ്വാമി സച്ചിദാനന്ദ. അന്നത്തെ സർക്കാർ ശിവഗിരിയെ സഹായിക്കുകയാണ് ചെയ്തത്.
ജയിച്ചു വന്നവർ ഭരണം ഏറ്റുവാങ്ങാൻ എത്തിയിട്ടും നടന്നില്ല. അനുരഞ്ജന ചർച്ചകൾ പലതും നടത്തിയിട്ടും വിജയിച്ചില്ല. പല ദുഷ്പ്രചാരണങ്ങൾ അന്നുണ്ടായിരുന്നു. ചില രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ ഒത്തു ചേർന്നു.
ശിവഗിരിക്ക് ദോഷം വരും എന്ന് കണ്ടപ്പോഴാണ് കോടതി ഇടപെടലും പോലീസ് നടപടിയും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ ചർച്ചയുമായി ബന്ധപ്പെട്ട് രാഷ്ട്രീയം പറയാനില്ലെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.