നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടവകാശം നൽകണോ? രാഹുൽ ഗാന്ധി വ്യാജ പ്രചരണങ്ങൾ നടത്തുന്നുവെന്ന് അമിത് ഷാ
Thursday, September 18, 2025 3:26 PM IST
പാറ്റ്ന: രാഹുൽ ഗാന്ധി വ്യാജ പ്രചണങ്ങൾ നടത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിലാണ് അമിത് ഷായുടെ വിമർശനം.
രാഹുൽ ഗാന്ധി നടത്തിയ യാത്ര വോട്ട് മോഷണത്തിനെതിരെ ആയിരുന്നില്ലെന്നും അത് ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടി ആയിരുന്നെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ആരോപിച്ചു.
എല്ലായിപ്പോഴും കോൺഗ്രസ് രാജ്യത്ത് തെറ്റിധാരണ പടർത്താൻ ശ്രമിക്കുന്നു. രാഹുൽ ഗാന്ധിയുടെ യാത്ര വിദ്യാഭ്യാസത്തെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ ആയിരുന്നില്ല. റോഡുകൾ നിർമ്മിക്കാത്തതോ വൈദ്യുതി ലഭ്യമാകാത്തതോ രാഹുലിന്റെ യാത്രയിൽ പരാമർശിച്ചിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ബിഹാറിലെ റോഹ്താസിൽ നടന്ന റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം. നിങ്ങൾക്ക് ആർക്കെങ്കിലും വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടവകാശവും സൗജന്യ റേഷനും നൽകണോയെന്നും അമിത് ഷാ ചോദിച്ചു.
നമ്മുടെ യുവാക്കൾക്ക് പകരം നുഴഞ്ഞു കയറ്റക്കാർക്ക് രാഹുൽ ഗാന്ധിയും കമ്പനിയും ജോലി നൽകുന്ന പ്രവൃത്തിയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും അദേഹം കുറ്റപ്പെടുത്തി.