"പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക'; യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെതിരെ പോസ്റ്റർ
Thursday, September 18, 2025 3:31 PM IST
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനെതിരെ പോസ്റ്റർ. ശ്രീകണ്ഠപുരം പൊടിക്കളത്താണു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. "പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക, യൂത്ത് കോൺഗ്രസ് കോഴികളുണ്ട്' തുടങ്ങിയ വാചകങ്ങളെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.
ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ കൂടിയാണ് വിജിൽ മോഹനൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് വിജിൽ ആവശ്യപ്പെട്ടിരുന്നു. നേർക്കുനേർ ഏറ്റുമുട്ടാൻ ശേഷിയില്ലാത്ത ഡിവൈഎഫ്ഐക്കാരാണു പോസ്റ്ററിന് പിന്നിലെന്ന് വിജിൽ പറഞ്ഞു.
സിപിഎമ്മിന്റെ കുത്തക വാർഡിൽ ജയിച്ചത് മുതൽ ഡിവൈഎഫ്ഐ പ്രവർത്തകർ തനിക്കെതിരെ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നിയമസഭയിലേക്ക് അനുഗമിച്ചതിൽ വിമർശനം നേരിടുന്ന യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ നേമം ഷജീറിനെ പിന്തുണച്ച് വിജിൽ മോഹനൻ രംഗത്തെത്തിയിരുന്നു.